കൊറോണ വൈറസ് സംസ്ഥനത്ത് ഭീതി പടര്‍ത്തി വ്യാപിക്കുമ്പോള്‍ കടുത്ത ജാഗ്രതയോടെയാണ് സംസ്ഥാന സര്‍ക്കാരും ആരോഗ്യ വകുപ്പും മുന്നോട്ട് പോകുന്നത്. എന്നാല്‍ വളരെ ഇന്റലിജന്റായി പ്രവര്‍ത്തിക്കുന്ന ആരോഗ്യമന്ത്രിയുടെ പ്രവര്‍ത്തനങ്ങളെ വളരെ രൂക്ഷമായ ഭാഷയിലാണ് പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചത്.
ആരോഗമന്ത്രിയുടെ മീഡിയ മാനിയ വല്ലാതെ കൂടുന്നുവെന്നും ഒരു ദിവസം പല വാര്‍ത്താ സമ്മേളനം നടത്തി ആരോഗ്യമന്ത്രി മുഖം മിനുക്കുകയാണെന്നുമായിരുന്നു ചെന്നിത്തലയുടെ രൂക്ഷ വിമര്‍ശനം.
ഇപ്പോഴിതാ ഇതിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാന്‍. കേരളത്തിലെ പ്രതിപക്ഷത്തെ ഓര്‍ത്ത് നാണക്കേട് തോന്നുന്നുവെന്ന് ഷാന്‍ റഹ്മാന്‍ ഫെയ്സ്ബുക്കിലെഴുതിയ കുറിപ്പില്‍ പറയുന്നു.
ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെ
ലോകാരോഗ്യ സംഘടന കോവിഡ് 19-നെ മഹാമാരിയായി പ്രഖ്യാപിച്ചിരിക്കുന്നു. വൈറസിനെ പ്രതിരോധിക്കാന്‍ എന്തൊക്കെ നടപടികളാണ് അധികൃതര്‍ സ്വീകരിക്കുന്ന ചെറുതും വലുതുമായി നടപടികളെ കുറിച്ചറിയാന്‍ ജനങ്ങള്‍ക്ക് അര്‍ഹതയുണ്ട്. പ്രതിപക്ഷ നേതാവ് പറഞ്ഞിരിക്കുന്നത് ആരോഗ്യമന്ത്രിക്ക് മീഡിയ മാനിയ ആണെന്നാണ്, പബ്ലിസിറ്റിക്ക് വേണ്ടിയാണ് ആരോഗ്യമന്ത്രി വാര്‍ത്താസമ്മേളനം നടത്തുന്നത് എന്നാണ്.
പ്രിയപ്പെട്ട സര്‍, നിപ വൈറസിന്റെ കാലത്ത് നിങ്ങളെല്ലാവരും സുരക്ഷിത കേന്ദ്രങ്ങളില്‍ ഒളിച്ചിരുന്നപ്പോള്‍ ആരോഗ്യമന്ത്രിയും സംഘവും ചേര്‍ന്നാണ് അതിനെ നേരിട്ടത്. അത്തരം വലിയ പ്രതിസന്ധികളെ നേരിടാന്‍ പ്രാപ്തിയുള്ള ആരോഗ്യമന്ത്രിയാണ് നമുക്കുള്ളത്. രാത്രിയും പകലും ജോലി ചെയ്ത് സ്വന്തം ജനങ്ങളെ കാത്തുസംരക്ഷിക്കുന്ന മന്ത്രി. ഇപ്പോള്‍ ലോകം മുഴുവന്‍ നമ്മളെ നിരീക്ഷിക്കുകയാണ്. നമ്മളെ നോക്കി പഠിക്കുകയാണ്. എന്നാല്‍ നിങ്ങള്‍ക്ക് ഇതൊന്നും സഹിക്കില്ലെന്ന് എനിക്കറിയാം. കാരണം മാധ്യമശ്രദ്ധ നിങ്ങളില്‍ നിന്നും മാറി. ആരോഗ്യമന്ത്രി അവരുടെ കടമയാണ് നിറവേറ്റുന്നത്. പ്രതിപക്ഷ നേതാവിനെയോര്‍ത്ത് ലജ്ജ തോന്നുന്നു. എല്ലാവരും ഒരുമിച്ച് നല്‍ക്കേണ്ട സമയമാണ് ഇത്. എന്നാല്‍ ആരോഗ്യമന്ത്രി സംസാരിക്കുന്നതിനിടെ കൂവി വിളിച്ച് നിങ്ങള്‍ ചീപ് ഡ്രാമ കാണിക്കുന്നു. കഷ്ടം തോന്നുന്നു നിങ്ങളോട്, ശൈലജ മാഡം പറഞ്ഞതുപോലെ ജനങ്ങള്‍ ഇതെല്ലാം കാണുന്നുണ്ട്.