തിരുവനന്തപുരം: എൻഡിഎയുടെ ഭാഗമായാൽ മാത്രമേ കേരളത്തിന് ആനുകൂല്യങ്ങൾ നൽകൂ എന്ന കേന്ദ്രമന്ത്രി രാംദാസ് അഠാവ്‌ലെയുടെ പ്രസ്താവനയ്ക്കെതിരെ രൂക്ഷവിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടിയും എൻഡിഎയിൽ ചേരണമെന്ന ഇത്തരം പരസ്യ പ്രഖ്യാപനങ്ങൾ ഇന്ത്യ ഉയർത്തിപ്പിടിക്കുന്ന പാർലമെന്ററി ജനാധിപത്യ മൂല്യങ്ങൾക്ക് വിരുദ്ധമാണെന്ന് അദ്ദേഹം ആരോപിച്ചു. ബുധനാഴ്ച മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശക്തമായ സംസ്ഥാനങ്ങളും ശക്തമായ കേന്ദ്രവും എന്ന ഭരണഘടനാപരമായ ഫെഡറൽ സംവിധാനത്തിന് ഘടകവിരുദ്ധമായ നിലപാടാണ് ഒരു കേന്ദ്രമന്ത്രി തന്നെ സ്വീകരിച്ചിരിക്കുന്നത്. കേരളത്തിന് ലഭിക്കേണ്ട തുക ഒരു ‘സഹായം’ എന്നതിലുപരി സംസ്ഥാനത്തിന്റെ ഭരണഘടനാപരമായ ‘അവകാശ’മാണെന്ന് എം.വി. ഗോവിന്ദൻ വ്യക്തമാക്കി.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ രണ്ട് ലക്ഷം കോടിയോളം രൂപയാണ് കേന്ദ്രത്തിൽനിന്ന് കേരളത്തിന് ലഭിക്കാൻ കുടിശിയുള്ളത്. അർഹമായ ഈ തുകയെക്കുറിച്ച് ചോദിക്കുമ്പോൾ എൻഡിഎയുടെ ഭാഗമാകണമെന്ന് മറുപടി പറയുന്നത് ഭരണഘടനാലംഘനമാണ്. ഒരു കേന്ദ്രമന്ത്രിതന്നെ മാധ്യമങ്ങൾക്ക് മുന്നിൽ ഇത്തരം പ്രസ്താവനകൾ പരസ്യമായി നടത്തുന്നത് ഇന്ത്യയുടെ ഫെഡറൽ സംവിധാനത്തിന് നേരെയുള്ള അതിശക്തമായ കടന്നാക്രമണമായി മാത്രമേ കാണാൻ കഴിയൂ എന്ന് അദ്ദേഹം പറഞ്ഞു.
രാജ്യം നിയോ-ഫാസിസത്തിലേക്കും ഏകാധിപത്യത്തിലേക്കും നീങ്ങുന്നതിന്റെ ലക്ഷണമാണിതെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. എല്ലാ ഭരണഘടനാസ്ഥാപനങ്ങളെയും ആർഎസ്എസിന്റെ വരുതിയിൽ നിർത്താനാണ് ഇതിലൂടെ ശ്രമിക്കുന്നത്. ‘ഞങ്ങളോടൊപ്പം ചേർന്നാൽ മാത്രമേ ആർക്കും രക്ഷയുള്ളൂ’ എന്ന രീതിയിലുള്ള കേന്ദ്രീകൃതമായ അധികാര പ്രയോഗമാണ് ഈ പ്രസ്താവനയിലൂടെ വ്യക്തമാകുന്നത്. ഭരണഘടന വിരുദ്ധമായ ഇത്തരം നീക്കങ്ങളെ രാജ്യം അതിശക്തമായ പ്രതിഷേധത്തിലൂടെ അടയാളപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ സജീവമാക്കുന്നതിന്റെ ഭാഗമായി ബുധനാഴ്ച കണ്ണൂരിലെത്തിയപ്പോഴാണ് കേന്ദ്രമന്ത്രി രാംദാസ് അഠാവ്‌ലെ മുഖ്യമന്ത്രി പിണറായി വിജയനെ എൻഡിഎയിലേക്ക് സ്വാഗതംചെയ്തത്. പിണറായി വിജയൻ എൻഡിഎയിൽ ചേരുകയാണെങ്കിൽ അതൊരു വിപ്ലവകരമായ തീരുമാനമാകുമെന്നും കേന്ദ്രത്തിൽനിന്ന് കൂടുതൽ പണം കേരളത്തിന് ലഭിക്കുമെന്നുമായിരുന്നു അദ്ദേഹത്തിൻ്റെ പ്രസ്താവന. ഭരണത്തുടർച്ച ഉണ്ടാകണമെങ്കിൽ പിണറായി വിജയൻ എൻഡിഎയിലേക്ക് വരണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.


