ഷെഹലയ്ക്ക് പാമ്പുകടിയേറ്റ സ്കൂൾ കെട്ടിടം പാെളിയ്ക്കും
സുൽത്താൻ ബത്തേരി: വിദ്യാർത്ഥിനി പാമ്പുകടിയേറ്റ് മരിച്ച ക്ലാസ് മുറി ഉൾപ്പെടുന്ന ബത്തേരി ഗവ.സര്‍വജന സ്‌കൂള്‍ കെട്ടിടം ഉടന്‍ പൊളിച്ചു നീക്കാന്‍ തീരുമാനമായി. സര്‍വകക്ഷി യോഗത്തിലാണ് തീരുമാനം. യുപി വിഭാഗത്തിന് ഒരാഴ്ച കൂടി അവധി നല്‍കാനും യോഗം തീരുമാനിച്ചു. ഹൈസ്‌കൂള്‍, ഹയര്‍സെക്കന്ററി വിഭാഗത്തിന് ചൊവ്വാഴ്ച ക്ലാസുകള്‍ ആരംഭിക്കും.
മരിച്ച ഷഹല ഷെറിന്റെ സഹപാഠികളെ പിടിഎ ഭാരവാഹികള്‍ ഭീഷണിപ്പെടുത്തിയതായി പരാതിയുയര്‍ന്നു. ഷഹ്ലയുടെ മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ മൊഴി നല്‍കിയതിനാണ് കുട്ടികളെ ഭീഷണിപ്പെടുത്തുന്നത്. അധ്യാപകരെ മാറ്റിയില്ലെങ്കില്‍ കുട്ടികള്‍ക്ക് സ്‌കൂളില്‍ തുടര്‍ന്ന് പഠിക്കാന്‍ സാധിക്കില്ലെന്ന് ഷഹ്ലയുടെ ഉമ്മ പറഞ്ഞു.
ഇവര്‍ അവിടെ പഠനം തുടര്‍ന്നാല്‍ അധ്യാപകരുടെ പ്രതികാര നടപടികള്‍ ഉണ്ടാകുമെന്നാണ് ആശങ്ക. മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രതികരിച്ചവരെയും പ്രതിഷേധിച്ചവരെയും പിടിഎ ഭാരവാഹികള്‍ തിരുത്താന്‍ ശ്രമിച്ചുവെന്ന് കുട്ടികള്‍ പരാതി പറയുന്നു. ബാലാവകാശ കമ്മിഷനു മുന്നില്‍ തെളിവ് നല്‍കാന്‍ എത്തിയവരെയും ചിലര്‍ ഭീഷണിപെടുത്തിയതയും ഷഹലയുടെ ഉമ്മ പറയുന്നു . ഇത്തരത്തിൽ അധ്യാപകരുടെ ഭാഗത്തു നിന്ന് യാതൊരു നടപടികളും ഉണ്ടാവില്ലെന്നും സർവ്വകക്ഷി യോഗം ഉറപ്പു നൽകി. സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും കൗൺസലിംഗ് നൽകുന്നതിനും തീരുമാനമായി.