ആലപ്പുഴയില്‍ ആര്‍.എസ്.എസ് പരിപാടിയില്‍ ഉദ്ഘാടകനായി കോണ്‍ഗ്രസ് നേതാവ്

ആലപ്പുഴ: ആലപ്പുഴയില്‍ ആര്‍.എസ്.എസിന്റെ പരിപാടി കോണ്‍ഗ്രസ് നേതാവ് ഉദ്ഘാടനം ചെയ്തു. അയോധ്യാ ക്ഷേത്ര നിര്‍മാണ ഫണ്ട് പിരിവാണ് ആലപ്പുഴ ഡിസിസി ഉപാധ്യക്ഷന്‍ രഘുനാഥ പിള്ള ഉദ്ഘാടനം ചെയ്തത്. നവമാധ്യമങ്ങളില്‍ രഘുനാഥ പിള്ളയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്ത് വന്നിട്ടുണ്ട്. ക്ഷേത്ര ഭാരവാഹിയെന്ന നിലയിലാണ് ചടങ്ങ് ഉദ്ഘാടനം ചെയ്തതെന്നാണ് രഘുനാഥ പിള്ളയുടെ വിശദീകരണം.

ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവമുണ്ടായത്. അയോധ്യ ക്ഷേത്ര നിര്‍മാണത്തിന്റെ ഫണ്ട് പിരിവിന്റെ ഉദ്ഘാടനമാണ് ആലപ്പുഴ ഡിസിസി വൈസ് പ്രസിഡന്റ് നടത്തിയത്. ചേര്‍ത്തല കടവില്‍ ക്ഷേത്രത്തില്‍ നിന്നുള്ള ചിത്രമാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. മേല്‍ശാന്തിയുടെ കൈയില്‍ നിന്ന് പണം വാങ്ങി രസീത് നല്‍കുന്ന ചിത്രമാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്.

തദ്ദേശ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസിനുള്ളില്‍ രഘുനാഥ പിള്ളയ്ക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. വിവാദം ഗ്രൂപ്പ് പോരിന്റെ ഭാഗമാണെന്നായിരുന്നു രഘുനാഥ പിള്ളയുടെ പ്രതികരണം. താന്‍ ഒരു വിശ്വാസിയാണെന്നും അതിന്റെ ഭാഗമായി മാത്രമാണ് ചടങ്ങ് ഉദ്ഘാടനം ചെയ്തതെന്നും രഘുനാഥ പിള്ള പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News