സുമിത്ര മഹാജന്‍ മരണപ്പെട്ടുവെന്ന് ശശിതരൂര്‍; തെറ്റായ വാർത്തക്കെതിരെ ബിജെപി, പിന്നാലെ ട്വീറ്റ് പിന്‍വലിച്ച്‌ എംപി

ന്യൂഡല്‍ഹി: മുന്‍ ലോക്സഭാ സ്പീക്കര്‍ സുമിത്ര മഹാജന്‍ മരണപ്പെട്ടുവെന്ന ട്വീറ്റുമായി ശശി തരൂര്‍. എന്നാല്‍ വാര്‍ത്ത തെറ്റാണെന്ന് കാട്ടി ബിജെപി രംഗത്ത് വന്നതിന് പിന്നാലെ മുന്‍ ട്വീറ്റ് നീക്കം ചെയ്തുകൊണ്ട് കോണ്‍ഗ്രസ് എംപി വിശദീകരണവുമായി വീണ്ടും ട്വിറ്ററിലെത്തി.

വാസ്തവം അറിഞ്ഞതില്‍ ഏറെ ആശ്വാസമുണ്ടെന്നും വിശ്വസിനീയം എന്ന് കരുതാവുന്ന ഇടത്തുനിന്നുമാണ് തനിക്ക് ഈ വാര്‍ത്ത ലഭിച്ചതെന്നുമാണ് ശശി തരൂര്‍ ട്വീറ്റ് ചെയ്തത്. മുന്‍ ട്വീറ്റ് പിന്‍വലിക്കുന്നതില്‍ തനിക്ക് സന്തോഷമാണുള്ളതെന്നും ഇത്തരത്തില്‍ വ്യാജവാര്‍ത്ത പടച്ചുവിടുന്നത് വേദനയുണ്ടാകുന്ന കാര്യമാണെന്നും അദ്ദേഹം പറയുന്നു.

സുമിത്ര മഹാജന്‍ പൂര്‍ണമായും ആരോഗ്യവതിയാണെന്ന് പറഞ്ഞുകൊണ്ട് മദ്ധ്യപ്രദേശിലെ ബജെപി നേതാവ് കൈലാഷ് വിജയവര്‍ഗിയ ട്വീറ്റ് ചെയ്തിരുന്നു. കൊവിഡ് രോഗബാധിതയായിരുന്ന മഹാജന്‍ രോഗമുക്തി നേടിയെന്നും ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം അവര്‍ നിരീക്ഷണത്തില്‍ കഴിയുകയാണെന്നും വിജയവര്‍ഗിയ വ്യക്തമാക്കി.

തുടര്‍ന്ന്, അടിസ്ഥാനമില്ലാത്ത വാര്‍ത്ത ട്വീറ്റ് ചെയ്ത തനിക്കെതിരെ ബിജെപി നേതാക്കള്‍ വിമര്‍ശനവുമായി എത്തിയതോടെയാണ് ശശി തരൂര്‍ തന്റെ മുന്‍ ട്വീറ്റ് ഡിലീറ്റ് ചെയ്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News