‘നസീർ സാറിന്റെ ആഗ്രഹമായിരുന്നു അത്; വയസ്സുകാലത്ത് ഇങ്ങേർക്ക് വേറെ പണിയില്ലെന്ന് മോഹൻലാൽ ചോദിച്ചു!’: ശ്രീനിവാസൻ
കൊച്ചി:മലയാള സിനിമയുടെ അഭിവാജ്യ ഘടകമാണ് നടൻ ശ്രീനിവാസൻ. നടൻ എന്നതിന് ഉപരി തിരക്കഥാകൃത്തും സംവിധായകനും നിർമ്മാതാവായെല്ലാം അദ്ദേഹം തിളങ്ങിയിട്ടുണ്ട്. കൈവച്ച എല്ലാ മേഖലകളിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. മലയാള സിനിമയുടെ ചരിത്രം പരിശോധിച്ചാൽ അതിൽ മാറ്റി നിർത്താൻ കഴിയാത്ത ഒരു പേരാണ് ശ്രീനിവാസന്റേത്. അസുഖ ബാധിതനായി ചികിത്സയിൽ ആയിരുന്ന അദ്ദേഹം ഇപ്പോൾ വീണ്ടും സിനിമയിൽ സജീവമാവുകയാണ്.
മകൻ വിനീത് ശ്രീനിവാസന് ഒപ്പം അദ്ദേഹം അഭിനയിച്ച കുറുക്കൻ എന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്. അതിനിടെ ശ്രീനിവാസൻ നൽകിയ പുതിയൊരു അഭിമുഖവും ശ്രദ്ധനേടുകയാണ്. അഭിമുഖങ്ങളിൽ പലപ്പോഴും പല തുറന്നു പറച്ചിലുകളും നടത്തിയിട്ടുള്ള ആളാണ് അദ്ദേഹം. ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ ഏറ്റവും പുതിയ അഭിമുഖത്തിലും അദ്ദേഹം നടത്തിയ ചില വെളിപ്പെടുത്തലുകളാണ് ചർച്ചയാവുന്നത്.
പ്രേം നസീറിന് മോഹൻലാലിനെ നായകനാക്കി സിനിമ ചെയ്യാൻ ആഗ്രഹമുണ്ടായിരുന്നുവെന്നും എന്നാൽ മോഹൻലാലിന് അതിൽ അഭിനയിക്കാൻ താൽപര്യം ഉണ്ടായിരുന്നില്ല എന്നുമാണ് ശ്രീനിവാസൻ പറഞ്ഞത്. പ്രേം നസീർ ഇക്കാര്യം അവതരിപ്പിച്ച ശേഷം മോഹൻലാൽ തന്റടുത്ത് ഇയാൾക്ക് ഈ വയസാം കാലത്ത് വേറെ പണിയില്ലേയെന്ന് ചോദിച്ചെന്നും ശ്രീനിവാസൻ പറയുന്നു. വിശദമായി വായിക്കാം.
കടത്തനാടന്‍ അമ്പാടി എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് പ്രേം നസീർ ഈ ആശയം തന്നോട് പറയുന്നതെന്ന് ശ്രീനിവാസൻ പറഞ്ഞു. പ്രേം നസീര്‍ ചിത്രത്തിൽ ചെറിയ വേഷത്തിലായിരുന്നു. കൂടുതൽ സമയവും ഒറ്റക്കായിരുന്നു. ആ സമയത്ത് ഞായിരുന്നു അദ്ദേഹത്തിന്റെ കൂടെ. അദ്ദേഹത്തിന്റെ പഴയ കാര്യങ്ങളൊക്കെ പറയുമായിരുന്നു. അതിനിടെ തനിക്ക് സംവിധാനം ചെയ്യാന്‍ താല്‍പ്പര്യമുണ്ട് എന്ന കാര്യം എന്നോട് പറഞ്ഞു.
നല്ലൊരു കഥ ആലോചിക്കണമെന്നും മോഹന്‍ലാലിനെ നായകനാക്കി സിനിമ ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു. അതിനുശേഷം ഒരു ദിവസം മോഹന്‍ലാല്‍ എന്നോട് പറഞ്ഞു, നസീര്‍ സാര്‍ എന്നെവെച്ച് ഒരു പടം സംവിധാനം ചെയ്യാനുള്ള പരിപാടിയിലാണ്. വയസുകാലത്ത് ഇങ്ങേര്‍ക്ക് വേറെ പണിയൊന്നുമില്ലേയെന്ന്. അപ്പോള്‍ ഞാന്‍ ചോദിച്ചു ലാലിന് ഇഷ്ടമല്ലെങ്കില്‍ പറഞ്ഞാല്‍ പോരെ ഇങ്ങനെയൊക്കെ പറയുന്നത് എന്തിനാണെന്ന്. പെട്ടെന്ന് പറയാന്‍ പറ്റില്ല എന്നായിരുന്നു മോഹൻലാൽ പറഞ്ഞതെന്നും ശ്രീനിവാസൻ പറയുന്നു.
നടരാജന്‍ എന്നു പറഞ്ഞ ആളായിരുന്നു പടത്തിനു വേണ്ടി നടന്നിരുന്നത്. മോഹന്‍ലാലിന്റേയും എന്റേയും അടുത്ത വന്ന് സിനിമയുടെ കാര്യങ്ങള്‍ ചോദിച്ചിരുന്നത് ഇയാളാണ്. നസീര്‍ സാറിന്റെ സിനിമയായതിനാല്‍ മോഹന്‍ലാല്‍ അത് ചെയ്യുമെന്നാണ് എല്ലാവരും കരുതിയിരുന്നത്. ഒരു ദിവസം നടരാജന്‍ വന്ന് എന്നോട് പറഞ്ഞു, ലാല്‍ എന്നോട് തട്ടിക്കയറിയെന്ന്. ഇതുവരെ കഥയായിട്ടില്ലല്ലോ ഞാന്‍ ഏത് സിനിമയില്‍ അഭിനയിക്കണമെന്നാണ് പറയുന്നത് എന്നൊക്കെ ചോദിച്ചാണ് ദേഷ്യപ്പെട്ടു എന്നൊക്കെ.
അപ്പോള്‍ കുറ്റവാളി ഞാനായി. അങ്ങനെ ഞാൻ ഒരു കഥയെക്കുറിച്ച് നടരാജനോട് പറഞ്ഞു. അന്ന് ആലോചിച്ച ആ കഥയാണ് പിന്നീട് സന്ദേശമായത്. അപ്പോള്‍ തന്നെ നടരാജന്‍ മോഹന്‍ലാലിനെ പോയി കണ്ട് കഥ പറഞ്ഞു. വൈകുന്നേരമായപ്പോള്‍ മോഹന്‍ലാല്‍ എന്നെവിളിച്ച് പറയുകയാണ് എന്ത് ചതിയാടോ താന്‍ ചെയ്തത് എന്ന്. ഒരു പാലമിട്ടാല്‍ അങ്ങോട്ടും ഇങ്ങോട്ടും വേണ്ടേ എന്നൊക്കെ. കഥയാവുമ്പോള്‍ എന്റെ അടുത്ത് പറയണ്ടേന്ന്.
പിന്നീട് ലാലിന്റെ കല്യാണ നിശ്ചയത്തിന്റെ ദിവസം നസീര്‍ സാര്‍ ഒരു ചെക്കുമായി ലാലിന്റെ അടുത്തെത്തി. ഇന്നൊരു പുണ്യ ദിവസമായതിനാല്‍ ഇന്നാവട്ടെ എന്റെ അഡ്വാന്‍സ് വാങ്ങുന്നത് എന്ന് പറഞ്ഞ് ചെക്ക് കൊടുത്തു. പുള്ളിക്ക് വാങ്ങേണ്ടിവന്നു. ഇതൊക്കെ കഴിഞ്ഞ് അധിക കാലം കഴിയുന്നതിന് മുന്‍പായിരുന്നു നസീര്‍ സാറിന്റെ മരണം. അടുത്ത ദിവസത്തെ പേപ്പര്‍ നോക്കുമ്പോള്‍ നസീനെ പുകഴ്ത്തിക്കൊണ്ടുള്ള ലാലിന്റെ ഒരു കുറിപ്പ്.
അദ്ദേഹം സംവിധാനം ചെയ്യുന്ന സിനിമയില്‍ അഭിനയിക്കുക എന്നത് എന്റെ ഏറ്റവും വലിയ മോഹമായിരുന്നു എന്നൊക്കെയാണ് എഴുതിയിരുന്നത്. അത് എനിക്ക് സഹിക്കാന്‍ പറ്റിയില്ല. ഞാന്‍ വിളിച്ച് പൊട്ടിത്തെറിച്ചു. ഹിപ്പോക്രസിക്ക് ഒരു പരിധിയുണ്ടെന്ന് പറഞ്ഞെന്നും ശ്രീനിവാസൻ പറയുന്നു.
നേരത്തെ പ്രേം നസീർ ഇക്കാര്യം പറഞ്ഞപ്പോൾ മോഹൻലാൽ സന്തോഷപൂർവ്വം അത് അംഗീകരിച്ചു എന്ന രീതിയിൽ റിപ്പോർട്ടുകൾ വന്നിട്ടുണ്ട്. കൂടാതെ മമ്മൂട്ടിയാണ് പ്രേം നസീർ ചിത്രത്തിൽ നിന്ന് ഒഴിഞ്ഞു മാറിയതെന്നും പ്രചരണങ്ങളുണ്ടായിരുന്നു. എന്നാൽ യഥാർത്ഥത്തിൽ സംഭവിച്ചത് എന്താണെന്ന് ഇപ്പോഴാണ് വ്യക്തമായത് എന്നൊക്കെയാണ് ആരാധാകർ അഭിമുഖത്തിന് താഴെ കമന്റ് ചെയ്യുന്നത്.