കൊച്ചി;മലയാളത്തിലെ എക്കാലത്തേയും ജനപ്രീയ സിനിമകളിലൊന്നാണ് ഹരികൃഷ്ണന്‍സ്. തങ്ങളുടെ നീണ്ടകാലത്തെ കരിയറില്‍ മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിച്ച് ഒരുപാട് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ആരാധകരുടെ മനസില്‍ എന്നുമൊരു സ്ഥാനമുണ്ട്. രണ്ടു പേരും തങ്ങളുടെ കരിയറിന്റെ പീക്കില്‍ നില്‍ക്കെ ചെയ്ത സിനിമ, രണ്ടുപേര്‍ക്കും ഒരേ പ്രാധ്യാനം നല്‍കിയൊരുക്കിയ സിനിമ. ജൂഹി ചൗളയാണ് ചിത്രത്തില്‍ നായികയായി എത്തിയത്.
ഈ താരസംഘമത്തെ മറ്റൊരു തലത്തിലേക്ക് എത്തിക്കാനുള്ള അവസരം കൂടി ഉണ്ടായിരുന്ന ചിത്രമാണ് ഹരികൃഷ്ണന്‍സ്. ബോളിവുഡിന്റെ കിങ് ഖാന്‍ ഷാരൂഖ് ഖാന്‍ ഹരികൃഷ്ണന്‍സില്‍ അതിഥി വേഷത്തില്‍ അഭിനയിക്കാനിരുന്നതാണ്. ഇതിനായി ഫോട്ടോഷൂട്ടും നടത്തിയിരുന്നു. അതും ഷാരൂഖ് ഖാന്‍ ഇങ്ങോട്ട് അവസരം ചോദിച്ചു വരികയായിരുന്നു.
ഇപ്പോഴിതാ ഹരികൃഷ്ണന്‍സില്‍ അവസരം ചോദിച്ച് ഷാരൂഖ് ഖാന്‍ എത്തിയതിനെക്കുറിച്ച് മനസ് തുറക്കുകയാണ് ഫാസില്‍. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ആ രസകരമായ കഥ പറയുന്നത്. ജൂഹി ചൗളയും ഷാരൂഖ് ഖാനും ബോളിവുഡിലെ ഹിറ്റ് ജോഡിയാണ്. ഓഫ് സ്‌ക്രീനിലും ഇരുവരും വളരെ അടുത്ത സുഹൃത്തുക്കളാണ്.
‘പലര്‍ക്കും പലതും ഞാന്‍ അഭിനയിച്ചു കാണിക്കുന്നത് തുടക്കം മുതലേ ജൂഹി ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഒരു ദിവസം അവര്‍ ലാലിനോടും മമ്മൂട്ടിയോടും പ ”ഒരുപാട് സംവിധായകരെ കണ്ടിട്ടുണ്ട്. പക്ഷെ ഇങ്ങനെ അഭിനയിച്ചു കാണിക്കുന്ന ആരുമില്ല”എന്ന് പറഞ്ഞുവെന്നാണ് ഫാസില്‍ പറയുന്നത്. ആ സമയത്ത് ഏതോ സിനിമയുമായി ബന്ധപ്പെട്ട് ഊട്ടിയിലുള്ള ഷാരൂഖ് ഖാനോടും ജൂഹി ഈ വിവരം പറഞ്ഞു. അടുത്ത ദിവസം ഷാരൂഖ് ഖാന്‍ ഹരികൃഷ്ണന്‍സിന്റെ ലൊക്കേഷനിലെത്തി. സര്‍ എനിക്കീ സിനിമയില്‍ ഒരു ഷോട്ടെങ്കിലും വേണം. എപ്പോള്‍ വിളിച്ചാലും വരാം” എന്ന് പറഞ്ഞുവെന്നും അദ്ദേഹം ഓര്‍ക്കുന്നു.
”ഞങ്ങള്‍ ആകെ പരിഭ്രാന്തരായി. ബോളിവുഡിന്റെ മെഗാ താരമാണ് ഓഫര്‍ തരുന്നത്. എന്ത് ചെയ്യും? ഒടുവില്‍ എന്റെ മനസിലൊരു വഴി തെളിഞ്ഞു. മീര ഹരിക്കോ കൃഷ്ണനോ എന്ന ആകാംഷ കത്തി നില്‍ക്കുമ്പോള്‍ ഷാരൂഖ് വന്ന് മീരയെ സ്വന്തമാക്കുന്നതായി ഒരു ക്ലൈമാക്‌സ്. അതിന്റെ ചില സ്റ്റില്ലുകളും എടുത്തു. അപ്പോള്‍ അടുത്ത പ്രശ്‌നം. ഷാരൂഖ് ഖാന്‍ സിനിമയിലുണ്ടെന്ന വാര്‍ത്ത പരക്കുന്നതോടെ പ്രേക്ഷകര്‍ ഈ ക്ലൈമാക്‌സ് പ്രതീക്ഷിക്കും. അതു പടത്തിന്റെ കഥാഗതിയിലുള്ള കൗതുകം മുഴുവന്‍ നശിപ്പിക്കും. അങ്ങനെ ഹരികൃഷ്ണന്‍സിനെ രക്ഷപ്പെടുത്താന്‍ ഷാരൂഖിനെ ഒഴിവാക്കി” ഫാസില്‍ പറയുന്നു.
സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകാറുള്ള ഹരികൃഷ്ണന്‍സിന്റെ രണ്ടാം ഭാഗത്തെക്കുറിച്ചും അദ്ദേഹം സംസാരിക്കുന്നുണ്ട്. സമയമാകട്ടെ എന്നാണ് ഫാസില്‍ പറയുന്നത്. ഹരികൃഷ്ണന്‍സിന്റെ രണ്ടാം ഭാഗമൊന്നും ഇപ്പോള്‍ മനസിലില്ല. കുറേനാള്‍ കഴിഞ്ഞ്, മമ്മൂട്ടിയും മോഹന്‍ലാലും സമ്മതിച്ചാല്‍ ആലോചിക്കാമെന്നാണ് അദ്ദേഹം പറയുന്നത്. ”ഹരിക്കോ കൃഷ്ണനോ മീരയില്‍ പിറന്ന മകന്‍ ഈ രണ്ട് കഥാപാത്രങ്ങളുടെ വേരുകള്‍ തേടി വരുന്നതായൊക്കെ സങ്കല്‍പ്പിച്ച് ഒരു കഥയുണ്ടാക്കാം. ദുല്‍ഖറിനെയോ പ്രണവിനെയോ ആ നായകനായും കൊണ്ടുവരാം. സമയമാകട്ടെ”, ഫാസില്‍ പറയുന്നു.
മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും തുല്യ പ്രാധാന്യം നല്‍കുന്നതില്‍ വിജയിച്ചു എന്നതാണ് ഹരികൃഷ്ണന്‍സിനെ ഇത്ര ജനപ്രീയമാക്കുന്നത്. അത് ചിന്തിച്ചെടുത്ത തീരുമാനമായിരുന്നുവെന്നാണ് ഫാസില്‍ പറയുന്നത്. സിനിമ റിലീസ് ചെയ്തു കഴിഞ്ഞ് ഞാന്‍ മമ്മൂട്ടിയെ ഫേവര്‍ ചെയ്തു, മോഹന്‍ലാലിന് കൂടുതല്‍ പ്രാധാന്യം കൊടുത്തു എന്നൊന്നും ആരും പറയരുതെന്ന് നിര്‍ബന്ധമുണ്ടായിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്.
സീനുകളുടെ എണ്ണത്തില്‍ മാത്രമല്ല. ഡയലോഗില്‍ പോലും ഇതു ശ്രദ്ധിച്ചു. ഒരാള്‍ പറയേണ്ട ഡയലോഗ് രണ്ടായി മുറിച്ച് രണ്ടു പേര്‍ക്കായി കൊടുത്തു. മമ്മൂട്ടി പറയുന്നതിന്റെ തുടര്‍ച്ച മോഹന്‍ലാല്‍ പറഞ്ഞു. മോഹന്‍ലാല്‍ പറയുന്നതിന്റെ ബാക്കി മമ്മൂട്ടിയും. പറഞ്ഞു വരുമ്പോള്‍ എവിടെയും ശ്രുതി തെറ്റുന്നില്ല. താളം തെറ്റുന്നില്ല. അഭംഗിയാകുന്നില്ല. രണ്ടും കട്ടയ്ക്ക് കട്ടയ്ക്കാണ്. അവിടെയാണ് ഇവരുടെ അഭിനയ തുല്യതയെ നമ്മള്‍ വിലയിരുത്തേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.