യാഷിന്റെ ജന്മദിനത്തിൽ ബാനർ കെട്ടുന്നതിനിടയിൽ ഷോക്കേറ്റു; മൂന്ന് ആരാധകർ മരിച്ചു

ബെംഗളൂരു: കെജിഎഫ് താരം യാഷിന്റെ ജന്മദിനത്തിന് ബാനര്‍ കെട്ടാന്‍ കയറിയ മൂന്ന് ആരാധകര്‍ ഷോക്കേറ്റു മരിച്ചു. ഞായറാഴ്ച രാത്രി കര്‍ണാടകയിലെ ഗദഗ് ജില്ലയിലെ സുരനാഗി ഗ്രാമത്തിലാണ് അപകടമുണ്ടായത്. ഹനുമന്ത് ഹരിജൻ (21), മുരളി നടുവിനാമണി (20), നവീൻ (19) എന്നിവരാണ് മരിച്ചത്. സംഭവത്തിൽ രണ്ടുപേർ പരിക്കേറ്റ് ലക്ഷ്മേശ്വർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.

യാഷിന്റെ ജന്മദിനത്തോട് അനുബന്ധിച്ച് ഞായറാഴ്ച രാത്രി ഒരു മണിയോടെ ആരാധകർ ഗ്രാമത്തിൽ യാഷിന്റെ ബാനറുകളും കട്ടൗട്ടുകളും സ്ഥാപിക്കുകയായിരുന്നു. ബാനർ ചരടിൽ കെട്ടി മുകളിലേക്ക് ഉയർത്തുന്നതിനിടയിൽ വൈദ്യുത കമ്പിയിൽ തട്ടുകയും തുടർന്ന് മൂന്ന് ആരാധകര്‍ക്ക് വൈദ്യുതാഘാതമേൽക്കുകയും ചെയ്തു. ഇവരെ രക്ഷിക്കാൻ ശ്രമിച്ചപ്പോഴാണ് മറ്റ് രണ്ടുപേർക്കും പരിക്കേറ്റത്.

ഇവരെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മൂന്നുപേരുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. സംഭവത്തിൽ ലക്ഷ്മേശ്വർ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ഗദഗ് എസ്പി ബാബാസാഹെബ് നേമഗൗഡ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News