ഇസ്‌ലാമാബാദ്: പാകിസ്താന്റെ 24-ാമത്തെ പ്രധാനമന്ത്രിയായി പി.എം.എല്‍.-എന്‍ അധ്യക്ഷന്‍ ഷഹബാസ് ഷരീഫിനെ തിരഞ്ഞെടുത്തു. ഇത് രണ്ടാം തവണയാണ് ഷഹബാസ് പാക് പ്രധാനമന്ത്രിയാകുന്നത്. പ്രധാനമന്ത്രി തിരഞ്ഞെടുപ്പില്‍ 201 വോട്ടുകളാണ് ഷഹബാസിന് ലഭിച്ചത്.
മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയായ പി.ടി.ഐ. പിന്തുണയ്ക്കുന്ന സുന്നി ഇതിഹാദ് കൗണ്‍സില്‍ സ്ഥാനാര്‍ഥി ഒമര്‍ അയൂബ് ഖാനായിരുന്നു എതിരാളി. 92 വോട്ടുകളാണ് അദ്ദേഹത്തിന് ലഭിച്ചത്.
മുന്‍ വിദേശകാര്യമന്ത്രി ബിലാവല്‍ ഭൂട്ടോ സര്‍ദാരിയുടെ പി.പി.പി.യുടേതടക്കം ആറോളം കക്ഷികളുടെ പിന്തുണ ഷഹബാസിനുണ്ടായിരുന്നു. പാക് മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ സഹോദരന്‍ കൂടിയാണ് ഷഹബാസ്.
വേഗത്തില്‍ നീതി ലഭ്യമാക്കുന്ന സംവിധാനം തന്റെ സര്‍ക്കാര്‍ കൊണ്ടുവരുമെന്ന് പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ഷഹബാസ് പ്രഖ്യാപിച്ചു. രണ്ട് വര്‍ഷത്തില്‍ താഴെ തടവുശിക്ഷ ലഭിച്ചിട്ടുള്ള സ്ത്രീകളെയും കുട്ടികളെയും ജയില്‍ മോചിതരാക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
ദേശീയ അസംബ്ലിയുടെ ചെലവിന് പോലും കടംവാങ്ങേണ്ടി വരുന്ന ഭയനാകരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് പാകിസ്താന്‍ പോയികൊണ്ടിരിക്കുന്നത്. ആഴത്തിലുള്ള ശസ്ത്രക്രിയ നടത്തി വന്‍പരിഷ്‌കരണത്തിനാണ് തന്റെ സര്‍ക്കാര്‍ ഒരുങ്ങുന്നതെന്നും ഷഹബാസ് പറഞ്ഞു.
പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും ഭാര്യ ബുഷ്റയ്ക്കുമെതിരെ അനധികൃത സ്വത്ത് സമ്പാദനത്തിന് കുറ്റം ചുമത്തി പാകിസ്ഥാന്‍ കോടതി. ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രിയായിരുന്ന കാലത്ത് കൈക്കൂലിയായി ഭൂമി കൈപ്പറ്റിയതായാണ് ആരോപണം.
71 കാരനായ ഖാൻ മറ്റ് കേസുകളുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് മുതൽ ജയിലിലാണ്. രഹസ്യ സ്വഭാവമുള്ളതും രാജ്യരക്ഷയെ ബാധിക്കുന്നതുമായ രേഖകൾ പരസ്യമാക്കി എന്ന കേസില്‍ 10 വര്‍ഷം തടവ് ശിക്ഷയാണ് കോടതി വിധിച്ചത്. എന്നാല്‍ തനിക്കെതിരെയുള്ള ആരോപണങ്ങളെല്ലാം ഇമ്രാന്‍ ഖാന്‍ നിഷേധിച്ചിരുന്നു.
ആത്മീയതയിലൂടെ പ്രശസ്തയാണ് ഇമ്രാന്‍ ഖാന്‍റെ ഭാര്യ ബുഷ്റ എന്ന ബുഷ്റ ബീബി. തന്‍റെ ആത്മീയ നേതാവ് ബുഷ്റയാണെന്ന് പലപൊതുവേദികളിലും ഇമ്രാന്‍ ഖാന്‍ പറഞ്ഞിട്ടുണ്ട്.