ചെന്നൈ: തൂത്തുക്കുടിയില്‍ മദ്യപിച്ച് വാഹനമോടിച്ചത് ചോദ്യം ചെയ്ത എസ്ഐയെ ലോറി ഇടിച്ച് കൊലപ്പെടുത്തി. കെര്‍ക്കെ ജങ്ഷനില്‍ തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. തൂത്തുക്കുടി സ്റ്റേഷനിലെ എസ്ഐ ബാലുവാണ് കൊല്ലപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന കോണ്‍സ്റ്റബിള്‍ പൊന്‍സുബ്ബയ്യയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവശേഷം പ്രതിയായ തൂത്തുക്കുടി സ്വദേശിയും ലോറി ഡ്രൈവറുമായ മുരുകവയല്‍ ഒളിവിലാണ്. തട്ടുകടയില്‍ ഭക്ഷണം കഴിച്ച് മടങ്ങുന്നതിനിടെ പ്രതിയും കടയുടമയുമായി തര്‍ക്കമുണ്ടായിരുന്നു. ഇരുവരും തമില്‍ അടിപിടിയിലേക്ക് എത്തിയതോടെ എസ്ഐ അനുനയത്തിന് ശ്രമിച്ചു. അമിതമായി മദ്യപിച്ചിരുന്ന മുരുകവയലിനെ സ്റ്റേഷനിലേക്ക് കൊണ്ടുവന്ന് മാപ്പ് എഴുതി വാങ്ങിച്ച് വിട്ടയച്ചു.
കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെയാണ് ഈ വാക്കുതര്‍ക്കമുണ്ടായത്. പിന്നീട് രാത്രി പട്രോളിങ്ങിനിടെ ലോറിയുമായി മുരുകവല്‍ വീണ്ടും പോലീസിന് മുന്നില്‍പ്പെട്ടു. മദ്യപിച്ച് വാഹനമോടിച്ചതിന് ആള്‍ക്കൂട്ടത്തിനിടയില്‍ വച്ച് മുരുകവയലിനെ എസ്ഐ ശാസിക്കുകയും ചെയ്തു.
തുടര്‍ന്ന് ബൈക്കിലെത്തിയ എസ്ഐയും കോണ്‍സ്റ്റബിളും മടങ്ങിയതിന് പിന്നാലെ മറ്റൊരു ലോറിയില്‍ മുരുകവയല്‍ എസ്ഐയെ പിന്തുടര്‍ന്നു. ഒറ്റപ്പെട്ട പ്രദേശത്ത് വച്ച് ബൈക്ക് ഇടിച്ച് തെറിപ്പിച്ച് എസ്ഐയുടെ ശരീരത്തിലൂടെ ലോറി കയറ്റിയിറക്കുകയായിരുന്നു. സംഭവത്തിനു ശേഷം ഒളിവില്‍ പോയ പ്രതിക്കായി തൂത്തുക്കുടി ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ വ്യാപക തിരച്ചില്‍ നടത്തിവരികയാണ്.