KeralaNews

സദ്ഭരണം എന്തെന്ന് യോഗി കേരളത്തെ കണ്ടു പഠിക്കട്ടെ; പുകഴ്ത്തി ശശി തരൂര്‍

തിരുവനന്തപുരം: കെ റെയിലുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്നതിനിടെ, സദ്ഭരണത്തിന്റെ പേരില്‍ കേരളത്തെ പ്രശംസിച്ച് പാര്‍ട്ടി എംപി ശശി തരൂര്‍. സദ്ഭരണം എന്താണെന്ന് ഉത്തര്‍പ്രദേശ് കേരളത്തെ കണ്ടു പഠിക്കണമെന്ന് തരൂര്‍ ട്വിറ്ററില്‍ കുറിച്ചു. നീതി ആയോഗിന്റെ ദേശീയ ആരോഗ്യ സൂചികയില്‍ കേരളം വീണ്ടും ഒന്നാമതെത്തിയതു ചൂണ്ടിക്കാട്ടിയാണ് ട്വീറ്റ്.

കെ റെയിലില്‍ പാര്‍ട്ടി നിലപാടിനു വിരുദ്ധമായി അഭിപ്രായം പറഞ്ഞതിന് തരൂരിനെതിരെ കെപിസിസി നേതൃത്വം രംഗത്തുവന്നിരുന്നു. കെ റെയിലുമായി ബന്ധപ്പെട്ട് യുഡിഎഫ് എംപിമാര്‍ കേന്ദ്ര റെയില്‍വേ മന്ത്രിക്കു നല്‍കിയ നിവേദനത്തില്‍ ഒപ്പിടാന്‍ തരൂര്‍ വിസമ്മതിച്ചതും ചര്‍ച്ചയായി. മുഖ്യമന്ത്രി കേരളത്തിന്റെ വികസനത്തിന് തടസ്സം നില്‍ക്കുന്ന കാര്യങ്ങളെ മാറ്റാന്‍ ശ്രമിക്കുകയാണെന്ന തരൂരിന്റെ അഭിപ്രായവും പാര്‍ട്ടിയില്‍ വിമര്‍ശനങ്ങള്‍ക്കു വഴിവച്ചിരുന്നു.

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ടാഗ് ചെയ്ത് കൊണ്ടാണ്, കേരളത്തെ പുകഴ്ത്തി തരൂര്‍ ട്വീറ്റ് ചെയ്തത്. യോഗി ആദ്യത്യനാഥ് ആരോഗ്യ സുരക്ഷ മാത്രമല്ല സദ്ഭരണവും എല്ലാവരെയും ഉള്‍പ്പെടുത്തിയുള്ള രാഷ്ട്രീയവും എന്തെന്ന് കേരളത്തെ കണ്ടുപഠിക്കണം.

അങ്ങനെയെങ്കില്‍ രാജ്യത്തിനു ഗുണം ഉണ്ടാകും. ഇല്ലെങ്കില്‍ എല്ലാവരെയും അവരുടെ നിലവാരത്തിലേക്ക് അവര്‍ വലിച്ചു താഴെയിടും- ശശി തരൂര്‍ കുറിച്ചു. ആരോഗ്യ സുരക്ഷയില്‍ കേരളം യുപിയെ കണ്ടു പഠിക്കണമെന്ന യോഗി ആദ്യത്യനാഥിന്റെ 2017ലെ പരാമര്‍ശം ഉള്‍ക്കൊള്ളുന്ന വാര്‍ത്തയുടെ തലക്കെട്ടും ട്വീറ്റിനൊപ്പമുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button