കൊച്ചി:മലയാള സിനിമയിൽ കുഞ്ചാക്കോ ബോബൻ എന്ന പേരിന് പ്രസക്തിയേറെയാണ്. ഒരു കാലത്ത് ചോക്ലേറ്റ് ഹീറോയായി കരിയറിൽ തിളങ്ങി നിന്ന ചാക്കോച്ചൻ അന്നുണ്ടാക്കിയ തരംഗം ചെറുതല്ല. ആരാധികമാരുടെ വലിയൊരു നിര കുഞ്ചാക്കോ ബോബനുണ്ടായിരുന്നു. ഒരു കാലഘട്ടത്തിൽ കേരളത്തിലെ ഭൂരിഭാഗം പെൺകുട്ടികളുടെയും സ്വപ്ന നായകനായിരുന്നു കുഞ്ചാക്കോ ബോബൻ. അനിയത്തി പ്രാവ് എന്ന ആദ്യ സിനിമയിലൂടെ തന്നെ സൂപ്പർ ഹിറ്റടിക്കാനും കുഞ്ചാക്കോ ബോബന് കഴിഞ്ഞു.
കരിയറിലെ ഉയർച്ച പോലെ തന്നെ താഴ്ചയും പിന്നീട് കുഞ്ചാക്കോ ബോബനുണ്ടായി. സ്ഥിരം റെമാന്റിക് വേഷങ്ങളിലെത്തിയതോടെ നടൻ ടൈപ് കാസ്റ്റ് ചെയ്യപ്പെട്ടു. ഒരു ഘട്ടത്തിൽ തുടരെ പരാജയ സിനിമകൾ കുഞ്ചാക്കോ ബോബന് വന്നു ചെയ്ത സിനിമകളിൽ ഭൂരിഭാഗവും പരാജയപ്പെടുകയും കുടുംബത്തിലേക്ക് ശ്രദ്ധ കൊടുക്കേണ്ട സാഹചര്യവുമായതോടെ അഭിനയ രംഗത്ത് നിന്നും കുഞ്ചാക്കോ ബോബൻ വിട്ടു നിന്നു.
പിന്നീട് രണ്ടാം വരവ് കുഞ്ചാക്കോ ബോബനെ സംബന്ധിച്ച് ശ്രമകരമായിരുന്നു. സഹനായക വേഷങ്ങളിലൂടെയാണ് രണ്ടാം വരവിൽ ചാക്കോച്ചൻ സാന്നിധ്യമറിയിച്ചത്. കുറച്ച് നാളക്കെ പ്രതിസന്ധിക്ക് ശേഷം കരിയറിൽ പഴയ താരത്തിളക്കത്തിലേക്ക് വരാൻ നടന് കഴിഞ്ഞു. ഇന്ന് ചോക്ലേറ്റ് ബോയ് ഇമേജിനപ്പുറം കരിയറിന്റെ മറ്റൊരു ഘട്ടത്തിലാണ് കുഞ്ചാക്കോ ബോബൻ ഉള്ളത്.
നായാട്ട്, ന്നാ താൻ കേസ് കൊട്, അറിയിപ്പ് തുടങ്ങിയ സിനിമകൾ കുഞ്ചാക്കോ ബോബനെന്ന നടനെ അടയാളപ്പെടുത്തി. കുഞ്ചാക്കോ ബോബന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട ദിവസങ്ങളിലൊന്നാണ് ഏപ്രിൽ രണ്ട്. നടൻ പ്രിയയെ ജീവിത പങ്കാളിയായി സ്വീകരിച്ച ദിനം. ഇരുവരുടെയും വിവാഹത്തിന്റെ 18ാം വാർഷികമാണിന്ന്. 2005 ലാണ് പ്രിയയും കുഞ്ചാക്കോ ബോബനും വിവാഹം കഴിച്ചത്. ഇരുവർക്കും വിവാഹ ദിനാശംസകളുമായി നിരവധി താരങ്ങൾ രംഗത്ത് വന്നു.
പ്രിയയെ ആദ്യമായി കണ്ടതിനെക്കുറിച്ച് മുമ്പൊരിക്കൽ കുഞ്ചാക്കോ ബോബൻ സംസാരിച്ചിരുന്നു. തിരുവന്തപുരത്ത് നക്ഷത്രത്താരാട്ട് എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുന്ന സമയത്താണ് പ്രിയയെ ആദ്യമായി കാണുന്നത്. പങ്ക്ജ് ഹോട്ടലിലാണ് ഞാൻ താമസിച്ചിരുന്നത്. എന്റെ ഓട്ടോഗ്രാഫ് വാങ്ങാൻ വന്ന മാർ ഇവാനിയോസ് കേളേജിലെ കുറെ പെൺകുട്ടികൾ റിസപ്ഷനിലുണ്ടായിരുന്നു. ഓരോ കുട്ടികളോടും പുഞ്ചിരിച്ച് പേര് ചോദിച്ചു.
അതിൽ വിടർന്ന കണ്ണുകളുള്ള ഒരു കുട്ടി എന്റെ കണ്ണിൽ ഉടക്കി. അന്ന് മുതൽ ആ കുട്ടിയോട് എനിക്ക് ആകർഷമുണ്ടായിരുന്നു. കുറേ നാളുകൾക്ക് ശേഷം എന്റെ ഫോണിലേക്ക് വിളി വന്നു, നിർമാതാവ് ഗാന്ധിമതി ബാലന്റെ മകളുടെ സുഹൃത്താണ് പ്രിയ. അവരുടെ പക്കൽ നിന്നും നമ്പർ സംഘടിപ്പിച്ചതായിരുന്നു. പിന്നീട് നിരന്തരം വിളികളായി. അങ്ങനെയാണ് ഈ ബന്ധം വളർന്നതെന്നും കുഞ്ചാക്കോ ബോബൻ അന്ന് പറഞ്ഞു.
വിവാഹം കഴിഞ്ഞ് 14 വർഷങ്ങൾക്ക് ശേഷമാണ് ചാക്കോച്ചനും പ്രിയക്കും കുഞ്ഞ് പിറക്കുന്നത്. അന്ന് തന്റെ ഭാര്യ നേരിട്ട ചോദ്യങ്ങളെക്കുറിച്ച് നടൻ ഒരു അഭിമുഖത്തിൽ തുറന്ന് പറഞ്ഞിരുന്നു. കുഞ്ഞിന്റെ കാര്യത്തിൽ എന്നോടാരും വേദനിപ്പിക്കുന്ന രീതിയിൽ സംസാരിച്ചിട്ടില്ല. എന്റെ ഭാര്യയോട് സംസാരിച്ചിട്ടുണ്ടാവാം.
ഭാര്യ തളരുന്ന സമയത്തൊക്കെ അതൊന്നും നോക്കേണ്ട ഏറ്റവും ഒടുവിൽ ദൈവം നമുക്ക് നല്ലത് തരുമെന്ന് ഞാൻ പറയാറുണ്ടായിരുന്നു. നിനക്ക് എന്നെ കിട്ടിയില്ലേയെന്ന് ചുമ്മാതെ ഞാൻ പറയുമായിരുന്നു. തിരിച്ചാണ് സത്യം. എന്റെ ഏറ്റവും വലിയ സൗഭാഗ്യം തന്നെയാണ് പ്രിയയെന്നും കുഞ്ചാക്കോ ബോബൻ മനോരമ ചാനലിലെ അഭിമുഖത്തിൽ അന്ന് പറഞ്ഞു. ഇസഹാക്ക് എന്നാണ് കുഞ്ചാക്കോ ബോബന്റെ മകന്റെ പേര്.