വയനാട്ടിൽ ഷിഗല്ല ബാധ; പ്രതിരോധ നടപടികൾ ശക്തമാക്കി ജില്ലാ ഭരണകൂടം, അടിയന്തര യോഗം ചേർന്നു

കൽപറ്റ: വയനാട് ജില്ലയിൽ രണ്ട് കുട്ടികൾക്ക് ഷിഗല്ല രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ഊർജിതമാക്കി ജില്ലാ ഭരണകൂടം. രോഗം റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീയുടെ അധ്യക്ഷതയിൽ ജില്ലാതല ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം ചേർന്നു.

ജൂൺ അഞ്ചിന് രോഗലക്ഷണങ്ങളോടെ ചികിത്സ തേടിയ കുട്ടികളിൽനിന്ന് ശേഖരിച്ച സാമ്പിളുകൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ ആർ.ടി.പി.സി.ആർ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് രോഗബാധ സ്ഥിരീകരിച്ചത്. നിലവിൽ 19 സാമ്പിളുകളുടെ ഫലം കൂടി വരാനുണ്ടെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.ടി രേഖ യോഗത്തിൽ അറിയിച്ചു. നിലവിൽ ചികിത്സയിലുള്ള കുട്ടികൾക്ക് ആന്റിബയോട്ടിക്കുകൾ നൽകുന്നുണ്ട്. അവർ മരുന്നുകളോട് നന്നായി പ്രതികരിക്കുന്നുണ്ടെന്നും ആരോഗ്യം വീണ്ടെടുക്കുന്നുണ്ടെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

ഷിഗല്ല ബാക്ടീരിയയുടെ ഇൻക്യുബേഷൻ കാലയളവ് ഒന്നു മുതൽ നാല് ദിവസം വരെയായതിനാൽ സ്കൂളിൽനിന്ന് രോഗബാധയുണ്ടാകാൻ സാധ്യതയുള്ളവ‍രെ തുടർന്നുള്ള ദിവസങ്ങളിൽ നിരീക്ഷിക്കും. കോളിയാടി മാർ ബസേലിയോസ് എ.യു.പി സ്‌കൂളിലെ വിദ്യാർഥികൾക്കും അവരുടെ സഹോദരങ്ങൾ പഠിക്കുന്ന മറ്റ് സ്കൂളുകളിലെ കുട്ടികൾക്കും രോഗലക്ഷണങ്ങളുണ്ടോ എന്ന് ക്ലാസ് ടീച്ചർമാർ വഴി നിരീക്ഷിച്ചുവരികയാണെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസർ സി.വി മൻമോഹൻ അറിയിച്ചു. ജില്ലയിലെ സ്കൂളുകളിലെ കിണറുകളിലെ വെള്ളം വീണ്ടും പരിശോധനയ്ക്ക് അയക്കാനും കൃത്യമായി ക്ലോറിനേറ്റ് ചെയ്യപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാനും കളക്ടർ നിർദേശം നൽകിയിട്ടുണ്ട്.

രോഗം മറ്റുള്ളവരിലേക്ക് വ്യാപിക്കാതിരിക്കാൻ കർശനമായ മുൻകരുതലുകളാണ് സ്വീകരിക്കുന്നത്. പനിയും വയറിളക്കവും ഉൾപ്പെടെയുള്ള ലക്ഷണങ്ങളുള്ള കുട്ടികളുടെ വീടുകളുമായി ആരോഗ്യപ്രവർത്തകർ നേരിട്ട് ബന്ധപ്പെടുകയും കിണറുകൾ ക്ലോറിനേറ്റ് ചെയ്യാനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. രോഗവ്യാപനം തടയാൻ പൊതുജനങ്ങൾക്കിടയിൽ ബോധവത്കരണ പ്രവർത്തനങ്ങൾ നടത്താനും ജില്ലാ ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്. 

നിലവിലെ സാഹചര്യം നേരിടാൻ സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ മതിയായ സൗകര്യങ്ങളുണ്ടെന്നും ചികിത്സയ്ക്ക് ആവശ്യമായ മരുന്നുകൾ സ്റ്റോക്കുണ്ടെന്നും ഡി.എം.ഒ അറിയിച്ചു. ആവശ്യമെങ്കിൽ ആശുപത്രിയിൽ ഒരു അധിക വാർഡ് കൂടി സജ്ജീകരിക്കും. യോഗത്തിൽ സബ് കളക്ടർ അതുൽ സാഗർ, ജില്ലാ പോലീസ് മേധാവി അരുൺ പവിത്രൻ, എ.ഡി.എം എ ജയശ്രീ തുടങ്ങി വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News