തിരുവനന്തപുരം: പാകിസ്താനുമായി കളിക്കാൻ തീരുമാനിച്ചാൽ കളിയുടെ സ്പിരിറ്റിൽത്തന്നെ കളിക്കണമായിരുന്നു. കാർഗിൽ യുദ്ധകാലത്തും ഇന്ത്യൻ ടീം പാകിസ്താനുമായി ക്രിക്കറ്റ് കളിച്ചിട്ടുമുണ്ട് കൈകൊടുത്തിട്ടുമുണ്ട് -തരൂർ വ്യക്തമാക്കി.
‘‘കളി കളിയുടെ സ്പിരിറ്റിൽത്തന്നെ എടുക്കണം. അതിലേക്ക് രാഷ്ട്രീയവും സൈനികനീക്കങ്ങളും ഉൾപ്പെടുത്തരുത്. കളിക്കാൻ ഒരിക്കൽ തീരുമാനിച്ചാൽ അത് വിജയിക്കാനുള്ള മത്സരമായിമാത്രം കാണണം. കളിക്കാരുടെ സ്പിരിറ്റ് എന്നത് മറ്റുമേഖലകൾകൂടി മാതൃകയാക്കുന്നതാണ്’’
‘‘പാകിസ്താനെതിരേ ശക്തമായനിലപാടാണ് സ്വീകരിക്കുന്നതെങ്കിൽ, ഇന്ത്യൻ ടീം പാകിസ്താനുമായി കളിക്കാൻപാടില്ലായിരുന്നു. പക്ഷേ, അവരുമായി നമ്മൾ കളിക്കാൻ തീരുമാനിച്ചാൽ കളിയുടെ സ്പിരിറ്റിൽത്തന്നെ കളിക്കണം. താരങ്ങൾക്ക് ഹസ്തദാനം നൽകണമായിരുന്നു. രാജ്യത്തിനായി സൈനികർ മരിക്കുന്നദിവസം, ഇംഗ്ലണ്ടിൽ പാകിസ്താനെതിരേ ലോകകപ്പ് കളിക്കുകയായിരുന്നു ഇന്ത്യ. കളിയുടെ സ്പിരിറ്റ് രാജ്യങ്ങൾക്കിടയിലും സൈന്യങ്ങൾക്കിടയിലും മറ്റും നടക്കുന്നതിൽനിന്ന് വ്യത്യസ്തമായ ഒന്നായതിനാൽ നമ്മൾ ഹസ്താദാനം നൽകിയിരുന്നു. അതാണ് എന്റെ നിലപാട്’’-തരൂർ നിലപാടറിയിച്ചു.
പാകിസ്താനെതിരായ വികാരങ്ങൾ മനസ്സിലാക്കാവുന്നതാണ്. എന്നാൽ, കളിയുടെ ആത്മാവിനെ രാഷ്ട്രീയത്തിൽനിന്നും സൈനികസംഘർഷങ്ങളിൽനിന്നും വേറിട്ടുനിർത്തണം. -തരൂർ കൂട്ടിച്ചേർത്തു.
ദുബായിൽ നടന്നുകൊണ്ടിരിക്കുന്ന ഏഷ്യാകപ്പ് ടൂർണമന്റിൽ പാകിസ്താനെതിരായ മത്സരശേഷമാണ് ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് പാക് താരങ്ങൾക്ക് ഹസ്തദാനംനൽകാതെ വിട്ടുനിന്നത്.ഹസ്തദാനവിവാദത്തിൽ പൈക്രോഫ്റ്റിനെ ടൂർണമെന്റിൽനിന്ന് മാറ്റിനിർത്തണമെന്ന് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ഐസിസിയോട് ആവശ്യപ്പെട്ടിരുന്നു.


