തിരുവനന്തപുരം: കെ സുരേന്ദ്രന്‍ സംസ്ഥാന അധ്യാക്ഷനായതിന് പിന്നാലെ താനുള്‍പ്പടെയുള്ള നേതാക്കളെ തഴയുന്നുവെന്ന ശോഭ സുരേന്ദ്രന്റെ പരാതിക്ക് ഒടുവില്‍ പരിഹാരമാകുന്നു. ശോഭയുടെ പരാതികള്‍ പരിഹരിക്കാമെന്ന് ബിജെപി കേന്ദ്രനേതൃത്വം ഉറപ്പ് നല്‍കി. നിര്‍മ്മല സീതാരാമനും അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി അരുണ്‍ സിങുമായും ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയുടെ നിര്‍ദ്ദേശ പ്രകാരം ശോഭ സുരേന്ദ്രന്‍ നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് പരിഹാരമാകുന്നത്.
സംസ്ഥാന നേതൃത്വത്തില്‍ തഴയപ്പെട്ടവര്‍ക്ക് അര്‍ഹമായ പരിഗണന കിട്ടുമെന്നാണ് ഉറപ്പ്. ഇതോടെ മാസങ്ങളായി സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന ശോഭ സുരേന്ദ്രന്‍ ഒടുവില്‍ അയഞ്ഞിരിക്കുകയാണ്. പരാതിയുമായി കേന്ദ്രനേതൃത്വത്തെ നിരവധി തവണ സമീപിച്ചിട്ടും പ്രശ്നത്തില്‍ ആര്‍എസ്എസ് ഇടപെട്ടിട്ടും സംസ്ഥാന നേതൃത്വം യാതൊരു പരിഗണനയും നല്‍കാതെ ശോഭ സുരേന്ദ്രനെ അവഗണിക്കുകയായിരുന്നു.
നിലവില്‍ സംസ്ഥാന നേതൃത്വം തയ്യാറാക്കിയ സ്ഥാനാര്‍ത്ഥി സാധ്യതാ പട്ടികയില്‍ ശോഭയുടെ പേരില്ല. ഇതുംകൂടിയായതോടെയാണ് ഒടുവില്‍ ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയുടെ നിര്‍ദേശപ്രകാരം ശോഭ ഡല്‍ഹിയിലെത്തി ചര്‍ച്ചകള്‍ നടത്തിയത്. തഴയപ്പെട്ടവര്‍ക്ക് കേന്ദ്രം ഇടപെട്ടുള്ള പരിഗണന നല്‍കുമെന്നാണ് ഉറപ്പ്. സംസ്ഥാനത്ത് മൂന്ന്, നാല് തീയതികളിലെത്തുന്ന നദ്ദ സംസ്ഥാന ഘടകവുമായി പ്രശ്നം സംസാരിക്കും.
നിര്‍ണ്ണായകമായ തെരഞ്ഞെപ്പില്‍ ശോഭ സുരേന്ദ്രനെ പോലുള്ള നേതാക്കളെ ഒപ്പം നിര്‍ത്തണമെന്നാണ് അഖിലേന്ത്യാ നേതൃത്വത്തിന്റെ നിലപാട്. അതുകൊണ്ടുതന്നെ സ്ഥാനാര്‍ത്ഥി പട്ടികയിലും ഏറെനാളായി മാറി നില്‍ക്കുന്ന പാര്‍ട്ടി യോഗങ്ങളിലും ഇനി ശോഭയുടെ സാന്നിധ്യമുണ്ടാകാന്‍ സാധ്യതയുണ്ട്.