ന്യൂഡൽഹി: തിരഞ്ഞെടുപ്പിൽ സമദൂര നിലപാടിൽ മാറ്റമില്ലെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ വ്യക്തമാക്കിയിട്ടുണ്ടെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. എല്ലാ സാമുദായിക സംഘടനകളോടും നല്ലബന്ധം പുലർത്തുന്ന പ്രസ്ഥാനമാണ് കോൺഗ്രസ്. എൻഎസ്എസ് നിലപാടുകളോട് എന്നും കോൺഗ്രസ് പൊരുത്തപ്പെട്ടിട്ടുണ്ട്. കൂടുതൽ പ്രയാസം ഉണ്ടാകാതെ മുന്നോട് പോകാനാണ് ശ്രമിക്കുന്നത്.അവരുടെ ആശങ്കകളെ കുറിച്ച് ആഴത്തിൽ ചിന്തിക്കുന്ന പാർട്ടിയാണ് കോൺഗ്രസ്. ആശയവിനിമയത്തിൽ കുറവുണ്ടായിട്ടുണ്ടെങ്കിൽ അതുപരിഹരിക്കുമെന്നും കെസി പറഞ്ഞു.
കോൺഗ്രസിൽ ഒറ്റപ്പെട്ട നിലപാടില്ല. ദേശീയ നിലപാട് അനുസരിച്ചാണ് സംസ്ഥാനങ്ങളിലും നടപടികളെടുക്കുന്നത്. വ്യത്യസ്ത അഭിപ്രായങ്ങളുണ്ടെങ്കിലും പാർട്ടി ഒരു നിലപാട് സ്വീകരിച്ചാൽ അതെല്ലാരും അംഗീകരിക്കും. ഓരോ വിഷയത്തിലും രാഷ്ട്രീയ പാർട്ടികൾക്കും സാമുദായിക സംഘടനകൾക്കും അവരവരുടെതായ അഭിപ്രായങ്ങളും തീരുമാനവുമുണ്ടാകും. അവ രണ്ടും കൂട്ടിക്കുഴയ്ക്കരുത്. കോൺഗ്രസിന്റെ അഭിപ്രായം എൻഎസ്എസ് പറയണമെന്ന് പറയുന്നതിൽ കാര്യമില്ല. അതുപോലെ എൻഎസ്എസിന്റെ അഭിപ്രായം അതേപടി പറയാൻ അവർ കോൺഗ്രസിനോടും ആവശ്യപ്പെട്ടിട്ടില്ല. കോൺഗ്രസ് നിലപാട് എടുക്കുന്നത് രാഷ്ട്രീയ കാഴ്ചപാടിന്റെയും അനുഭവത്തിന്റെയും അടിസ്ഥാനത്തിലാണ്. അതുപോലെ തന്നെയാണ് എൻഎസ്എസും. അവരുടെ നിലപാടുകളെ കോൺഗ്രസ് ബഹുമാനിക്കുന്നുവെന്നും കെസി വേണുഗോപാൽ പറഞ്ഞു.
കോൺഗ്രസ് പ്രവർത്തക സമിതി യോഗം ബിഹാറിൽ ചേർന്ന് സുപ്രധാന വിഷയങ്ങൾ ചർച്ച ചെയ്തതായും അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത ചോദ്യം ചെയ്യുന്ന തരത്തിലുള്ള വോട്ടു കൊള്ള തുറന്നുകാട്ടുന്ന വലിയ വെളിപ്പെടുത്തൽ കോൺഗ്രസിന്റെ ഭാഗത്ത് നിന്നുണ്ടാകും. കൃത്യമായ തെളിവുകൾ ശേഖരിച്ച് ശേഷം അത് രാജ്യത്തെ ജനങ്ങളെ കോൺഗ്രസ് ബോധ്യപ്പെടുത്തും. തിരഞ്ഞെടുപ്പ് കമ്മീഷന് നിഷേധിക്കാൻ കഴിയാത്ത തെളിവുകളുടെ അടിസ്ഥാനത്തിലാണ് കോൺഗ്രസ് വെളിച്ചത്ത് കൊണ്ടുവന്ന വോട്ട് കൊള്ളയുടെ വസ്തുതകൾ.
കർണ്ണാടക, മഹാരാഷ്ട്ര ഉൾപ്പെടെയുള്ള ഇടങ്ങളിലെ വോട്ട് കൊള്ള പുറത്തുവിട്ടിട്ട് രണ്ടുമാസം കഴിഞ്ഞിട്ടും തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗത്ത് നിന്ന് ഒരു നടപടിയും ഉണ്ടായില്ല. രാജ്യവ്യാപകമായി നടക്കുന്ന വോട്ട് തിരിമറിക്കെതിരായ പ്രചാരണം ശക്തിപ്പെടുത്താനും താഴെത്തട്ടിൽ നിന്ന് സംഘടനയെ ശക്തമാക്കാനും തീരുമാനിച്ചിട്ടുണ്ടെന്നും വേണുഗോപാൽ വ്യക്തമാക്കി.
ബിഹാറിൽ മഹാസഖ്യം ഒറ്റക്കെട്ടായി മുന്നോട്ട് പോകും. സീറ്റ് വിഭജന ചർച്ചകൾ സുഗമമായി പുരോഗമിക്കുകയാണ്. ലഡാക്കിലെ സംഘർഷങ്ങൾ ബിജെപിയുടെ രാഷ്ട്രീയ നാടകങ്ങൾക്കുള്ള തിരിച്ചടിയാണ്. രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള തരംതാണ തീരുമാനങ്ങൾ എടുക്കുന്നതിനാലാണ് അതിർത്തി പ്രദേശങ്ങളിൽ സംഘർഷമുണ്ടാകുന്നത്.
ഗൗരവതരമാണിത്. ജനകീയ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിന് പകരം, രാഹുൽ ഗാന്ധിയുടെയും മറ്റുള്ളവരുടെയും തലയിൽ കുറ്റം കെട്ടിവെക്കാനാണ് ബിജെപി ശ്രമിക്കുന്നത്. പ്രതിപക്ഷത്തെ കുറ്റം പറഞ്ഞു രക്ഷപ്പെടാതെ ലഡാക്കിലെ ജനങ്ങളുടെ പ്രശ്‌നങ്ങൾ അടിയന്തരമായി പരിഹരിക്കണം. വിദേശകാര്യ നയത്തിലെ പാളിച്ചകളാണ് രാജ്യത്ത് ഉണ്ടാകുന്ന ഇത്തരം പ്രതിഫലനങ്ങളെന്നും വേണുഗോപാൽ പറഞ്ഞു.
കെപിസിസി പുനഃസംഘടന കാര്യങ്ങൾ തീരുമാനിക്കേണ്ടത് സംസ്ഥാന നേതൃത്വമാണ്. രണ്ടുമൂന്ന് മാസമെടുത്ത് ദീർഘമായ പ്രക്രിയയാണ് പുനസംഘടനയ്ക്ക് വേണ്ടത്. മുൻ കേന്ദ്രമന്ത്രിമാരടക്കം മുതിർന്ന നേതാക്കൾ ദിവസങ്ങളോളം പുനസംഘടന നടക്കുന്ന സംസ്ഥാനങ്ങളിൽ തങ്ങി നേതാക്കളുടെ അഭിപ്രായം ആരാഞ്ഞാണ് നടപടികൾ പൂർത്തിയാക്കുന്നത്.
ഇത്തരത്തിൽ പത്തോളം സംസ്ഥാനങ്ങളിൽ പുനസംഘടനാ നടപടികൾ പൂർത്തിയായി. എഐസിസി നിരീക്ഷകരെ ജില്ല,ബ്ലോക്ക്,മണ്ഡലം എന്നിവിടങ്ങളിലേക്ക് അയച്ച് പാനലാക്കിയ ശേഷമാണ് പുനസംഘടന നടത്തുന്നത്. തിരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന സംസ്ഥാനങ്ങളിൽ ഈ പ്രക്രിയ പൂർത്തിയാക്കുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുണ്ട്. അദ്ദേഹം പറഞ്ഞു.
അതിനാൽ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളായ കേരളം, ബംഗാൾ,തമിഴ്‌നാട് ബീഹാർ,ആസാം എന്നീ സംസ്ഥാനങ്ങളെ തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ പുനഃസംഘടനാ പ്രക്രിയയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.നിലവിലെ സ്ഥിതി തുടരും. അതിന്റെ അർത്ഥം കേരളത്തിൽ പുനഃസംഘടന നടത്തികൂടായെന്നല്ല. ദീർഘമായ പ്രക്രിയ ആവശ്യമല്ലാത്ത പുനഃസംഘടനാ നടപടികൾ തുടരും. സംസ്ഥാനം ആവശ്യപ്പെട്ടാൽ പുനഃസംഘടന പ്രക്രിയ നടത്തുമെന്നും കെസി വേണുഗോപാൽ വ്യക്തമാക്കി.


