തിരുവനന്തപുരം: സിപിഎം നേതൃത്വവുമായി ആശയവിനിമയം നടത്തിയെന്ന വാര്‍ത്തകള്‍ ബിജെപി കേന്ദ്ര നിര്‍വാഹക സമിതി അംഗവും സംസ്ഥാന ഉപാധ്യക്ഷയുമായ ശോഭ സുരേന്ദ്രന്‍ നിഷേധിച്ചു. കോണ്‍ഗ്രസില്‍ പോകുമെന്നും അഭ്യൂഹമുണ്ടായിരുന്നു. എന്നാൽ ഇതെല്ലാം വസ്തുതാ വിരുദ്ധമാണ്.
താന്‍ ഉന്നയിച്ച പരാതികളില്‍ കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം വരുന്നത് വരെ കാത്തിരിക്കുമെന്ന നിലപാടില്‍ ആണ് ശോഭ സുരേന്ദ്രന്‍. എല്ലാ പരാതികളും കേന്ദ്രനേതൃത്വം പരിഹരിക്കുമെന്നാണു പ്രതീക്ഷയെന്ന് അവര്‍ പറഞ്ഞു. തല്‍ക്കാലം കാത്തിരിക്കാനാണു മുതിര്‍ന്ന നേതാക്കള്‍ ശോഭയ്ക്കു നല്‍കിയ ഉപദേശം. ഇതിനു തുടര്‍ച്ചയായി, ശോഭയുടെ പരാതികള്‍ പാര്‍ട്ടി ചര്‍ച്ച ചെയ്യുമെന്നു സംസ്ഥാന ഉപാധ്യക്ഷന്‍ എ.എന്‍.രാധാകൃഷ്ണന്‍ പറഞ്ഞു.
ശോഭ പരാതി നല്‍കിയിട്ടുണ്ടെങ്കില്‍ മറുപടി പറയേണ്ടത് കേന്ദ്ര നേതൃത്വമാണെന്നു ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ് പ്രതികരിച്ചു. ശോഭയുടെ പരാതികളെക്കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്ന് സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ഒഴിഞ്ഞു മാറി.