കൊച്ചി: സ്വപ്ന സുരേഷിനെതിരായ കേസ് റദ്ദാക്കാന്‍ നാളെ ഹര്‍ജി നല്‍കുമെന്ന് അഭിഭാഷകന്‍ കൃഷ്ണരാജ്. സ്വപ്നയ്ക്ക് എതിരായ കേസ് നിലനില്‍ക്കില്ല. മുഖ്യമന്ത്രിയുടെ ദൂതനായാണ് ഷാജ് കിരണ്‍ സ്വപ്നയുടെ അടുത്തെത്തിയത്. ഷാജ് കിരണുമായുള്ള സംഭാഷണം നാളെ പുറത്തുവിടും. കെ പി യോഹന്നാന്‍റെ ജീവനക്കാരന്‍ എന്ന നിലയിലാണ് ഷാജ് കിരണിനെ പരിചയപ്പെടുന്നതെന്നും അഭിഭാഷകന്‍ വ്യക്തമാക്കി .
അതേസമയം സ്വപ്ന സുരേഷിന്‍റെ വെളിപ്പെടുത്തലിന് പിന്നിലെ ഗൂഡാലോചന ക്രൈം ബ്രാഞ്ച് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കും. ഒരു എസ് പിയും 10 ഡിവൈഎസ്‍പിമാരും അടങ്ങുന്ന വലിയ സംഘത്തിനാണ് ചുമതല. സ്വപ്നയും പി സി ജോർജ്ജും ചേർന്നുള്ള ഗൂഡാലോചനയാണ് വെളിപ്പെടുത്തലിന് പിന്നിലെന്ന കെ ടി ജലീലിന്‍റെ പരാതി അന്വേഷിക്കാനാണ് വൻ സംഘം.
കന്‍റോണ്‍മെന്‍റ് പൊലീസ് രജിസ്റ്റർ ചെയ്ത കേസാണ് അതിവേഗം പ്രത്യേക സംഘം ഏറ്റെടുത്തത്. ക്രൈംബ്രാഞ്ച് എഡിജിപി ഷെയ്ക്ക് ദർവേസ് സാഹിബിൻെറ നേതൃത്വത്തിലുള്ള സംഘത്തിലെ അന്വേഷണ ഉദ്യോഗസ്ഥൻ തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ്പി മധുസുധനനാണ്. പി സി ജോർജ്ജിനെയും സ്വപ്നയെയും സരിത എസ് നായരെയും സംഘം വൈകാതെ ചോദ്യം ചെയ്യും.
ഷാജ് കിരൺ അടുത്ത സുഹൃത്താണെന്ന് സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷ്. താൻ വിളിച്ചിട്ട് തന്നെയാണ് ഷാജ് കിരൺ പാലക്കാട് വന്നത്. തന്നെ മാനസികമായി തളർത്തി കേസ് ഒത്തുതീർപ്പാക്കാൻ ഷാജ് ശ്രമിച്ചതായി സ്വപ്ന ആരോപിച്ചു.
സരിത്തിനെ അടുത്തദിവസം പിടിച്ചുകൊണ്ടുപോകുമെന്നു തലേദിവസം തന്നെ ഷാജ് പറഞ്ഞു. പറഞ്ഞതു പോലെ തന്നെ സരിത്തിനെ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയി. വിജിലൻസാണ് സരിത്തിനെ കൊണ്ടുപോയതെന്ന് ആദ്യം അറിയിച്ചതും ഷാജാണ്. ശിവശങ്കർ ഐഎഎസാണ് ഷാജ് കിരണിനെ തനിക്ക് പരിചയപ്പെടുത്തിയതെന്നും സ്വപ്ന വെളിപ്പെടുത്തി.
മുഖ്യമന്ത്രിയുടെ ശബ്ദമായ നികേഷ് കുമാറിനോടു സംസാരിക്കണമെന്ന് ഷാജ് കിരൺ പറഞ്ഞു. കോടതിയിൽ നൽകിയ രഹസ്യമൊഴി പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു. സംസാരിച്ചതിന്റെ ശബ്ദരേഖയും മറ്റു തെളിവുകളും ഉടൻ പുറത്തുവിടുമെന്നും സ്വപ്ന സുരേഷ് പറഞ്ഞു.
രഹസ്യമൊഴിയിൽ പറഞ്ഞ കാര്യങ്ങളിൽനിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ ദൂതനായി ഷാജ് കിരണ്‍ എന്നയാൾ തന്നെ സമീപിച്ചതായി സ്വപ്ന സുരേഷ് ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ ആരോപിച്ചിരുന്നു. സ്വപ്നയുടെ പുതിയ വെളിപ്പെടുത്തലിനു പിന്നിലെ ഗൂഢാലോചന സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് മുൻമന്ത്രി കെ.ടി.ജലീൽ നൽകിയ പരാതിയിൽ കേസെടുത്തതിനെ തുടർന്നാണ് സ്വപ്ന ഹൈക്കോടതിയെ സമീപിച്ചത്. മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.