എറണാകുളം: സൗദി അറേബ്യയിൽ നിന്നുമെത്തിയ പ്രവാസി യുവതിക്ക് കളമശ്ശേരി മെഡിക്കൽ കോളേജിൽ സിസേറിയൻ പ്രസവം. കൊല്ലം സ്വദേശിനി ഷാഹിനയാണ് പെൺകുഞ്ഞിന് ജന്മം നൽകിയത്.
കോവിഡ് വ്യാപനത്തെ തുടർന്ന് വിദേശ രാജ്യങ്ങളിൽ നിന്നും പ്രവാസികളെ തിരിച്ചെത്തിക്കുന്ന ദൗത്യമാണ് ഷാഹിനയെ ജന്മനാട്ടിലെത്തിച്ചത്. കഴിഞ്ഞ ദിവസം നെടുമ്പാശ്ശേരിയിലെത്തിയ ദമാം- കൊച്ചി വിമാനത്തിലാണ് വന്നത്.
പൂർണ്ണ ഗർഭിണിയായ ഷാഹിനയോടൊപ്പം അഞ്ചും രണ്ടും വയസുള്ള മക്കളുമുണ്ടായിരുന്നു. ഭർത്താവ് അഹമ്മദ് കബീർ സൗദി അറേബ്യയിൽ നിർമ്മാണമേഖലയിൽ ജോലി ചെയ്യുകയാണ്.
വിമാനത്താവളത്തിൽ വച്ച് അസ്വസ്ഥത അനുഭവപ്പെട്ടതു മൂലം കളമശ്ശേരി മെഡിക്കൽ കോളേജിൽ എത്തിക്കുകയായിരുന്നു. വിമാനത്താവളത്തിൽ നിന്നും ആരോഗ്യ പ്രവർത്തകരാണ് ആംബുലൻസിൽ മെഡിക്കൽ കോളേജിലെത്തിച്ചത്.
അടിയന്തര അവസ്ഥയിൽ കളമശ്ശേരിയിലെ ഗൈനക്കോളജി മേധാവി ഡോ. രാധയുടെ നേതൃത്വത്തിൽ ഡോ.അഞ്ജു വിശ്വനാഥ്, ഡോ.അനിൽകുമാർ എന്നിവരാണ് ശസ്ത്രക്രിയ നടത്തിയത്. കുട്ടികളെയും അമ്മയെയും കോവിഡ് പരിശോധനയും നടത്തി. എല്ലാവരും നെഗറ്റീവ് ആണ്.
കോവിഡ് വ്യാപന പശ്ചാത്തലത്തിൽ നടത്തുന്ന രക്ഷാപ്രവർത്തനത്തിൻ്റെ ഭാഗമായി ജില്ലയിലെത്തി പ്രസവിച്ച രണ്ടാമത്തെ യുവതിയാണ് ഷാഹിന.
കഴിഞ്ഞ ദിവസം നേവി കപ്പലിൽ മാലിദ്വീപിൽ നിന്നുമെത്തിയ തിരുവല്ല സ്വദേശിനി ആൺകുഞ്ഞിന് ജന്മം നൽകിയിരുന്നു. വിദേശത്തു നിന്നും കൊണ്ടുവരുന്നവരിൽ ഗർഭിണികൾക്ക് മുൻഗണന നൽകണമെന്ന് സംസ്ഥാന സർക്കാരും ആവശ്യപ്പെട്ടിരുന്നു.