KeralaNews

ജെറുസലേമിലും ഷെല്ലാക്രമണം; ബത്‌ലഹേമില്‍ കുടുങ്ങി 38 മലയാളികള്‍

ബത്‌ലഹേം: പലസ്തീനിൽ കുടുങ്ങി കേരളത്തിൽ നിന്നുള്ള തീർത്ഥാടക സംഘം. ബത്‌ലഹേമില്‍ തീര്‍ത്ഥാടനത്തിന് പോയ 38 പേരടങ്ങുന്ന സംഘമാണ് കുടുങ്ങിയത്. നിലവില്‍ ഹോട്ടലിലാണ് സംഘമുള്ളത്. എല്ലാവരും സുരക്ഷിതരാണ്.ആദ്യത്തെ മൂന്ന് ദിവസം യാതൊരു പ്രശ്നവുമില്ലായിരുന്നുവെന്നും ഇന്നലെയാണ് പ്രശ്നം തുടങ്ങിയതെന്നും ടൂര്‍ ഓപ്പറേറ്റര്‍ മനു പറഞ്ഞു.

അതിര്‍ത്തിയും വിമാനത്താവളവുമെല്ലാം ബ്ലോക്ക് ആയതുകൊണ്ട് എങ്ങോട്ടും നീങ്ങാന്‍ പറ്റാത്ത സ്ഥിതിയാണ്. ഇന്ത്യന്‍ എംബസിയുമായും അവിടെയുള്ള ടൂറിസം ഡിപ്പാര്‍ട്ട്മെന്‍റുമായും ബന്ധപ്പെട്ടിട്ടുണ്ട്. വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

ജറുസലേമില്‍ ഇന്നലെ കുര്‍ബാനയ്ക്ക് പോയ സമയത്ത് അവിടെ ഷെല്ലാക്രമണം ഉണ്ടായിരുന്നു. പക്ഷെ സംരക്ഷണം ലഭിച്ചു. ഭക്ഷണം, താമസം തുടങ്ങിയ കാര്യങ്ങള്‍ക്കൊന്നും പ്രയാസം വന്നിട്ടില്ല. എല്ലാവരും സുരക്ഷിതരാണെന്ന് മനു പറഞ്ഞു.

അതേസമയം ഇസ്രയേലിൽ നിന്ന് ഇന്ത്യാക്കാരുടെ ഒഴിപ്പിക്കൽ സ്ഥിതി നിരീക്ഷിച്ച ശേഷമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
പുറത്തിറങ്ങുന്നതും യാത്ര ചെയ്യുന്നതും കഴിയുന്നതും ഒഴിവാക്കണമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വ്യോമസേനയ്ക്കും നാവികസേനയ്ക്കും ജാഗ്രതാ നിർദേശം നൽകും. യുദ്ധം നീളുന്ന സാഹചര്യമുണ്ടായാൽ ഒഴിപ്പിക്കലിന് നടപടി ആലോചിക്കാനാണ് ഇപ്പോഴത്തെ തീരുമാനം.

ഹമാസ് ആക്രമണത്തിൽ കൊല്ലപ്പെട്ട ഇസ്രയേൽ പൗരന്മാരുടെ എണ്ണം 300 ആയി. 1590 പേർ പരിക്കുകളോടെ ആശുപത്രിയിലാണ്. ഇസ്രയേല്‍ തിരിച്ചടിച്ചതോടെ ഗസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 230 കടന്നു. ടെൽ അവീവിലേക്കുള്ള വിമാന സർവീസുകൾ ഭൂരിഭാഗവും എയർലൈനുകൾ റദ്ദാക്കി. അമേരിക്കൻ എയർലൈൻസും എയർ ഫ്രാൻസും എമിറേറ്റ്സുമെല്ലാം സർവീസുകൾ റദ്ദാക്കി. ജർമ്മനിയും ലുഫ്താൻസയും താത്കാലികമായി സർവ്വീസുകൾ നിർത്തിവയ്ക്കുകയാണ്.

ഇസ്രയേൽ – പലസ്തീൻ സംഘർഷം അവസാനിപ്പിക്കാൻ മധ്യപൂർവേഷ്യയിലെ പ്രധാന രാജ്യങ്ങൾ ആഹ്വാനം ചെയ്തു. സൗദി അറേബ്യയും യുഎഇയും ഖത്തറും ഒമാനും സംഘർഷങ്ങളിൽ ദുഃഖം രേഖപ്പെടുത്തി. മേഖലയിൽ സമാധാനത്തിനും വികസനത്തിനുമുള്ള ശ്രമങ്ങൾ ശക്തി പ്രാപിക്കുന്നതിനിടയിലാണ് അപ്രതീക്ഷിത സംഘർഷമുണ്ടായത്.

അതേസമയം ഇസ്രയേലിന് അമേരിക്ക ഉറച്ച പിന്തുണ പ്രഖ്യാപിച്ചു. ഇസ്രയേലിന് ആവശ്യമായ എല്ലാ സഹായവും നൽകാൻ അമേരിക്ക സന്നദ്ധമാണെന്ന് പ്രസിഡന്റ് ജോ ബൈഡൻ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി നടത്തിയ സംഭാഷണത്തിൽ പറഞ്ഞു. ഇസ്രയേലിനെതിരെ നടന്നത് ഭീകരവാദമാണെന്നും ബൈഡൻ പ്രസ്താവിച്ചു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button