പെട്ടെന്ന് പുഴയിൽ വെള്ളം നിറഞ്ഞു, കാർ ചെക്ക് ഡാമിലേക്ക് വീണു; യാത്രക്കാരനെ രക്ഷിച്ചു

തൃശ്ശൂര്‍: ചെക്ക് ഡാമില്‍നിന്ന് കാര്‍ പുഴയിലേക്ക് മറിഞ്ഞ് അപകടം. തിരുവില്വാമലയ്ക്ക് അടുത്ത് കൊണ്ടാഴിയിലെ എഴുന്നള്ളത്ത് കടവ് ചെക്ക് ഡാമിലാണ് അപകടമുണ്ടായത്. കാര്‍ യാത്രക്കാരനെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. കാറിലുണ്ടായിരുന്ന കൊണ്ടാറ സ്വദേശി ഇടിഞ്ഞിക്കുഴിയില്‍ ജോണിയെയാണ് നാട്ടുകാര്‍ രക്ഷപ്പെടുത്തിയത്. കാര്‍ പുഴയില്‍ തങ്ങിനില്‍ക്കുകയാണ്.

തിരുവില്വാമല- കൊണ്ടാഴി പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ചെക്ക് ഡാമിന് മുകളിലാണ് അപകടമുണ്ടായത്. ബാങ്ക് ജീവനക്കാരനായ ജോണി കാറുമായി ചെക്ക് ഡാമിന് മുകളിലൂടെ പോകുമ്പോള്‍ ജലനിരപ്പ് ഉയരുകയും ഒഴുക്ക് വര്‍ധിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് കാറ് പുഴയിലേക്ക് പതിച്ചത്. ഉടന്‍തന്നെ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തുകയും ജോണിയെ കരയ്‌ക്കെത്തിക്കുകയുമായിരുന്നു.

ചെക്ക് ഡാമിന് മുകളിലൂടെ വെള്ളം ഒഴുകുന്ന സാഹചര്യത്തില്‍ ഈ വഴിയുള്ള ഗതാഗതം നിരോധിച്ചതാണെന്ന് നാട്ടുകാര്‍ പറയുന്നു. നിസ്സാര പരിക്കേറ്റ ജോണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News