കണ്ണൂർ: അരിയിൽ ഷുക്കൂർ വധക്കേസിൽ പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരേ ഗുരുതര ആരോപണവുമായി മുൻ സി.എം.പി. നേതാവ് അഡ്വ. ടി.പി ഹരീന്ദ്രൻ. കൊലയ്ക്കുപിന്നിലെ ഗൂഢാലോചനക്കുറ്റത്തിൽനിന്ന് പി. ജയരാജനെ രക്ഷിക്കാൻ കുഞ്ഞാലിക്കുട്ടി ശ്രമിച്ചെന്നാണ് ഹരിന്ദ്രൻ ഫെയ്‌സ്ബുക്കിൽ കുറിച്ചത്.
അന്വേഷണ ഉദ്യോഗസ്ഥനാണ് ഇക്കാര്യം പറഞ്ഞതെന്ന് പോലീസിന് അന്ന് നിയമോപദേശം നൽകിയ അഡ്വ. ടി.പി. ഹരീന്ദ്രൻ വെളിപ്പെടുത്തി.
“കൊലപാതകം നടക്കുമെന്നറിഞ്ഞിട്ടും പോലീസിനെ അറിയിച്ചില്ല എന്ന കുറ്റമാണ് പി. ജയരാജനെതിരേ ചുമത്തിയിട്ടുള്ളത്. അരിയിൽ കേസിൽ ഞാനായിരുന്നു കൊലപാതകത്തിൽ ജയരാജന്റെ പങ്കിനെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടത്. പക്ഷേ, അന്നത്തെദിവസം രാത്രി 12 മണിവരെ കുഞ്ഞാലിക്കുട്ടിക്ക് ഒരു പ്രശ്നവും ഉണ്ടായില്ല. പക്ഷേ, പിന്നീട് കണ്ണൂർ എസ്.പിയെ വിളിച്ച് 302 ഐ.പി.സി. വെക്കേണ്ടെന്ന് നിർദേശിച്ചു” -ടി.പി. ഹരീന്ദ്രൻ പറയുന്നു.
അതേസമയം, മുസ്‌ലിംലീഗ് ദേശീയ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരേ ടി.പി. ഹരീന്ദ്രന്റെ ആരോപണം നട്ടാൽമുളയ്ക്കാത്ത നുണയാണെന്ന് മുസ്‌ലിംലിഗ് കണ്ണൂർ ജില്ലാസെക്രട്ടറി അബ്ദുൾകരീം ചേലേരി പറഞ്ഞു. 2012 ഫെബ്രുവരി 20-നാണ് ഷുക്കൂറിനെ സി.പി.എമ്മുകാർ വധിക്കുന്നത്. അന്നുമുതൽ ഇന്നുവരെ പ്രതികൾക്ക് ശിക്ഷ വാങ്ങിക്കൊടുക്കാനുള്ള നിയമപോരാട്ടത്തിലായിരുന്നു ലീഗ്. സുപ്രീംകോടതിവരെയുള്ള കേസിന്റെ സാമ്പത്തികച്ചെലവ് വഹിച്ചത് കുഞ്ഞാലിക്കുട്ടിയും മുസ്‌ലിംലീഗുമാണ് -അബ്ദുൽ കരീം ചേലേരി പറഞ്ഞു.