തിരുവനന്തപുരം: പി.സി. ജോര്‍ജിനെതിരേ രൂക്ഷവിമര്‍ശവുമായി മന്ത്രി വി. ശിവന്‍കുട്ടി. അറവുശാലയിലെ പോത്തിന്റെ കരച്ചിലാണ് പി.സി. ജോര്‍ജില്‍നിന്നുണ്ടാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു ശിവന്‍കുട്ടിയുടെ പ്രതികരണം.
സഖാവ് പിണറായി വിജയന് ആരെന്ന് ജനത്തിനറിയാം. സി.പി.എം. പോളിറ്റ്ബ്യൂറോ അംഗവും സംസ്ഥാന മുഖ്യമന്ത്രിയുമായ പിണറായി വിജയന് പി.സി. ജോര്‍ജിന്റെ സര്‍ട്ടിഫിക്കറ്റ് വേണ്ട. വര്‍ഗീയവിഷം തുപ്പിയാല്‍ ഇനിയും അകത്തു കിടക്കേണ്ടി വരും. രാജ്യത്തിന്റെ നിയമ സംവിധാനം അതാണ് പറയുന്നതെന്നും ശിവന്‍കുട്ടി കുറിപ്പില്‍ പറയുന്നു.
പി.സി. എന്ന ഇനീഷ്യലിനെ ഏറ്റവും മോശമായി ചിത്രീകരിച്ച പാര്‍ട്ടിക്കൊപ്പമാണ് പി.സി. ജോര്‍ജ് ഇപ്പോഴുള്ളതെന്നും ശിവന്‍കുട്ടി പറഞ്ഞു. വര്‍ഗീയവിഭജനം ഉന്നം വെച്ചുള്ള നീക്കങ്ങളാണ് സംഘപരിവാറില്‍നിന്ന് ഉണ്ടാകുന്നത്. പി.സി. ജോര്‍ജിനെ അതിനുള്ള കരുവാക്കുകയാണ്. രാഷ്ട്രീയജീവിതത്തില്‍ വര്‍ഗീയ സംഘടനകളുമായി പി.സി. ജോര്‍ജ് നിരവധി തവണ ആത്മബന്ധം സ്ഥാപിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അത് തിരിച്ചറിഞ്ഞാണ് കേരള ജനത പി.സി. ജോര്‍ജിനെ തോല്‍പ്പിച്ച് വീട്ടില്‍ ഇരുത്തിയതെന്നും ശിവന്‍കുട്ടി വിമര്‍ശിച്ചു.
പി.സി. ജോര്‍ജിനോ അദ്ദേഹം ഇപ്പോള്‍ പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനങ്ങള്‍ക്കോ കേരളത്തിലെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ കഴിയില്ല. ശക്തമായ ഒരു സര്‍ക്കാര്‍ ഇവിടുണ്ട്. കൗണ്ട് ഡൗണ്‍ തുടങ്ങിയത് ആരുടേതാണെന്ന് കാലം തെളിയിക്കുമെന്നും ശിവന്‍കുട്ടി പറഞ്ഞു.