ചെന്നൈ:കമൽ ഹാസന്റെ മകളാണെങ്കിലും താരപുത്രിയുടേതായ പ്രിവിലേജുകൾ ഉപയോഗപ്പെടുത്താതെ കരിയറിൽ സ്ഥാനം കണ്ടെത്തിയ നടിയാണ് ശ്രുതി ഹാസൻ. സൂപ്പർസ്റ്റാർ സിനിമകളിൽ നായികയായി വേഷമിട്ട ശ്രുതിക്ക് കരിയറിൽ ഉയർച്ചകൾക്കൊപ്പം താഴ്ചകളും വന്നിട്ടുണ്ട്. ഒരു ഘട്ടത്തിൽ ശ്രുതി സിനിമാ രംഗത്ത് സജീവമല്ലാതെയുമായി. എന്നാലിന്ന് ശ്രുതിയുടെ സിനിമകൾ തുടരെ വരുന്നുണ്ട്. എടുത്ത് പറത്തക്ക ഹിറ്റുകളൊന്നും നടിക്ക് അടുത്ത കാലത്ത് ഇല്ല. അതേസമയം റിലീസ് ചെയ്യാനിരിക്കുന്ന സലാർ എന്ന ചിത്രത്തിൽ ശ്രുതിക്കും ആരാധകർക്കും വലിയ പ്രതീക്ഷയുണ്ട്.
കരിയറിലെ തുടക്കകാലത്തുള്ള ജീവിത രീതിയോ കാഴ്ചപ്പാടോ അല്ല ഇന്ന് ശ്രുതി ഹാസന്. വ്യക്തിയെന്ന നിലയിൽ നടിക്ക് ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ട്. ഇപ്പോഴിതാ താൻ മദ്യം കഴിക്കുന്നത് നിർത്തിയതിനെക്കുറിച്ച് സംസാരിക്കുകയാണ് ശ്രുതി ഹാസൻ. എട്ട് വർഷമായി താൻ മദ്യപിക്കാറില്ലെന്ന് ശ്രുതി തുറന്ന് പറഞ്ഞു. ഒരു അഭിമുഖത്തിലാണ് താരത്തിന്റെ തുറന്ന് പറച്ചിൽ. പാർട്ടികളിൽ പങ്കെടുക്കുന്ന ആളാണോ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു നടി. മുമ്പ് പാർട്ടികൾ ഇഷ്ടമായിരുന്നു. പക്ഷെ കഴിഞ്ഞ എട്ട് വർഷമായി മദ്യപിക്കാറില്ല.
മദ്യപിക്കാതെ പാർട്ടികളിൽ ആളുകളെ സഹിക്കുന്നത് ബുദ്ധിമുട്ടാണെന്ന് നടി പറയുന്നു. മദ്യപികാത്തത് കൊണ്ടുള്ള ഗുണങ്ങളെക്കുറിച്ചും ശ്രുതി ഹാസൻ സംസാരിച്ചു. മദ്യം ഒഴിവാക്കിയതോടെ പശ്ചാത്താപമോ ഹാങ് ഓവറോ ഇല്ലെന്ന് നടി ചൂണ്ടിക്കാട്ടി. അതേസമയം മദ്യപിക്കുന്നവരെ ജഡ്ജ് ചെയ്യുകയല്ലെന്നും ശ്രുതി ഹാസൻ വ്യക്തമാക്കി.
ഒരിക്കലും മയക്ക് മരുന്ന് ഉപയോഗിച്ചിട്ടില്ല. പക്ഷെ മദ്യം എന്റെ ജീവിതത്തിലെ വലിയൊരു ഘടകമായിരുന്നു. ഒരു ഘട്ടത്തിന് ശേഷം മദ്യപാനം തനിക്ക് നല്ലതൊന്നും ചെയ്യുന്നില്ലെന്ന് മനസിലാക്കി. ഞാൻ എപ്പോഴും ഹാങ് ഓവറിലായിരുന്നു. എപ്പോഴും സുഹൃത്തുക്കൾക്കൊപ്പം മദ്യപിക്കാൻ ആഗ്രഹിച്ചു. സിഗരറ്റ് വലി ഏറ്റവും മോശമാണെന്നും നടി ചൂണ്ടിക്കാട്ടി. മദ്യം ഒഴിവാക്കിയത് എങ്ങനെയെന്നും നടി തുറന്ന് പറഞ്ഞു.
തന്റെ തുടരെ പാർട്ടികൾക്ക് നിർദ്ദേശിച്ച് തന്റെ മദ്യപാന ശീലം വഷളാക്കിയവരിൽ നിന്നും അകലം പാലിച്ചെന്നാണ് നടി വ്യക്തമാക്കിയത്. അടുത്തിടെ നൽകിയ മറ്റൊരു അഭിമുഖത്തിലും തനിക്ക് വന്ന മാറ്റത്തെക്കുറിച്ച് ശ്രുതി ഹാസൻ സംസാരിച്ചിട്ടുണ്ട്. 2016 ൽ താൻ മാനസികമായി തകർന്ന ഘട്ടത്തിലായിരുന്നു. പുറമെ നിന്ന് നോക്കുമ്പോൾ സിനിമകൾ വിജയിക്കുന്നുണ്ട്, ആളുകൾ ഇഷ്ടപ്പെടുന്നുണ്ട്. പക്ഷെ ഉള്ളിൽ ദുഖിതയായിരുന്നു. എല്ലാ ദിവസവും സന്തോഷത്തിൽ അല്ലെങ്കിൽ എന്താണ് ജീവിതത്തിന്റെ അർത്ഥമെന്ന് തോന്നി.
ഇതിനൊരു ഫുൾ സ്റ്റോപ്പിടാൻ തീരുമാനിച്ചു. ടോക്സിക്കായ അന്തരീക്ഷമാെരുക്കിയ തന്റെ ടീമിനെ മാറ്റിയെന്നും ശ്രുതി ഹാസൻ തുറന്ന് പറഞ്ഞു. ഡൂഡിൽ ആർട്ടിസ്റ്റായ ശന്തനു ഹസാരികയാണ് ശ്രുതി ഹാസന്റെ പങ്കാളി. ശന്തനുവിനൊപ്പമുള്ള ഫോട്ടോകൾ ശ്രുതി ഇടയ്ക്ക് സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്.
കമൽ ഹാസന്റെ ഹെയ് റാം എന്ന സിനിമയിൽ ബാലതാരമായി അഭിനയിച്ചാണ് ശ്രുതി അഭിനയ രംഗത്തേക്ക് കടന്ന് വരുന്നത്. നായികയായി ലക്ക് എന്ന ഹിന്ദി സിനിമയിലാണ് ശ്രുതി തുടക്കം കുറിക്കുന്നത്. എന്നാൽ പിന്നീട് തെന്നിന്ത്യൻ സിനിമകളിലേക്ക് ശ്രുതി ശ്രദ്ധ തിരിച്ചു. അഭിനയത്തിനൊപ്പം ഗാന രംഗത്തും ശ്രുതി ഹാസന് തിളങ്ങാൻ സാധിച്ചു.