കൊച്ചി:ജീവിത ശൈലീ രോഗങ്ങള്‍ പതിവ് സംഭവമായി മാറുന്ന ഇക്കാലത്ത് വിദ്യാഭ്യാസ മേഖലയിലെന്ന പോലെ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളുടെ ശാരീരിക മാനസിക ഉന്നതിക്കും എറണാകുളം ജില്ലാ പഞ്ചായത്ത് പ്രത്യേക പരിഗണ നല്‍കുമെന്ന് ജി്ല്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് പറഞ്ഞു. സൗത്ത് വാഴക്കുളം ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പെണ്‍കുട്ടികള്‍ക്ക് വേണ്ടി ആരംഭിച്ച വ്യായാമ പരിശീലന കേന്ദ്രമായ ഷി ജിം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതി വിജയകരമായാല്‍ മറ്റു സ്‌കൂളുകളിലേക്കും വ്യാപിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ ഷൈനി ജോര്‍ജിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ജില്ലാ പ്രസിഡന്റ് ഉല്ലാസ് തോമസും ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക്കും ചേര്‍ന്ന് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. പൊതുവിദ്യാലയങ്ങളുടെ വികസനത്തിന് ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്ന് എല്ലാവിധ സഹകരണങ്ങളും ഉറപ്പാക്കുമെന്ന് കലക്ടര്‍ ജാഫര്‍ മാലിക് പറഞ്ഞു.
യോഗത്തില്‍ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ എം.ജെ ജോമി പദ്ധതി വിശദീകരണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ശാരദ മോഹന്‍ ഫര്‍ണീച്ചര്‍ വിതരണോദ്ഘാടനവും ലിസി അലക്‌സ് ലാബ് ഉപകരണങ്ങളുടെ വിതരണോദ്ഘാടനവും നിര്‍വഹിച്ചു.
സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവ് മണിയപ്പന്‍ ആറന്മുളയെ ചടങ്ങില്‍ ആദരിച്ചു. ഈ വര്‍ഷം വിരമിക്കുന്ന സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ പി.വി എല്‍ദോ, പാഠ്യപാഠ്യേതര മേഖലകളില്‍ മികവ് തെളിയിച്ച വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്ക് പുരസ്‌കാരങ്ങള്‍ നല്‍കി അനുമോദിച്ചു.
ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സനിതാ റഹീം, മനോജ് മൂത്തേടന്‍, ശാരദാ മോഹന്‍, പി.എം. നാസര്‍, ഷാരോണ്‍ പനയ്ക്കല്‍, അനിമോള്‍ ബേബി, ഷൈമി വര്‍ഗീസ്, ജനപ്രതിനിതികളായ ലിസി സെബാസ്റ്റ്യന്‍, സുബൈറുദ്ദീന്‍ ചെന്താര, എ.കെ. മുരളീധരന്‍, പി.വി എല്‍ദോ, കെ.എ. സല്‍മ, പി.ടി.എ പ്രസിഡന്റ് പി.എം. നാസര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ട്രെഡ്മില്‍, ഇന്‍ഡോര്‍ സൈക്കിളുകള്‍, വെയിറ്റ് ബാറുകള്‍ തുടങ്ങി ഒരു ലക്ഷം രൂപയുടെ ഉപകരണങ്ങളാണ് ആദ്യഘട്ടത്തില്‍ വ്യായാമ കേന്ദ്രത്തിനായി അനുവദിച്ചിട്ടുള്ളത്. രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് വരെ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഉപയോഗിക്കാവുന്ന തരത്തിലാണ് സജ്ജീകരിച്ചിട്ടുള്ളത്. ഇതിനായി തെരഞ്ഞെടുത്ത അധ്യാപകര്‍ക്ക് പ്രത്യേക പരിശീലനവും നല്‍കിയിട്ടുണ്ട്. സൗത്ത് വാഴക്കുളം സ്‌കൂളിന് പുറമേ ചെങ്ങമനാട് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കല്ലില്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ചെറുവട്ടൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പാലിശേരി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തില്‍ ഷീ ജിം പദ്ധതി നടപ്പിലാക്കുക.