ന്യൂഡൽഹി: അമേരിക്കയും ഇറാനും തമ്മിൽ സമാധാന കരാറിൽ ധാരണയെത്തുടർന്ന് ഹോർമുസ് കടലിടുക്ക് വഴി ഇന്ത്യയിലേക്കുള്ള ചരക്കുനീക്കം പുനരാരംഭിച്ചു. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ ഇന്ത്യ ലക്ഷ്യമാക്കി നീങ്ങിയ ക്രൂഡ് ഓയിൽ, ഗ്യാസ്, വളം എന്നിവ കയറ്റിയ 11 കപ്പലുകൾ കടലിടുക്ക് കടന്നതായി വിദേശകാര്യ മന്ത്രാലയം ചൊവ്വാഴ്ച അറിയിച്ചു.
ഇതോടൊപ്പം, രണ്ട് ഇന്ത്യൻ കപ്പലുകൾ പേർഷ്യൻ ഗൾഫ് മേഖലയിലേക്ക് പുറപ്പെടുകയും ചെയ്തിട്ടുണ്ട്. ഇത് മേഖലയിലെ നാവിക ഗതാഗതത്തിനുള്ള തടസ്സങ്ങൾ നീങ്ങുന്നതിന്റെ സൂചനയാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ വ്യക്തമാക്കി.
കടലിടുക്ക് കടന്നുവന്ന കപ്പലുകളിൽ മൂന്ന് ഇന്ത്യൻ പതാക ഘടിപ്പിച്ച എണ്ണക്കപ്പലുകളും ഉൾപ്പെടുന്നു. ഇതിൽ ഓരോന്നിലും 28,500 മെട്രിക് ടൺ ക്രൂഡ് ഓയിൽ വീതമാണുള്ളത്. കൂടാതെ ഒരു വിദേശ എണ്ണക്കപ്പൽ, ഒരു എൽപിജി കപ്പൽ, വളം കയറ്റിയ ആറ് വിദേശ ബൾക്ക് കാരിയറുകൾ എന്നിവയും ഇതിൽ ഉൾപ്പെടുന്നു.
ഫെബ്രുവരിയിൽ പശ്ചിമേഷ്യയിൽ സംഘർഷം ആരംഭിച്ചതിനെത്തുടർന്ന് പേർഷ്യൻ ഗൾഫ് മേഖലയിൽ കുടുങ്ങിപ്പോയ പത്ത് ഇന്ത്യൻ കപ്പലുകൾക്കും ഇന്ത്യയിലേക്ക് മടങ്ങാൻ സാധിക്കുമെന്നാണ് കേന്ദ്ര സർക്കാർ പ്രതീക്ഷിക്കുന്നത്. മേഖലയിലെ സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനായി അമേരിക്കയും ഇറാനും തമ്മിൽ 14 ഇന ധാരണാപത്രത്തിൽ ഒപ്പുവെച്ചതോടെയാണ് ചരക്കുനീക്കം സുഗമമായത്.
നിലവിൽ ഇന്ത്യയുടെ എണ്ണ ആവശ്യത്തിന്റെ 90 ശതമാനവും ഇറക്കുമതിയിലൂടെയാണ് കണ്ടെത്തുന്നത്. ജൂൺ മാസത്തെ കണക്കനുസരിച്ച് റഷ്യയാണ് ഇന്ത്യയുടെ ഏറ്റവും വലിയ എണ്ണ വിതരണക്കാർ. സൗദി അറേബ്യ, ഇറാഖ്, യുഎഇ എന്നിവയ്ക്ക് പുറമെ അമേരിക്കയും ഇന്ത്യയുടെ പ്രധാന എണ്ണ വിതരണക്കാരായി മാറിയിട്ടുണ്ട്.
മുമ്പ് ഇന്ത്യയുടെ രണ്ടാമത്തെ വലിയ എണ്ണ വിതരണക്കാരായിരുന്ന ഇറാൻ, അമേരിക്കൻ ഉപരോധത്തെത്തുടർന്നാണ് പിന്നിലായത്. എന്നാൽ, ഇന്ത്യയുമായുള്ള എണ്ണവ്യാപാരം പുനരാരംഭിക്കാൻ ഇറാൻ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. ഇറാനിൽനിന്ന് എണ്ണ ഇറക്കുമതി പുനരാരംഭിക്കുന്നതിനെക്കുറിച്ച് ഇന്ത്യ ഉടൻ തീരുമാനമെടുക്കുമെന്നാണ് സൂചന.


