തിരുവനന്തപുരം: അതിതീവ്രമേഖലായ തിരുവനന്തപുരം പൂന്തുറയില്‍ ജൂനിയര്‍ എസ്‌ഐക്ക് കോവിഡ് സ്ഥിരീകരിച്ചു. സാമ്പിള്‍ എടുത്ത ശേഷം പൊലീസുകാരനെ നിരീക്ഷണത്തില്‍ പോകാന്‍ അനുവദിക്കാതെ വീണ്ടും ഡ്യൂട്ടിയില്‍ തുടരാന്‍ ആവശ്യപ്പെട്ടുവെന്ന് ആക്ഷേപമുയരുന്നു. ജൂനിയര്‍ എസ് ഐക്ക് രോഗം സ്ഥിരീകരിച്ചതോടെ ഒപ്പമുണ്ടായിരുന്ന പൊലീസുകാരോട് നിരീക്ഷണത്തില്‍ പോകാന്‍ ആവശ്യപ്പെട്ടു.
നേരത്തെ തന്നെ തിരുവനന്തപുരത്ത് ജോലി ഭാരം കൂടുന്ന സാഹചര്യത്തില്‍ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളവരെ പോലും നിര്‍ബന്ധിച്ച് ഡ്യൂട്ടിക്ക് കയറ്റുന്നുവെന്ന് പരാതി ഉയര്‍ന്നിരുന്നു. എആര്‍ ക്യാമ്പില്‍ ജോലി ചെയ്യുന്ന പൊലീസുകാരന് രോഗബാധ സ്ഥിരീകരിച്ചപ്പോള്‍ ഇയാള്‍ക്കൊപ്പമുണ്ടായിരുന്നവരെ നിരീക്ഷണത്തില്‍ പോകാന്‍ അനുവദിച്ചില്ലെന്നായിരുന്നു ഉയര്‍ന്ന പരാതി.
അതേസമയം ഇന്ന് പൂന്തുറയില്‍ ആദ്യ കോവിഡ് മരണം സ്ഥിരീകരിച്ചു. 63 വയസായ മാണിക്യവിളാകം സ്വദേശി സെയ്ഫുദ്ദീനാണ് മരിച്ചത്. പ്രമേഹ, വൃക്കരോഗബാധിതനായ ഇയാള്‍ വെള്ളിയാഴ്ച രാവിലെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ചായിരുന്നു മരണം. പൂന്തുറയില്‍ രോഗം സ്ഥിരീകരിച്ച മെഡിക്കല്‍ റെപ്രസന്റീവിന്റെ അച്ഛനാണ് സെയ്ഫുദീന്‍. ഇയാളുടെ മറ്റൊരു മകനും നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. ഇതോടെ സംസ്ഥാനത്തെ കോവിഡ് മരണങ്ങലുടെ എണ്ണം 28 ആയി.