തിരുവനന്തപുരം: സ്വന്തം ഭരണത്തിന്‍ കീഴില്‍ പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തര തര്‍ക്കങ്ങള്‍ രൂക്ഷമാക്കി മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി മഹിളാ കോണ്‍ഗ്രസ്. മുഖ്യമന്ത്രി അഹങ്കാരം ഉപേക്ഷിക്കണമെന്നും പാര്‍ട്ടിക്ക് വിധേയനായി പ്രവര്‍ത്തിക്കണമെന്നും ആവശ്യപ്പെട്ട് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി യോഗത്തില്‍ ഐക്യകണ്‌ഠേന പ്രമേയം പാസാക്കിയെന്ന് റിപ്പോര്‍ട്ട്. ാര്‍ട്ടി പ്രവര്‍ത്തകരോടും പോഷക സംഘടനകളോടുമുള്ള മുഖ്യമന്ത്രിയുടെ നിലപാടിലും മനോഭാവത്തിലും മാറ്റം വരുത്തണമെന്നും പ്രമേയത്തില്‍ കര്‍ശനമായി ആവശ്യപ്പെടുന്നുണ്ട്.
കെ.പി.സി.സി. ആസ്ഥാനത്ത് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് മുഖ്യമന്ത്രിക്കെതിരെ കടുത്ത അമര്‍ഷം ഉയര്‍ന്നത്. പ്രമേയത്തിന്റെ പകര്‍പ്പ് കെ.പി.സി.സി. അധ്യക്ഷനും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനും അയച്ചുനല്‍കാനാണ് യോഗത്തിന്റെ തീരുമാനം. മഹിളാ കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ഗായത്രിയോട് മുഖ്യമന്ത്രി അപമര്യാദയായി പെരുമാറിയതാണ് പ്രക്ഷോഭത്തിലേക്ക് വഴിതുറന്നത്. സംഘടനയുമായി ബന്ധപ്പെട്ട ഒരു ആവശ്യത്തിനായി മുഖ്യമന്ത്രിയെ കാണാനെത്തിയ ഗായത്രിയെ അദ്ദേഹം പരസ്യമായി അപമാനിച്ചെന്നാണ് ഉയര്‍ന്നിരിക്കുന്ന പ്രധാന പരാതി. റിപ്പോര്‍ട്ടര്‍ ടിവിയാണ് ഈ വാര്‍ത്ത പുറത്തു വിട്ടത്.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കടുത്ത സമരങ്ങള്‍ നയിച്ച്, യു.ഡി.എഫ്. സര്‍ക്കാറിനെ അധികാരത്തിലേറ്റാന്‍ ആത്മാര്‍ത്ഥമായി അധ്വാനിച്ച സംഘടനാ പ്രവര്‍ത്തകരോട് ഇത്തരമൊരു സമീപനം സ്വീകരിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് മഹിളാ കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി. സര്‍ക്കാരിന്റെ നയങ്ങള്‍ക്കും മുഖ്യമന്ത്രിയുടെ നിലപാടുകള്‍ക്കുമെതിരെ കോണ്‍ഗ്രസിന്റെ പോഷക സംഘടനകള്‍ പരസ്യമായി രംഗത്തെത്തുന്നത് ഇതാദ്യമല്ല. മുന്‍പ് ഗവണ്‍മെന്റ് പ്ലീഡര്‍ തസ്തികകളില്‍ ആര്‍.എസ്.എസ്. – എസ്.എഫ്.ഐ. പശ്ചാത്തലമുള്ളവരെ നിയമിച്ചതിനെതിരെ ലോയേഴ്‌സ് കോണ്‍ഗ്രസും കെ.എസ്.യു.വും പരസ്യമായി പ്രതിഷേധിച്ചിരുന്നു.
കൂടിക്കാഴ്ചയ്ക്ക് അനുമതി ചോദിച്ച കെ.എസ്.യു. സംസ്ഥാന അധ്യക്ഷന് അനുമതി നിഷേധിച്ചതും സതീശനെതിരെ വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഈ വിവാദങ്ങള്‍ പൂര്‍ണമായി അടങ്ങുന്നതിന് മുന്‍പാണ് ഇപ്പോള്‍ മഹിളാ കോണ്‍ഗ്രസും ഔദ്യോഗികമായി പ്രമേയം പാസാക്കി മുഖ്യമന്ത്രിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.


