തൃശ്ശൂര്‍: മിത്ത് പരാമര്‍ശ വിവാദത്തില്‍ എ.എന്‍. ഷംസീറിനെ രൂക്ഷമായി വിമര്‍ശിച്ച് ബി.ജെ.പി. നേതാവ് ശോഭാ സുരേന്ദ്രന്‍. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാന നേതൃത്വം വളരെ വിദഗ്ധമായി ആലോചിച്ച് ഉറപ്പിച്ച് സ്ത്രീകളെ ശബരിമലകയറ്റാന്‍ കൊണ്ടുവന്നതിന്റെ സൂത്രധാരനായിരുന്നു ഷംസീര്‍ എന്ന് ശോഭാ സുരേന്ദ്രന്‍ ആരോപിച്ചു. ശബരിമലയിലേക്ക് ഒരുകൂട്ടം സ്ത്രീകളെ കൊണ്ടുവരാന്‍ തലശ്ശേരിയില്‍ നടന്ന ആദ്യയോഗത്തില്‍ പങ്കെടുത്ത ആളാണ് ഇന്നത്തെ സ്പീക്കറെന്നും ശോഭ സുരേന്ദ്രൻ തൃശ്ശൂരില്‍ മാധ്യമങ്ങളോടു പറഞ്ഞു.
സി.പി.എമ്മിന്റെ തലവനായ പിണറായി വിജയന്‍ ചില സി.ബി.ഐ. കേസുകളിലും ഇ.ഡി. കേസുകളിലും ഒക്കെ പെടാന്‍ പോകുന്ന സാഹചര്യത്തിൽ വളരെ തന്ത്രപൂര്‍വം പിണറായി വിജയനും എം.വി. ഗോവിന്ദനും ഷംസീറുമെല്ലാം ചേര്‍ന്ന് ഇവിടുത്തെ ചര്‍ച്ചകളെ വഴിതിരിച്ചുവിടാന്‍ നടത്തുന്ന ശ്രമമാണിതെന്നും നിലവിലെ വിവാദത്തെ പരാമര്‍ശിച്ച് ശോഭ പറഞ്ഞു. ഇതിന് പിന്നില്‍ ഇസ്ലാമിക ഭീകരവാദികളുണ്ടെന്നാണ് താന്‍ പറഞ്ഞതെന്നും ശോഭ കൂട്ടിച്ചേര്‍ത്തു.
ഗണപതിയെ വിശ്വാസമില്ലെങ്കില്‍, ഗണപതി ഹോമത്തോട് താല്‍പര്യമില്ലെങ്കില്‍ നിങ്ങള്‍ പിന്നെ എന്തിനാണ് അമ്പലക്കമ്മിറ്റികളില്‍ സഖാക്കന്മാരെ തിരുകിക്കയറ്റുന്നതെന്നും പിന്‍വലിക്കാനുള്ള ആര്‍ജവം കാണിക്കണമെന്നും സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനോട് ശോഭ ആവശ്യപ്പെട്ടു. ഗണപതി സയന്‍സല്ല. ഞങ്ങള്‍ സയന്‍സിനെ മാത്രമേ വിശ്വസിക്കുന്നുള്ളൂ. അതുകൊണ്ട് സഖാക്കന്മാര്‍ ആരും അമ്പലക്കമ്മിറ്റികളില്‍ ഇരിക്കണ്ട എന്ന് പറയാനുള്ള മാന്യത കാണിക്കണമെന്നും ശോഭ ആവശ്യപ്പെട്ടു.
ഷംസീറിന് മുസ്‌ലിം പള്ളിയുടെ മുന്നില്‍നിന്ന് അവരുടെ മതത്തെ കൂടുതല്‍ ശാസ്ത്രീയവത്കരിക്കണമെന്ന് പറയാനുള്ള ധൈര്യമുണ്ടോ? അത് മുസ്‌ലിം ജനസാമാന്യത്തിന്റെ കുഴപ്പമല്ല. ഷംസീര്‍ ഇസ്ലാമിക തീവ്രവാദികളുമായി കൈകോര്‍ത്തുപിടിച്ചുകൊണ്ട്, ഞാനാണ് ഇവിടുത്തെ ഏറ്റവും വലിയ ഇസ്ലാമിക സമൂഹത്തിന്റെ കരുതലും താങ്ങലുമെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുകയാണ്. അത് കേരളത്തില്‍ വിലപ്പോകില്ലെന്നാണ് താന്‍ പറഞ്ഞതെന്നും ശോഭ വ്യക്തമാക്കി.
ശാസ്ത്രത്തെ കൊണ്ടല്ല നാം ആധ്യാത്മികതയെ വായിച്ചിട്ടുള്ളത്. ആധ്യാത്മികതയെ ഓരോ വ്യക്തിയും വായിക്കുന്നത് അതിന് അനുസൃതമായി നിലനില്‍ക്കുന്ന സംവിധാനങ്ങള്‍ കൊണ്ടാണ്. ഷംസീര്‍ സ്പീക്കറെ പോലെ പെരുമാറണമായിരുന്നു. അദ്ദേഹം മാപ്പു പറയാന്‍ തയ്യാറല്ല. ഷംസീറിന്റെ പാര്‍ട്ടിക്ക് വോട്ട് ചെയ്ത ഇവിടുത്തെ ഹിന്ദുമതവിശ്വാസികള്‍ക്ക് ഇപ്പോള്‍ അദ്ദേഹത്തെ തിരിച്ചുവിളിക്കാന്‍ സാധിക്കില്ല. പക്ഷേ, ഭാവികേരളത്തില്‍, അടുത്ത തിരഞ്ഞെടുപ്പില്‍ ഷംസീറിന് അത് അനുഭവവേദ്യമാകുമെന്ന കാര്യത്തില്‍ ഒരു തര്‍ക്കവുമില്ലെന്നും ശോഭ പറഞ്ഞു.