തിരുവനന്തപുരം: ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരെ താരസംഘടനയായ അമ്മ കടുത്ത നിലപാടിലേക്ക്. വിന്‍ സിയുടെ പരാതിയില്‍ തിങ്കളാഴ്ചക്കുള്ളില്‍ ഷൈന്‍ വിശദീകരണം നല്‍കണമെന്നാണ് ആവശ്യം. തിങ്കളാഴ്ചക്കുള്ളില്‍ വിശദീകരണം നല്‍കിയില്ലെങ്കില്‍ ഷൈനിനെ സംഘടനയില്‍ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് അച്ചടക്ക സമിതി ജനറല്‍ ബോഡിയോട് ശുപാര്‍ശ ചെയ്യും.
അമ്മ നിയോഗിച്ച മൂന്നംഗ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സംഘടനയുടെ തീരുമാനം. ഷൈനിനെ സംഘടനയില്‍ നിന്നും പുറത്താക്കണമെന്ന ആവശ്യം ശക്തമാണ്. വിന്‍ സിയുടെ പരാതിയിന്മേല്‍ നോട്ടിസ് നല്‍കാനാണ് സൂത്രവാക്യം സിനിമ ആഭ്യന്തര പരാതി പരിഹാര സെല്ലിന്റെ തീരുമാനം. വിന്‍ സിയുടെ പരാതിയില്‍ നിരവധി ആളുകളാണ് പിന്തുണയുമായി രംഗത്തെത്തുന്നത്. ഷൈനിനെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് ഫിലിം ചേംബര്‍ അറിയിച്ചിട്ടുണ്ട്.
ഷൈനിനെതിരായ നടപടി ചർച്ച ചെയ്യാൻ തിങ്കളാഴ്ചയാണ് ഫിലിം ചേംബറും യോഗം ചേരുന്നത്. അന്നേ ദിവസത്തിനുള്ളിൽ മറുപടി നൽകാനാണ് ഷൈനിനോട് അമ്മയും ആവശ്യപ്പെട്ടിരിക്കുന്നത്. ഷൈനിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ലഭിച്ചില്ലെന്നാണ് വിവരം.

