സംസ്ഥാനത്ത് സൈ-ഹണ്ടിൽ 263 പേർ പിടിയിൽ, 125 പേർ നിരീക്ഷണത്തിൽ

കൊച്ചി: സൈബർ സാമ്പത്തിക കുറ്റവാളികളെ കുരുക്കാൻ സൈ-ഹണ്ട് എന്ന പേരിൽ സംസ്ഥാന വ്യാപകമായി നടത്തിയ പോലീസ് തിരച്ചിലിൽ 263 പേരെ അറസ്റ്റ് ചെയ്തു. 382 കേസുകളെടുത്തു. 125 പേർ നിരീക്ഷണത്തിലുണ്ടെന്നും എഡിജിപി എസ്. ശ്രീജിത്ത് പത്രസമ്മേളനത്തിൽ പറഞ്ഞു. 

വ്യാഴാഴ്ച പുലർച്ചെ ആറുമുതൽ കേരളത്തിലെ എല്ലാ പോലീസ് സ്റ്റേഷൻ പരിധിയിലും വ്യാപകമായ റെയ്‌ഡാണ് നടന്നത്. കേരള പോലീസ് സൈബർ ഓപ്പറേഷൻസിന്റെ റെയ്‌ഞ്ച് ഡിഐജിമാരുടെയും ജില്ലാ പോലീസ് മേധാവിയുടെയും മേൽനോട്ടത്തിലായിരുന്നു ഇത്. രാജ്യവ്യാപകമായി സൈബർ സംഘടിത സാമ്പത്തിക കുറ്റകൃത്യങ്ങളിൽ പങ്കാളികളായി തട്ടിപ്പ് നടത്തിയെടുത്ത പണം, ചെക്കുകൾ ഉപയോഗിച്ചും എടിഎം വഴിയും പിൻവലിച്ച് അനധികൃതമായി സാമ്പത്തിക നേട്ടം ഉണ്ടാക്കിയവരെയും അക്കൗണ്ടുകൾ വാടകയ്ക്ക് നൽകി കമ്മിഷൻ കൈപ്പറ്റിയവരെയുമാണ് അറസ്റ്റ് ചെയ്തത്.

സംശയാസ്പദമായി ചെക്കുകൾ ഉപയോഗിച്ച് പണം പിൻവലിച്ച 2683 പേരുടെയും എടിഎം വഴി പിൻവലിച്ച 361 പേരുടെയും അക്കൗണ്ടുകൾ വാടകയ്ക്ക് നൽകിയ 665 പേരുടെയും വിവരങ്ങൾ നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിൽനിന്നു ലഭിച്ചതാണ് അന്വേഷണത്തിലേക്ക് വഴിതെളിച്ചത്. വിശദമായ തെളിവുകൾ ശേഖരിച്ച ശേഷമാണ് പ്രതികളെ പോലീസ് കുരുക്കിയത്.

പലതരത്തിലുള്ള കേസുകളിലാണ് പിടിവീണത്. ട്രേഡിങ് തട്ടിപ്പ്, സാമൂഹികമാധ്യമങ്ങളിൽ അടക്കം പരസ്യം നൽകിയുള്ള തട്ടിപ്പ്, ലോൺ തട്ടിപ്പ്, നിക്ഷേപ തട്ടിപ്പ്, ഓൺലൈൻ ജോലി വാഗ്ദാനം ചെയ്തുള്ള തട്ടിപ്പ് തുടങ്ങിയവയിൽ ഏർപ്പെട്ടിരുന്നവരാണ് ഏറെയും പിടിയിലായത്. വരും ദിവസങ്ങളിലും പരിശോധന തുടരും.

ആലുവ: ഓപ്പറേഷൻ സൈ-ഹണ്ടിൽ എറണാകുളം റൂറൽ ജില്ലയിൽ 43 പേരെ അറസ്റ്റ് ചെയ്തു. മൊത്തം 102 ഇടങ്ങളിലായിരുന്നു പരിശോധന. മൂവാറ്റുപുഴയിൽ 36 ഇടങ്ങളിൽ നടന്ന പരിശോധനയിൽ ഏഴുപേർ പിടിയിലായി. സംസ്ഥാനത്ത് വർധിച്ചുവരുന്ന സൈബർ തട്ടിപ്പുകൾ തടയുക എന്ന ഉദ്ദേശ്യത്തോടുകൂടിയാണ് പരിശോധന നടത്തിയത്. റൂറൽ ജില്ലാ പോലീസ് മേധാവി എം. ഹേമലതയുടെ നേതൃത്വത്തിൽ അഞ്ച് സബ് ഡിവിഷനുകളിലായി മുഴുവൻ പോലീസ് ഉദ്യോഗസ്ഥരും റെയ്ഡിൽ പങ്കാളികളായി.

കോതമംഗലം: സൈബർ തട്ടിപ്പ് തടയാൻ ഓപ്പറേഷൻ സൈ-ഹണ്ടിന്റെ ഭാഗമായി കോതമംഗലത്ത് 21 ഇടങ്ങളിലായി പോലീസ് നടത്തിയ റെയ്ഡിൽ 8 പേരെ അറസ്റ്റ് ചെയ്തു. വാരപ്പെട്ടി ഇഞ്ചൂർ വട്ടക്കുടിയിൽ മുഹമ്മദ് യാസിൻ (22), നെല്ലിക്കുഴി സദാം നഗർ പനയ്ക്കൽ വീട്ടിൽ മാഹിൻ മുഹമ്മദ് (19), നെല്ലിക്കുഴി എട്ടിക്കൽ വീട്ടിൽ ഷാമോൻ (32), കുത്തുകുഴി വലിയപാറ അത്തിപ്പിള്ളിൽ അശ്വിൻ സന്തോഷ് (20), തങ്കളം നെടുമ്പിള്ളിക്കുടി ആബി ഷിജു (19), തങ്കളം കേളത്തിൽ ഫയാസ് മുഹമ്മദ് (22), ചെറുവട്ടൂർ 314 പാലിയേക്കൽ വീട്ടിൽ മാഹിൻ അലിയാർ (23), ഇരുമലപ്പടി മുളബേൽ തമീം അലി (19) എന്നിവരാണ് അറസ്റ്റിലായത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News