തിരുവനന്തപുരം: വണ്ടിപ്പെരിയാർ ചൂരക്കുളത്ത് ആറുവയസ്സുകാരിയെ പീഡിപ്പിച്ച് കെട്ടിത്തൂക്കിക്കൊന്ന സംഭവത്തിൽ പെൺകുട്ടിയുടെ വീട് സന്ദർശിക്കാൻ പുറപ്പെട്ട വനിതാ കമ്മീഷൻ അംഗത്തിന്റെ യാത്ര വിവാദമായി. വനിതാ കമ്മീഷൻ അംഗം ഷാഹിദ കമാൽ വണ്ടിപ്പെരിയാറിലേക്കുള്ള യാത്രയിൽ എന്ന് പറഞ്ഞുകൊണ്ട് ഫെയ്സ്ബുക്കിലിട്ട സെൽഫിയാണ് വിവാദമായത്.
പീഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട് സന്ദർശിക്കാൻ ഷാഹിദ കമാൽ നിറപുഞ്ചിരിയോടെ ഉല്ലാസ യാത്ര പോകുന്ന പ്രതീതിയിൽ ഫോട്ടോ പോസ്റ്റു ചെയ്തെന്നാണ് ആക്ഷേപം.
സംഭവത്തിൽ സാമൂഹിക മാധ്യമങ്ങളിൽ നിന്നടക്കം വിവിധ തുറകളിൽ നിന്ന് രൂക്ഷ വിമർശനം ഉയർന്നതോടെ മിനിറ്റുകൾക്കകം ഷാഹിദ കമാൽ പോസ്റ്റ് മുക്കി. എന്നാൽ അവരുടെ മറ്റു പോസ്റ്റുകളുടെ കമന്റുകളി്ൽ ഇതിന്റെ സ്ക്രീൻഷോട്ടുകൾ നിറഞ്ഞു. കോൺഗ്രസ് യുവനിര നേതാക്കൾ അടക്കം വിമർശനവുമായി രംഗത്തുവന്നു
സംഭവം നടന്നിട്ട് ഒരാഴ്ചയിലേറെയായിട്ടും വനിതാ കമ്മീഷൻ ഇടപെടലുണ്ടായത് ഏറെ വൈകിയാണെന്നും ആക്ഷേപമുയർന്നു.
വണ്ടിപ്പെരിയാറിലെ ആറു വയസ്സുകാരിയെ ഒരു നരാധമൻ കൊലപ്പെടുത്തിയത് കേരളത്തിലെ പൊതുസമൂഹം അറിഞ്ഞിട്ട് ഒരാഴ്ചയിൽ കൂടുതലാകുന്നു. പ്രതി ഡിവൈഎഫ്ഐ പ്രവർത്തകൻ ആയതുകൊണ്ട് സംസ്ഥാന വനിതാ കമ്മീഷൻ സ്വാഭാവികമായും ഇതുവരെ ഒന്നും ചെയ്തിട്ടില്ലെന്ന് കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ കെ.എസ്.ശബരിനാഥൻ ആരോപിച്ചു.
‘ഈ കൊലപാതകം ചർച്ചയായപ്പോൾ ‘സംഭവസ്ഥലം വനിതാ കമ്മീഷൻ സന്ദർശിച്ചു’ എന്ന വാർത്ത വരാൻ വേണ്ടിയായിരിക്കും ഒരു കമ്മീഷൻ അംഗം കുറച്ചുമുമ്പ് വണ്ടിപ്പെരിയാറിലേക്ക് യാത്രതിരിച്ചിട്ടുണ്ട്.നാട്ടുകാരെ അറിയിക്കാൻ ഫേസ്ബുക്കിൽ ഹൈറേഞ്ചിലേക്ക് പോകുന്ന ടൂറിസ്റ്റിനെ പോലെ നിറപുഞ്ചിരിയുള്ള സെൽഫി പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഇത്രയും സെൻസിറ്റീവിറ്റിയില്ലാത്ത/ ആർദ്രതയില്ലാത്ത വനിത കമ്മിഷൻ അംഗങ്ങളെ കേരളജനത ഇനി സഹിക്കേണ്ടതുണ്ടോ?Utterly disrespectful and crue’ ശബരിനാഥൻ ഫെയ്സ്ബുക്കിൽ കുറിച്ചു.