മക്കളെ തട്ടിക്കൊണ്ടുപോകാന്‍ സുധാകരന്‍ പദ്ധതിയിട്ടെന്ന് പിണറായി വിജയനോട് പറഞ്ഞത് കോണ്‍ഗ്രസ് നേതാവും എറണാകുളത്തെ അബ്കാരിയുമായിരുന്ന കെടി ജോസഫ്; വെളിപ്പെടുത്തല്‍

കണ്ണൂര്‍: മക്കളെ തട്ടിക്കൊണ്ടുപോകാന്‍ സുധാകരന്‍ പദ്ധതിയിട്ടെന്ന് പിണറായി വിജയനോട് പറഞ്ഞത് കോണ്‍ഗ്രസ് നേതാവും എറണാകുളത്തെ അബ്കാരിയുമായിരുന്ന കെ.ടി ജോസഫ് ആണെന്ന് റിപ്പോര്‍ട്ട്. സഹപാഠിയും സിഎംപി നേതാവുമായ ചൂരായി ചന്ദ്രന്‍ ആണ് ഇക്കാര്യത്തില്‍ വെളിപ്പെടുത്തല്‍ നടത്തിയത്.

പിണറായിയും സുധാകരനും പഠിച്ചകാലത്ത് ബ്രണ്ണനില്‍ ഉണ്ടായിരുന്നയാളാണ് ചന്ദ്രന്‍. മമ്പറം ദിവാകരനുമായി ഏറ്റവും അടുപ്പമുണ്ടായിരുന്ന ജോസഫിന് സുധാകരനായിട്ടും പിണറായി വിജയനുമായിട്ടും ബന്ധമുണ്ടായിരുന്നു. ഇവരെ പില്‍കാലത്ത് തെരഞ്ഞെടുപ്പുകളില്‍ സാമ്പത്തികമായി സഹായിച്ച ജോസഫ് ബ്രണ്ണനില്‍ തന്നെയാണ് പഠിച്ചതെന്നും ചൂരായി ചന്ദ്രന്‍ പറഞ്ഞു.

വിദ്യാര്‍ഥി രാഷ്ട്രീയനാളുകള്‍ക്ക് ശേഷവും കണ്ണൂരിലെ സജീവ രാഷ്ട്രീയ കാലത്ത് തന്റെ മക്കളെ തട്ടിക്കൊണ്ട് പോകാന്‍ വരെ സുധാകരന്‍ പദ്ധതിയിട്ടെന്നായിരുന്നു വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി വെളിപ്പെടുത്തിയത്. എന്നാല്‍ മുഖ്യമന്ത്രിയുടെ ആരോപണം നിഷേധിച്ച സുധാകരന്‍ എന്തുകൊണ്ട് മുഖ്യമന്ത്രി അന്ന് പരാതി നല്‍കിയില്ലെന്ന് ചോദിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News