നടന്‍ ഷെയിന്‍ നിഗമിന് മലയാളസിനിമയില്‍ വിലക്ക്

കൊച്ചി :യുവതാരം ഷെയിന്‍ നിഗമിന് മലയാള സിനിമയില്‍ വിലക്ക്.നിര്‍മ്മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ അടിയന്തര യോഗത്തിലാണ് തീരുമാനം. ഷെയ്ന്‍ നിഗമിനെ സിനിമകളില്‍ അഭിനയിപ്പിക്കില്ലെന്ന തീരുമാനം നിര്‍മാതാക്കള്‍ താര സംഘടനയായ അമ്മയെ അറിയിച്ചു.

വെയില്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കരാര്‍ ഷെയ്ന്‍ നിഗം ലംഘിച്ചെന്നാണ് ആരോപണം. സെറ്റിലെത്തിയ ഷെയ്ന്‍ ഏറെ നേരം കാരവാനില്‍ വിശ്രമിക്കുകയും തുടര്‍ന്ന് ഒരു സൈക്കിളെടുത്ത് സെറ്റില്‍ നിന്ന് പോയെന്നും അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.

ഷെയ്‌നിനെ അന്വേഷിച്ച സംവിധായകന്‍ ശരതിന് ഷെയ്ന്‍ അയച്ചു നല്‍കിയ വോയിസ് മെസേജും പുറത്തുവന്നിട്ടുണ്ട്. ശരത് നശിപ്പിക്കുന്നത് പ്രകൃതിയെ ആണെന്നും ശരത്തിന്റെ വാശി വിജയിക്കട്ടെ എന്നും പ്രകൃതി എപ്പോഴെങ്കിലും തിരിച്ചടിക്കുമല്ലോ അപ്പോള്‍ അനുഭവിച്ചോളും എന്നും ഷെയ്ന്‍ പറയുന്ന വോയിസ് ക്ലിപ്പാണ് പുറത്തായിരിക്കുന്നത്.

വെയില്‍ സിനിമയുടെ നിര്‍മാതാവ് ജോബി ജോര്‍ജ് തന്നെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയെന്ന ആരോപണവുമായി കഴിഞ്ഞ മാസം ഷെയ്ന്‍ നിഗം രംഗത്തെത്തിയിരുന്നു. താരസംഘടനയായ അമ്മയ്ക്കു പരാതി നല്‍കുകയും ചെയ്തു. എന്നാല്‍ ചിത്രത്തിന്റെ സംവിധായകന്‍ ശരത്, മുന്‍ നിര്‍മാതാവ് സന്ദീപ്, നിലവിലെ നിര്‍മാതാവ് ജോബി ജോര്‍ജ് എന്നിവര്‍ ആരോപണം തട്ടിപ്പാണെന്നും പണം വാങ്ങിയ ശേഷം ഷെയ്ന്‍ സഹകരിക്കുന്നില്ലെന്നും വിശദീകരിച്ച് മാധ്യമങ്ങള്‍ക്കു മുന്നിലെത്തി.

ഇതിനെത്തുടര്‍ന്നു പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഇടപെട്ട് പ്രശ്‌നം ഒത്തുതീര്‍പ്പാക്കിയിരുന്നു. ഒത്തുതീര്‍പ്പനുസരിച്ച് ഷെയ്ന്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന ‘കുര്‍ബാനി’ എന്ന സിനിമയുടെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയ ശേഷം ജോബി നിര്‍മിക്കുന്ന വെയിലിന്റെ ഷൂട്ടിങ്ങിനെത്തുമെന്നായിരുന്നു വ്യവസ്ഥ. കുര്‍ബാനിക്കായി ഷെയ്ന്‍ മുടിമുറിച്ചതു മൂലം വെയിലിലെ കഥാപാത്രത്തിന്റെ രൂപമാറ്റം സംഭവിച്ചെന്നും ഇത് കരാറിന് വിരുദ്ധമാണെന്നുമായിരുന്നു ജോബിയുടെ പരാതി.പിന്നീട് ഷൂട്ടിംഗ് പുനാരംരമഭിച്ചപ്പോഴാണ് പുതിയ സംഭവവികാസങ്ങള്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News