പാലക്കാട്: പാലക്കാട് കുന്നംകാട് സി പി എം പ്രവർത്തകനായിരുന്ന ഷാജഹാന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടു പ്രതികൾ പിടിയിലെന്ന് സൂചന. ഇവരെ പൊലീസ് ചോദ്യം ചെയ്യുകയാാണ്.
ഷാജഹാന് വധഭീഷണി ഉണ്ടായിരുന്നതായി കുടുംബം പറയുന്നു.ഒന്നാം പ്രതി ശബരീഷ്, രണ്ടാം പ്രതി അനീഷ്, മൂന്നാം പ്രതി നവീൻ എന്നിവർ വെട്ടുമെന്ന് ഭീഷണിപ്പെടുത്തി. രണ്ടു ദിവസം മുമ്പ് നവീൻ വെട്ടിക്കൊല്ലുമെന്ന് മുന്നറിയിപ്പ് നൽകി. കൊലപാതകം ആസൂത്രിതമാണ്. ഈ ആസൂത്രിതമായ കൊലയ്ക്ക് പിന്നിൽ ബി ജെ പി ആണെന്നും കുടുംബം ആരോപിക്കുന്നു. ബി ജെ പിയുടെ സഹായമില്ലാതെ കൊലപാതകം നടക്കില്ല. ഒരു വർഷമായി ഷാജഹാനും പ്രതികളും തമ്മിൽ പ്രശ്നമുണ്ടായിരുന്നു. ഷാജഹാൻ സി പി എം ബ്രാഞ്ച് സെക്രട്ടറിയായ ശേഷമാണ് തർക്കം തുടങ്ങിയത്. പ്രതികൾ ഒരു വർഷം മുമ്പ് വരെ സി പി എം പ്രവർത്തകർ ആയിരുന്നുവെന്നും കുടുംബം പറഞ്ഞു.
ഷാജഹാന്‍റെ കൊലപാതക കേസിൽ പ്രത്യേക അന്വേഷണ സംഘം ഇന്ന് പ്രവർത്തനം തുടങ്ങും. പാലക്കാട് ഡി വൈ എസ് പി വി കെ രാജുവിന്‍റെ നേതൃത്വത്തിൽ 19 അംഗങ്ങളാണ് സംഘത്തിലുള്ളത്. പ്രതികളുടെ രാഷ്ട്രീയ പശ്ചാത്തലം വ്യക്തമാകാൻ കൂടുതൽ പേരുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. ഞായറാഴ്ച രാത്രിയിലാണ് ഷാജഹാൻ വെട്ടേറ്റ് മരിക്കുന്നത്
സിപിഎം ബ്രാഞ്ച് സെക്രട്ടറി ഷാജഹാൻ കൊലപ്പെട്ടത് രാഷ്ട്രീയ വിരോധം മൂലമെന്ന് എഎഫ്ഐആർ. കൊലപാതകത്തിന് പിന്നിൽ ബിജെപി അനുഭാവികളെന്നും എഫ്ഐആറിലുണ്ട്. പൊലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആർ പ്രകാരം 8 പ്രതികളാണ് കേസിലുള്ളത്. ശബരീഷ്, അനീഷ്, നവീൻ, ശിവരാജൻ, സിദ്ധാർത്ഥൻ, സുജീഷ്, സജീഷ്, വിഷ്ണു എന്നിവരാണ് പ്രതികൾ. ഒന്നാം പ്രതിയും രണ്ടാം പ്രതിയും ചേർന്നാണ് ഷാജഹാനെ വെട്ടിയത്. മറ്റ് 6 പേർ കൊലയ്ക്ക് സഹായം ചെയ്തു കൊടുത്തുവെന്നും പൊലീസ് വ്യക്തമാക്കുന്നു. പാലക്കാട് കൊട്ടേക്കാട് സ്വദേശികളാണ് പ്രതികൾ എല്ലാവരും.
ഷാജഹാൻ കൊല്ലപ്പെട്ടത് കഴുത്തിലും കാലിനുമേറ്റ വെട്ടുകളെ തുടർന്നെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ശരീരത്തിലേറ്റ പത്ത് വെട്ടുകളിൽ 2 എണ്ണം ആഴത്തിലുള്ളതാണ്. കയ്യും കാലും അറ്റുതൂങ്ങിയ നിലയിലായിരുന്നുവെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഷാജഹാന്റെ ഇടതു കയ്യിലും ഇടതു കാലിലുമാണ് വെട്ടേറ്റത്. മുറിവുകളിൽ നിന്ന് അമിത രക്തസ്രാവം ഉണ്ടായി എന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്.
സിപിഎം ബ്രാഞ്ച് സെക്രട്ടറി ഷാജഹാൻ വധവുമായി ബന്ധപ്പെട്ട കൊലയാളികൾ ഇപ്പോൾ പാർട്ടി പ്രവർത്തകരല്ലെന്ന് വിശദീകരണവുമായി സിപിഎം ജില്ലാ നേതൃത്വം. കൊലയാളി സംഘാംഗങ്ങൾ നേരത്തെ പാർട്ടി വിട്ടവരാണ്. ഇവർ ആർഎസ്എസിന്റെ സജീവ പ്രവർത്തകരാണ്. എത്രയോ വർഷം മുൻപ് പാർട്ടി വിട്ടവരാണ്. ആർഎസ്എസാണ് ഇവർക്ക് സഹായം നൽകി വന്നത്. പാലക്കാട് ശ്രീനിവാസൻ കൊല്ലപ്പെട്ടപ്പോൾ വിലാപയാത്രയിൽ പങ്കെടുത്തവരാണ് ഇവർ. പിന്നെങ്ങിനെയാണ് ഇവർ സിപിഎം പ്രവർത്തകരെന്ന് പറയുക? ഷാജഹാനെ തന്നെ ലക്ഷ്യമിട്ടാണ് ഇവർ വന്നത്. അവിടെ മറ്റ് പാർട്ടി പ്രവർത്തകരുണ്ടായിട്ടും അവരെയൊന്നും ആക്രമിച്ചിരുന്നില്ലല്ലോയെന്നും പാർട്ടി പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ.സുരേഷ് ബാബു ചോദിച്ചു.