ദുബായ്:ടി20 ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടങ്ങളില്‍ കളിച്ച രണ്ടു മത്സരങ്ങളും തോറ്റ് സെമി പോലും കാണാതെ പുറത്താകലിന്‍റെ വക്കില്‍ നില്‍ക്കുന്ന ഇന്ത്യന്‍ ടീമില ഭിന്നതയുണ്ടെന്ന് വ്യക്തമാക്കി മുന്‍ പാക് പേസര്‍ ഷൊയൈബ് അക്തര. ഇന്ത്യന്‍ ടീമില്‍ രണ്ട് ക്യാംപുകളുണ്ടെന്നും ഒരു വിഭാഗം ക്യാപ്റ്റന്‍ വിരാട് കോലിക്കൊപ്പമുള്ളവരും മറ്റുള്ളവര്‍ കോലിക്കെതികെ നില്‍ക്കുന്നവരാണെന്നും യുട്യൂബ് വീഡിയോയില്‍ അക്തര്‍ ആരോപിച്ചു.
മഹാനായ കളിക്കാരനെന്ന നിലയില്‍ കോലിയെ ബഹുമാനിക്കാന്‍ എല്ലാവരും തയാറാവണമെന്നും ആദ്യ രണ്ട് മത്സരങ്ങളില്‍ ചില മോശം തിരുമാനങ്ങളെടുത്തു എന്നതിന്‍റെ പേരില്‍ അങ്ങനെ ചെയ്യാതിരിക്കരുതെന്നും അക്തര്‍ പറഞ്ഞു. ഇന്ത്യന്‍ ടീമില്‍ രണ്ട് ക്യാംപുകളുണ്ടെന്നത് സുവ്യക്തമാണ്. അതിലൊരു വിഭാഗം കോലിക്കൊപ്പവു മറ്റൊരു വിഭാഗം കോലിക്ക് എതിരെയുമാണ്. ടീം രണ്ടായി വിഭജിക്കപ്പെട്ടു കഴിഞ്ഞു. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന് എനിക്കറിയില്ല.
ചിലപ്പോള്‍ നായകനെന്ന നിലയില്‍ കോലി അവസാന ടി20 ലോകകപ്പ് കളിക്കുന്നതുകൊണ്ടായിരിക്കാം അല്ലെങ്കില്‍ ചിലപ്പോള്‍ അദ്ദേഹം തെറ്റായ തീരുമാനങ്ങള്‍ എടുക്കുന്നതുകൊണ്ടുമാകാം. അതെന്തായാലും മഹാനായ കളിക്കാരനാണ് കോലിയെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. ആ അര്‍ത്ഥത്തില്‍ കോലിയെ ടീം അംഗങ്ങള്‍ ബഹുമാനിച്ചേ മതിയാകൂ എന്നും അക്തര്‍ പറഞ്ഞു.
ന്യൂസിലന്‍ഡിനെതിരായ സൂപ്പര്‍ 12 പോരാട്ടത്തില്‍ ടോസ് നഷ്ടമായപ്പോഴെ തോറ്റവരുടെ ശരീരഭാഷയുമായാണ് ഇന്ത്യന്‍ താരങ്ങള്‍ കളിക്കാനിറങ്ങിയത്. അതുകൊണ്ടുതന്നെ അവര്‍ക്കെതിരെ വിമര്‍ശനങ്ങളുയരുന്നത് സ്വാഭാവികമാണ്. ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ ഇന്ത്യന്‍ താരങ്ങളുടെ സമീപനം തന്നെ തെറ്റായിരുന്നു.
ടോസ് നഷ്ടമായപ്പോഴെ അവരുടെ തല കുനിഞ്ഞുപോയിരുന്നു. ആ സമയം എന്താണ് സംഭവിക്കാന്‍ പോകുന്നത് ആര്‍ക്കുമറിയില്ല. കാരണം ടോസില്‍ മാത്രമാണ് അപ്പോള്‍ തോറ്റിരുന്നത്. കളിയിലല്ല. പക്ഷെ ടോസ് കൈവിട്ടപ്പോഴെ കളി തോറ്റ പോലെയാണ് അവര്‍ കളിച്ചത്. വ്യക്തമായൊരു ഗെയിം പ്ലാന്‍ പോലും ഇന്ത്യക്കില്ലായിരുന്നു-അക്തര്‍ പറഞ്ഞു.
ടി20 ലോകകപ്പിലെ സൂപ്പര്‍12ലെ ആദ്യ മത്സരത്തില്‍ പാക്കിസ്ഥാനോട് 10 വിക്കറ്റ് തോല്‍വി വഴങ്ങിയ ഇന്ത്യ രണ്ടാം മത്സരത്തില്‍ ന്യൂസിലന്‍ഡിനോട് എട്ടു വിക്കറ്റിന് തോറ്റു. ശേഷിക്കുന്ന മൂന്ന് മത്സരങ്ങളില്‍ ജയിച്ചാലും ഇന്ത്യക്ക് സെമിയിലെത്താന്‍ വിദൂര സാധ്യത മാത്രമാണ് നിലവിലുള്ളത്.