നീ ഭാര്യയുടെ കൂടെ പോകുമ്പോള്‍ ഞാന്‍ പുറകേ വരണോ? മക്കളുടെയും മരുമക്കളുടെയും പുറകേ പോകാറില്ലെന്ന് മല്ലിക

കൊച്ചി:മലയാള സിനിമയിലെ ഏറ്റവും വലിയ താരകുടുംബമാണ് നടി മല്ലിക സുകുമാരന്റേത്. ഭര്‍ത്താവ് സുകുമാരനെ നഷ്ടപ്പെട്ടിട്ടും മക്കളെ പഠിപ്പിച്ച് ഉന്നതിയിലേക്ക് എത്തിക്കാന്‍ മല്ലികയ്ക്ക് സാധിച്ചിരുന്നു. ഇപ്പോഴും പൃഥ്വിരാജും ഇന്ദ്രജിത്തും അമ്മയെ കുറിച്ച് പറയുന്നതും അഭിമാനിക്കുന്നതുമൊക്കെ ഇക്കാര്യത്തിലാണ്.

അതേ സമയം അമ്മയായിട്ട് മാത്രമല്ല മികച്ചൊരു അമ്മായിയമ്മയ്ക്കും മാതൃകയാണ് മല്ലിക സുകുമാരന്‍. വിവാഹം കഴിഞ്ഞതിന് ശേഷം മക്കളുടെയും മരുക്കളുടെയും പിന്നാലെ പോവുന്ന സ്വഭാവം തനിക്കില്ലെന്നാണ് നടി പറയുന്നത്. കറങ്ങാന്‍ പോകാന്‍ മക്കള്‍ വിളിച്ചാലും താനതിന് നില്‍ക്കാറില്ലെന്നാണ് മല്ലിക വ്യക്തമാക്കുന്നത്. അതിന്റെ കാരണം എന്താണെന്നും അഭിമുഖത്തിനിടെ നടി പറയുന്നുണ്ട്.

മരുമക്കള്‍ രണ്ടാളോടും എന്റെയൊരു വിഗ്രഹം ഉണ്ടാക്കി പൂജ മുറിയില്‍ വച്ച് പ്രാര്‍ഥിക്കാന്‍ പറയാറുണ്ടെന്ന് ഞാന്‍ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ടെന്ന് തമാശരൂപേണ മല്ലിക പറയുന്നു. ഒരു കാര്യത്തിനും അമ്മായിയമ്മയില്ല. നിങ്ങളായി നിങ്ങളുടെ പാടായി, എന്നേ ഞാന്‍ അവരോട് പറഞ്ഞിട്ടുള്ളു.

 mallika-

ഇന്ദ്രന്‍ ഇടയ്ക്ക് എന്നെ വിളിക്കും. അമ്മേ വാ നമുക്ക് തായ്‌ലാന്‍ഡിലൊക്കെ പോയിട്ട് വരാമെന്ന് പറയും. നീയും ഭാര്യയും പോകുന്നതിന് പുറകേ ഞാനും വരാനോ? എന്റെ പൊന്ന് മോനെ നാട്ടുകാരെ കൊണ്ട് പറയിപ്പിക്കല്ലേ എന്നാണ് തിരിച്ച് ഞാനവനോട് പറയാറുള്ളത്.

ഞാനങ്ങനെ മക്കളുടെ പുറകേ പോകാറില്ല. എനിക്കത് ഇഷ്ടവുമല്ല. അതിലും എനിക്ക് ഇഷ്ടം എന്റെ നാട്ടുകാരെയും വീട്ടുകാരെയും സുഹൃത്തുക്കളുമൊക്കെയായി സമയം ചിലവഴിക്കുന്നതാണ്.

കഴിഞ്ഞ കാലത്ത് നമ്മളൊക്കെ ജീവിച്ചത്, നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് വേണ്ടി എന്തൊക്കെ ഉണ്ടാക്കി ഇടാം എന്ന് കരുതിയാണ്. ഇന്നും അവരത് ചെയ്യുന്നുണ്ട്. പക്ഷേ അതിനൊപ്പം സ്ഥലം കാണാനും കറങ്ങി നടക്കാനുമൊക്കെയുള്ള പ്രധാന്യം കൊടുക്കുന്നുണ്ട്. ഞങ്ങളൊന്നും അങ്ങനെ കാശ് കളയുകയില്ലായിരുന്നു. രണ്ട് പേര് ദുബായില്‍ പോകുന്ന കാശുണ്ടെങ്കില്‍ അഞ്ച് സെറ്റ് സ്ഥലം വാങ്ങിക്കാമെന്നേ ചിന്തിക്കുമായിരുന്നുള്ളു. അതാണ് ജനറേഷന്റെ വ്യത്യാസം.

എന്റെ സിനിമ കണ്ടിട്ട് നല്ലതാണെന്ന് മക്കളൊക്കെ വിളിച്ച് പറയാറുണ്ട്. നിവിന്‍ പോളിയുടെ അമ്മയായി ലവ് ആക്ഷന്‍ ഡ്രാമയില്‍ ഞാന്‍ അഭിനയിച്ചത് പൃഥ്വിയ്ക്ക് ഇഷ്ടപ്പെട്ടിരുന്നു. അമ്മ അതില്‍ നന്നായിട്ടുണ്ടെന്ന് പൃഥ്വി എന്നെ വിളിച്ച് പറഞ്ഞിരുന്നു. അല്ലേലും ഞാന്‍ ചെയ്യുന്നതാണ് നല്ലത്. നമ്മുടെ രക്തത്തില്‍ നിന്നും പോയതല്ലേ നീയൊക്കെ ചെയ്യുന്നതെന്ന് എല്ലാവരും കൂടുന്ന സമയത്ത് തമാശരൂപേണ പറയാറുണ്ടെന്ന് മല്ലിക കൂട്ടിച്ചേര്‍ത്തു.

കൂട്ടത്തില്‍ കലിപ്പന്‍ പൃഥ്വിരാജാണ്. ഇന്ദ്രജിത്ത് പിന്നെ കളിച്ചും ചിരിച്ചും എല്ലാവരോടും ഒരുപോലെ മിണ്ടും. ആരെങ്കിലും കയറി വരുന്നത് കണ്ടാല്‍ പൃഥ്വിയിങ്ങനെ അതാരാണെന്ന് മനസിലാവാതെ കലിപ്പിലാവും ചോദിക്കുന്നത്. മോനെ ഇത് ഇന്ന ആളാണെന്ന് പറയുമ്പോള്‍ അവന്‍ ആണോന്ന് ചോദിച്ച് സംസാരിക്കും. തുടങ്ങി കിട്ടിയാല്‍ പിന്നെ നിര്‍ത്താതെ സംസാരിച്ചോളും, അതാണ് പൃഥ്വിയുടെ സ്വഭാവം.

എന്റെ രണ്ട് മരുമക്കളും അവരുടെ ഉത്തരവാദിത്തം വളരെ ഭംഗിയായി ചെയ്യുന്നവരാണ്. ഒരു വീട്ടില്‍ എന്തൊക്കെയാണ് ചെയ്യേണ്ടത് അത് വളരെ ഭംഗിയായി തന്നെ അവര്‍ ചെയ്യാറുണ്ട്. അതിൽ തനിക്കേറെ സന്തോഷമാണെ ന്നാണ് മല്ലിക സുകുമാരന്‍ പറയുന്നത്.

സന്തോഷം എന്ന പുതിയ സിനിമയുടെ പ്രൊമോഷന്‍ തിരക്കുകളിലാണ് നടി മല്ലിക സുകുമാരനിപ്പോള്‍. അജിത് വി തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അനു സിത്താര, അമിത് ചക്കാലയ്ക്കല്‍, കലാഭവന്‍ ഷാജോണ്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഫീല്‍ഗുഡ് കുടുംബചിത്രമായി ഒരുക്കുന്ന സിനിമ വൈകാതെ റിലീസിനൊരുങ്ങുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News