31.1 C
Kottayam
Friday, May 17, 2024

ഡോക്ടര്‍ ശംഭു ആണ് താരം! റാന്നിയില്‍ കൊറോണ വൈറസ് സാന്നിധ്യം ആദ്യം തിരിച്ചറിഞ്ഞ ആ ഡോക്ടറെ പരിചയപ്പെടാം

Must read

തിരുവനന്തപുരം: ഡോക്ടര്‍ ശംഭു അപ്പോള്‍ ആ ചോദ്യം ചോദിച്ചില്ലായിരുന്നെങ്കില്‍ കേരളം ഒരുപക്ഷെ ഇറ്റലിയോ വുഹാനോ ആയി മാറുമായിരിന്നു. റാന്നി സര്‍ക്കാര്‍ താലൂക്ക് ആശുപത്രിയിലെ ഡോക്ടറാണ് ശംഭു. തന്റെ അടുത്ത് പനിയുമായി വന്ന രോഗിയോട് ഡോക്ടര്‍ ആ ചോദ്യം ചോദിച്ചു. വിദേശത്ത് പോയിരുന്നോ.. ഇല്ലെന്ന് ആ രോഗി ഉത്തരം പറഞ്ഞതോടെ ബന്ധുക്കളോ അയല്‍ക്കാരോ സുഹൃത്തുക്കളൊ ആരെങ്കിലും വിദേശത്തുനിന്ന് വന്നിട്ടുണ്ടോയെന്നായിരുന്നു അടുത്ത ചോദ്യം. ഈ ചോദ്യത്തിനുള്ള ഉത്തരമാണ് കേരളത്തിലെ രണ്ടാം ഘട്ട കൊറോണ വ്യാപനത്തെ തിരിച്ചറിഞ്ഞതും അതിന് കാരണം കൊറോണയുമായി ഇറ്റലിയില്‍ നിന്ന് ഒരു കുടുംബം വന്നതാണെന്നുമുള്ള ഞെട്ടിക്കുന്ന വസ്തുത പുറംലോകം അറിയുന്നത്.

തന്റെ ചോദ്യത്തിന് ഇറ്റലി എന്ന് ഉത്തരം കിട്ടിയതോടെ ഡോക്ടര്‍ രോഗിയെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റുകയായിരിന്നു. തുടര്‍ന്ന് ഇറ്റലിക്കാരെ തേടി ആംബുലന്‍സ് റാന്നിയിലെ ഐത്തലയിലെത്തുന്നു. ഇവരെ ആശുപത്രിയിലേക്ക് മാറ്റുന്നു. ഒടുവില്‍ കേരളത്തിലെ കൊറോണ ബാധിതരുടെ എണ്ണം 14ല്‍ എത്തിനില്‍ക്കുന്നു. അപ്പോള്‍ ഡോക്ടര്‍ ആ ചോദ്യം ചോദിച്ചില്ലായിരുന്നുവെങ്കില്‍ ഇറ്റലിയില്‍ നിന്ന് വന്നവര്‍ ക്വാറന്റൈന്‍ ചെയ്യപ്പെടാതെ കൂടുതല്‍ പേരിലേക്ക് കൊറോണ പകര്‍ത്തിയേനെ.

ആരോഗ്യമന്ത്രി ശൈലജ ടീച്ചര്‍ തന്നെയാണ് ആ ഡോക്ടര്‍ ശംഭുവാണെന്ന് നിയമസഭയില്‍ വെളിപ്പെടുത്തിയത്. ആ പേരു പറഞ്ഞതോടെ ഡോ.ശംഭുവിനെ അഭിനന്ദിച്ചുകൊണ്ടുള്ള പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയകളില്‍ നിറയുകയാണ്. ചലച്ചിത്ര താരം അജുവര്‍ഗീസും ശംഭുവിനെ അഭിനന്ദിച്ച് രംഗത്തെത്തി. ചെങ്ങന്നൂര്‍ സ്വദേശിയായ ശംഭു കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നാണ് എം.ബി.ബിഎസ് പൂര്‍ത്തിയാക്കിയത്. ഡോക്ടര്‍ ലയാ മുരളീധരനാണ് ഭാര്യ.

അജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം.

ഈ പത്തനംതിട്ട ഇറ്റലി കൊറോണ കേസില്‍ കൃത്യ സമയത്ത് ഇടപെട്ട കാരണം, വലിയ വിപത്തില്‍ നിന്നും നാടിനെ രക്ഷിച്ച ഒരു സൂപ്പര്‍ ഹീറോ ഉണ്ട്. ആ സൂപ്പര്‍ ഹീറോ ആണ് റാന്നി ഗവണ്‍മന്റ് ആശുപത്രിയിലേ ഡോക്ടര്‍ ശംഭൂ. ഈ മൂന്ന് ഇറ്റലിക്കാരുടെ വീടിന്റെ തൊട്ടടുത്ത് താമസിക്കുന്ന പനി വന്ന രണ്ടു അയല്‍വാസികള്‍ അത് കാണിക്കാന്‍ ചെന്നപ്പോള്‍ കൃത്യമായി കേസ് പഠിച്ച്, അപഗ്രഥിച്ച് മനസ്സിലാക്കി ഉടന്‍തന്നെ ആ ഇറ്റലിക്കാരെ (ആംബുലന്‍സില്‍ കയറാന്‍ സമ്മതിച്ചില്ലത്രേ) അവരുടെ കാറിലാണേല്‍ അവരുടെ കാറില്‍ കൊണ്ട് വന്ന് ഐസൊലേറ്റ് ചെയ്ത കാരണം ഇത്രയും പേരില്‍ ഇത് നിന്നൂ. ഇല്ലെങ്കില്‍ ഇവര്‍ ഇനിയും നാട് മുഴുവന്‍ കറങ്ങി വൈറസ് അങ്ങ് പറന്ന് അതിഭീകര അവസ്ഥയിലേക്ക് നാട് പോയേനേം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week