കൊച്ചി:മലയാളികളുടെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് ഭാവന. ഭാവനയുടെ മലയാളത്തിലേക്കുള്ള തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. വിവാഹ ശേഷം ഇടവേളയെടുത്ത താരം കന്നഡയില്‍ അഭിനയിച്ചുവെങ്കിലും മലയാളത്തില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. ഇപ്പോഴിതാ ആ കാത്തിരിപ്പ് അവസാനിക്കുകയാണ്. താരം തന്റെ തിരിച്ചുവരവിനുള്ള ഒരുക്കത്തിലാണ്.
സോഷ്യല്‍ മീഡിയയുടെ ആക്രമണം പലപ്പോഴായി നേരിട്ടിട്ടുള്ള താരമാണ് ഭാവന. ഇപ്പോഴും താരം അത്തരം പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. ഇപ്പോഴിതാ ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സൈബര്‍ ആക്രമണങ്ങള്‍ നേരിട്ടതിനെക്കുറിച്ചും അവയുടെ സ്വഭാവത്തില്‍ നിന്നും താന്‍ നിരീക്ഷിച്ച കാര്യങ്ങളെക്കുറിച്ചുമെല്ലാം മനസ് തുറക്കുകയാണ് ഭാവന.
മറ്റുള്ളവരെ വിഷമിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ മാത്രം ചിലര്‍ പ്രവര്‍ത്തിക്കുന്നതായി തോന്നിയിട്ടുണ്ടെന്നാണ് ഭാവന പറയുന്നത്. പിന്നാലെയാണ് താരം സോഷ്യല്‍ മീഡിയയിലൂടെ ഒരു സംഘം ബോധപൂര്‍വ്വം ആക്രമിക്കുന്നു എന്നാണോ എന്ന ചോദ്യത്തിന് മറുപടി നല്‍കുന്നത്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.
ഇന്നെനിക്കറിയാം, സൈബര്‍ ബുള്ളീയിംഗ് ഒരു പ്രൊഫഷനാണെന്ന്. ചിലര്‍ ചിലയാളുകളെ വാടകയ്‌ക്കെടുത്തോ കൂലികൊടുത്തോ എഴുതിപ്പിക്കുകയാണ്. ഇയാളെ നിങ്ങള്‍ അറ്റാക്ക് ചെയ്യണം, ഈ സിനിമയെ നിങ്ങള്‍ ആക്രമിക്കണം, ഇങ്ങനെ ചില വിഷയങ്ങളില്‍ നിലപാടുകളില്‍ ഇത്തരത്തിലുള്ള പ്രതികരണങ്ങള്‍ പടച്ചുവിടണം എന്നെല്ലാം ചട്ടംകെട്ടി പണം നല്‍കി ആളുകളെ ഇറക്കി വിടുകയാണന്നാണ് ഭാവന പറയുന്നത്.
മുന്നൊരുക്കങ്ങള്‍ നടത്തി ഇറങ്ങുന്ന ഇത്തരം സംഘങ്ങള്‍ വാങ്ങുന്ന കാശിനുള്ള ജോലി ചെയ്യുന്നു. ഈ ജോലിയിലേര്‍പ്പെട്ട ഓരോരുത്തര്‍ക്കും പത്തിലധികം വ്യാജ അക്കൗണ്ടുകളുണ്ടാകുമെന്നും ഭാവന ചൂണ്ടിക്കാണിക്കുന്നുണ്ട്
ഈ ലോകത്ത് എനിക്ക് മാത്രമാണ് ഇത്തരം കമന്റുകള്‍ നേരിടേണ്ടി വന്നതെങ്കില്‍ ഞാനിത് ശ്രദ്ധിക്കണം. പക്ഷെ അങ്ങനെയല്ലല്ലോ, രാജ്യത്തിന്റെ മഴുവന്‍ അഭിമാനമായ സച്ചിന്‍, ധോണി, അമിതാഭ് ബച്ചന്‍ എന്നിവരുടെ പോസ്റ്റിന് താഴെപ്പോലും മോശം കമന്റുകള്‍ വരുന്നുണ്ടെന്നും ഭാവന ചൂണ്ടിക്കാണിക്കുന്നു.
തന്നെകുറിച്ച് ഒന്നുമറിയാത്തവര്‍ എന്തിനാണ് ഇങ്ങനെ ഓരോന്ന് പറയുന്നതെന്ന് ഞാന്‍ ചിന്തിച്ചിട്ടുണ്ടെന്നാണ് ഭാവന പറയുന്നത്. ഞാന്‍ അവരുടെ ആരുടെയും വീട്ടില്‍ പോയി പ്രശ്നമുണ്ടാക്കിയിട്ടില്ല. അവര്‍ക്ക് എന്നെ അറിയുന്നത് ഞാന്‍ ചെയ്ത് വെച്ച വേഷങ്ങളിലൂടെ മാത്രമാണ്. എന്നിട്ടാണ് ഇത്തരത്തിലുള്ള ആക്രമണങ്ങളെന്നാണ് ഭാവന പറയുന്നത്.
അതേസമയം താന്‍ ഇനിയൊരിക്കലും മലയാളത്തിലേക്ക് മടങ്ങിവരില്ലെന്ന് തീരുമാനിച്ചിരുന്നതാണെന്നാണ് ഭാവന പറയുന്നത്. മലയാളത്തിലേക്ക് ഇനിയൊരു മടങ്ങി വരവ് വേണ്ടെന്ന് മനസ്സ് കൊണ്ട് തീരുമാനിച്ചുറപ്പിച്ചിരുന്നു. വ്യക്തിപരമായ കാരണങ്ങള്‍ ആയിരുന്നു അങ്ങനെയൊരു തീരുമാനത്തിന് പിന്നില്‍. എനിക്ക് എന്റെ മനസമാധാനം തന്നെ ആയിരുന്നു പ്രധാനമെന്നാണ് ഭാവന കാരണമായി പറയുന്നത്.
താന്‍ മലയാളത്തിലേക്ക് വന്നാല്‍ ആ മനസമാധാനം നഷ്ടമാകും എന്ന് തോന്നിയെന്നും ഭാവന പറയുന്നു. അന്നും എന്നും തനിക്ക് നല്ല ഓഫറുകള്‍ വന്നിരുന്നുവെന്നും പറയുന്ന താരം എന്നാല്‍ സൗഹൃദമാണ് തന്നെ വീണ്ടും മലയാള സിനിമയില്‍ എത്തിച്ചതെന്നുമാണ് പറയുന്നത്.
മലയാളത്തിലേക്ക് തിരിച്ചുവരികയാണ് ഭാവന. നവാഗതനായ ആദില്‍ മൈമുനാത്ത് അഷ്‌റഫ് സംവിധാനം ചെയ്യുന്ന ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് എന്ന സിനിമയിലൂടെയാണ് ഭാവനയുടെ തിരിച്ചുവരവ്. ഷറഫുദ്ദീനാണ് ചിത്രത്തിലെ നായകന്‍. ഈ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായിരുന്നു. ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് ഭാവനയുടെ മലയാളത്തിലേക്കുള്ള തിരിച്ചുവരവിനായി കാത്തിരിക്കുന്നത്.