ഷൂട്ടിങ്ങിനിടയിലെ വീഡിയോ പങ്കുവെച്ച് ശോഭിത; പരസ്യമാക്കാൻ പാടില്ലായിരുന്നുവെന്ന് ഐശ്വര്യ
കൊച്ചി:അടുത്ത കൂട്ടുകാരുടെ പിറന്നാളിന് അവരുടെ രസകരമായ ഭാവത്തിലുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നവരാണ് മിക്കവരും. പിറന്നാള്‍ ദിനത്തില്‍ തന്നെ കൂട്ടുകാരന് ഒരു പണി കിടക്കട്ടെ എന്ന് വിചാരിച്ചാണ് നമ്മള്‍ ഇത്തരത്തില്‍ ചിത്രങ്ങള്‍ പങ്കുവെയ്ക്കാറുള്ളത്. ഇതിന് കൂട്ടുകാരന്റെ ചീത്തവിളിയും നമ്മള്‍ കേള്‍ക്കും.
ഇക്കാര്യത്തില്‍ സെലിബ്രിറ്റികളുടെ കാര്യവും വ്യത്യസ്തമല്ല. വിരാട് കോലിയുടെ പിറന്നാള്‍ ദിനത്തില്‍ ഇത്തരത്തിലുള്ള ചിത്രങ്ങളാണ് അനുഷ്‌ക ശര്‍മ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നത്. അതുപോലെ ഒരു പണി കിട്ടിയിരിക്കുകയാണ് നടി ഐശ്വര്യ ലക്ഷ്മിക്കും. ഒന്നാന്തരം പണി കൊടുത്തത് പൊന്നിയിന്‍ സെല്‍വനില്‍ ഐശ്വര്യയുടെ സഹതാരമായ ശോഭിത ധൂലിപാലയാണ്.
പിഎസ് വണ്ണിന്റേയും രണ്ടിന്റേയും അവസാന ഷൂട്ടിങ് ദിനത്തില്‍ നിന്നുള്ള ചിത്രമാണ് ശോഭിത ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ഇരുവരും ചിത്രത്തിലെ കഥാപാത്രങ്ങളുടെ വേഷത്തില്‍ നൃത്തം ചെയ്യുന്ന വീഡിയോയും സെല്‍ഫി ചിത്രങ്ങളുമാണ് ശോഭിതയുടെ പോസ്റ്റിലുണ്ടായിരുന്നത്. എല്ലാവര്‍ക്കും നന്ദി അറിയിച്ചാണ് ശോഭിത ചിത്രം പങ്കുവെച്ചത്.
എന്നാല്‍ ഇതിന് താഴെ കമന്റുമായി ഐശ്വര്യ ലക്ഷ്മി എത്തിയതോടെ പോസ്റ്റ് വൈറലായി. ‘ഇത് പരസ്യമാക്കാന്‍ പാടില്ലായിരുന്നു’ എന്നായിരുന്നു ഐശ്വര്യയുടെ കമന്റ്, ‘ഇനി പറഞ്ഞിട്ടു കാര്യമില്ല, സ്‌ക്രീന്‍ ഷോട്ട് എടുത്തിട്ടുണ്ട്’ എന്നെല്ലാമാണ് ഐശ്വര്യയുടെ കമന്റിന് താഴെ ആരാധകരുടെ പ്രതികരണം.