കോഴിക്കോട്: കോട്ടാംപറമ്പില്‍ ഷിഗെല്ല രോഗവ്യാപനമുണ്ടായത് വെള്ളത്തിലൂടെയാണെന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട്. എന്നാല്‍ വൈറസ് എങ്ങനെ ഈ മേഖലയില്‍ എത്തിയെന്നത് ഇതുവരെ കണ്ടെത്താനായില്ല. നിലവില്‍ അഞ്ച് വയസിന് താഴെയുള്ള രണ്ട് കുട്ടികളാണ് രോഗക്ഷണങ്ങളോടെ ചികിത്സയില്‍ കഴിയുന്നത്.
കോഴിക്കോട് കോട്ടാംപറമ്പില്‍ പതിനൊന്ന് വയസുള്ള കുട്ടി ഷിഗെല്ല ബാധിച്ച് മരിച്ചതിനെ തുടര്‍ന്ന് അതീവ ജാഗ്രതയാണ് ആരോഗ്യ വകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. വീടുകള്‍ കയറിയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യ വകുപ്പ് നടത്തുന്നുണ്ട്. ഇതുവരെ കോഴിക്കോട് ജില്ലയില്‍ രോഗ ലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തവരുടെ എണ്ണം അമ്പത് കഴിഞ്ഞു.
കടലുണ്ടി, ഫറോക്ക്, പെരുവയല്‍, വാഴൂര്‍ എന്നീ പ്രദേശങ്ങളിലാണ് ഷിഗെല്ല കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കോട്ടാംപറമ്പിലെ 120 കിണറുകളില്‍ സൂപ്പര്‍ ക്ലോറിനേഷന്‍ നടത്തി. ഷിഗെല്ല വ്യാപിച്ച പ്രദേശങ്ങളില്‍ ഒരാഴ്ച തുടര്‍ച്ചയായി ആരോഗ്യ വകുപ്പ് പ്രവര്‍ത്തകര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തും. വീടുകള്‍ കേന്ദ്രീകരിച്ചുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഊന്നല്‍ നല്‍കുന്നത്. കോട്ടാം പറമ്പില്‍ പ്രത്യേക മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചിരുന്നു.
മനുഷ്യ വിസര്‍ജ്ജ്യത്തില്‍ നിന്നാണ് രോഗവാഹകരായ ബാക്ടീരിയ കുടിവെള്ളത്തില്‍ കലരുന്നത്. അതിനാല്‍ വ്യക്തി ശുചിത്വത്തിനാണ് പ്രാധാന്യം എന്ന് ആരോഗ്യ വിദഗ്ധര്‍ വ്യക്തമാക്കി. രോഗ ബാധിതരുമായുള്ള സമ്പര്‍ക്കത്തിലൂട ഷിഗെല്ല വേഗം പടരും. കുട്ടികളെയാണ് ഷിഗെല്ല ഗുരുതരമായി ബാധിക്കുന്നത്. ഛര്‍ദ്ദി, പനി, വയറിളക്കം, വിസര്‍ജ്ജ്യത്തില്‍ രക്തം എന്നിവയാണ് രോഗലക്ഷണങ്ങള്‍.