കോഴിക്കോട്: ദീപക്കിന്റെ ആത്മഹത്യയിൽ പ്രതിയായ ഷിംജിത മുസ്തഫയെ പോലീസ് കസ്റ്റഡിയിലെടുത്തതും വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോയതുമെല്ലാം അതീവരഹസ്യമായി. ബുധനാഴ്ച ഉച്ചയോടെ തന്നെ ഷിംജിതയെ വടകരയിലെ ബന്ധുവീട്ടിൽനിന്ന് പോലീസ് സംഘം കസ്റ്റഡിയിലെടുത്തിരുന്നതായാണ് വിവരം. മഫ്തിയിൽ, സ്വകാര്യ കാറിലെത്തിയ പോലീസുകാരാണ് പ്രതിയെ പിടികൂടിയതെന്നാണ് വിവരം. തുടർന്ന് ഇതേ കാറിൽതന്നെയാണ് പ്രതിയുമായി പോലീസ് മടങ്ങിയത്. ഇതിനാൽതന്നെ ഈ വിവരങ്ങളൊന്നും പുറംലോകമറിഞ്ഞില്ല.
കസ്റ്റഡിയിലെടുത്ത പ്രതിയുമായി പോലീസ് വൈദ്യപരിശോധനയ്‌ക്കെത്തിയത് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലായിരുന്നു. ഇവിടെവെച്ചാണ് ഷിംജിത പോലീസ് പിടിയിലായെന്ന വിവരം പുറത്തറിഞ്ഞത്. ആശുപത്രിയിൽ വൈദ്യപരിശോധന പൂർത്തിയാക്കി മടങ്ങുന്ന ചില ദൃശ്യങ്ങളും പുറത്തുവന്നു.
ദീപക്കിൻ്റെ ആത്മഹത്യയിൽ കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസാണ് ഷിംജിതയെ പ്രതിയാക്കി കേസെടുത്തിരുന്നത്. അതിനാൽത്തന്നെ മെഡിക്കൽ കോളേജ് പോലീസ് സ്‌റ്റേഷനിലേക്ക് പ്രതിയെ എത്തിക്കുമെന്നാണ് ഏവരും കരുതിയത്. അറസ്റ്റ് വിവരമറിഞ്ഞ് വൻ ജനക്കൂട്ടവും സ്റ്റേഷന് പുറത്ത് തടിച്ചുകൂടിയിരുന്നു. എന്നാൽ, അറസ്റ്റ് രേഖപ്പെടുത്തിയ അന്വേഷണസംഘം, പ്രതിയെ മെഡിക്കൽ കോളേജ് സ്‌റ്റേഷനിലേക്ക് കൊണ്ടുവരാതെ നേരേ കുന്ദമംഗലം കോടതിയിൽ ഹാജരാക്കുകയായിരുന്നു. ബുധനാഴ്ച വൈകീട്ടോടെ കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്കാണ് റിമാൻഡ്‌ചെയ്തത്. തുടർന്ന് ഷിംജിതയെ മഞ്ചേരിയിലെ ജയിലിലേക്ക് കൊണ്ടുപോയി. കേസിൽ ജാമ്യാപേക്ഷയുമായി മുന്നോട്ടുപോകുമെന്ന് ഷിംജിതയുടെ അഭിഭാഷകർ അറിയിച്ചു.
അതേസമയം, കസ്റ്റഡിയിലെടുത്ത പ്രതിയെ പോലീസ് സ്വകാര്യവാഹനത്തിൽ കൊണ്ടുപോയത് സംശയാസ്പദമാണെന്ന് ദീപക്കിന്റെ ബന്ധുക്കളും നാട്ടുകാരും ആരോപിച്ചു. പോലീസിന്റെ രഹസ്യനീക്കങ്ങളിൽ സംശയമുണ്ടെന്നും ഇവർ പ്രതികരിച്ചു.
അപകീർത്തികരമായ വീഡിയോ പ്രചരിച്ചതിനെത്തുടർന്ന് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി യു. ദീപക് ജീവനൊടുക്കിയ സംഭവത്തിലാണ് വീഡിയോ ചിത്രീകരിച്ച ഷിംജിതയെ പോലീസ് അറസ്റ്റ് ചെയ്തത്. ഷിംജിതയ്‌ക്കെതിരേ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
കഴിഞ്ഞദിവസം പോലീസ് കേസെടുത്തതോടെ ഷിംജിത ഒളിവിൽപോയിരുന്നു. ഇവർ സംസ്ഥാനം വിട്ടതായും സൂചനകളുണ്ടായിരുന്നു. ഇതിനിടെ പ്രതി മുൻകൂർ ജാമ്യത്തിനുള്ള ശ്രമങ്ങളും ആരംഭിച്ചു. ഇതിനുപിന്നാലെയാണ്ബുധനാഴ്ച ഉച്ചയോടെ ഷിംജിതയെ പോലീസ് കസ്റ്റഡിയിലെടുത്തത്.
ബസിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് യുവതി സാമൂഹികമാധ്യമത്തിൽ വീഡിയോ പ്രചരിപ്പിച്ചതിനെത്തുടർന്ന് ഞായറാഴ്ചയാണ് ദീപക്ക് ജീവനൊടുക്കിയത്. യുവതിയുടെപേരിൽ നടപടിയാവശ്യപ്പെട്ട് ദീപക്കിന്റെ അമ്മ കന്യക തിങ്കളാഴ്ച രാവിലെ സിറ്റി പോലീസ് കമ്മിഷണർക്ക് പരാതിനൽകിയിരുന്നു. യുവതി വീഡിയോയിലൂടെ തന്റെ മകനെ അപമാനിച്ചെന്ന് പരാതിയിൽ പറയുന്നു. യുവതി മനഃപൂർവം നടത്തിയ ക്രൂരവും അന്യായവുമായ പ്രവൃത്തിയാണ് മകന്റെ മരണത്തിനിടയാക്കിയതെന്നും പരാതിയിൽ ആരോപിച്ചിരുന്നു. തുടർന്നാണ് പോലീസ് കേസെടുത്തത്.


