തിരുവനന്തപുരം ജില്ലയില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ നിലവിലുള്ള സാഹചര്യത്തില്‍ രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് 500 പേരെ പങ്കെടുപ്പിച്ച് നടത്തുന്നതിനെതിരെ വന്‍ വിമര്‍ശനമാണ് ഉയരുന്നത്. ഈ സാഹചര്യത്തില്‍ യുഡിഎഫ് എംഎല്‍മാര്‍ ചടങ്ങില്‍ പങ്കെടുക്കില്ല എന്ന നിലപാടിലാണ്. ഈ സാഹചര്യത്തില്‍ ആ 500ല്‍ ഞങ്ങളില്ല എന്ന നിലപാട് വ്യക്തമാക്കി പാലക്കാട് എംഎല്‍എയും യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനുമായ ഷാഫി പറമ്പില്‍ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചു.
ഷാഫിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന് താഴെ അനുകൂലിച്ച് നിരവധിപ്പേരാണ് പ്രതികരിക്കുന്നത്. നല്ല തീരുമാനമെന്നും, ഈ നാടിനോട് ചെയ്യുന്ന നല്ല കാര്യമാണെന്നും ട്രിപ്പിള്‍ ലോക്ഡൗണ്‍ ഉള്ള സ്ഥലത്ത് കൂടുന്നതിനോട് ഒട്ടും യോജിക്കാനാകില്ലെന്നുമാണ് പൊതുവേയുള്ള അഭിപ്രായങ്ങള്‍.
കൊവിഡ് വ്യാപനത്തിന്റെയും നിയന്ത്രണങ്ങളുടെയും പശ്ചാത്തലത്തില്‍ സത്യപ്രതിജ്ഞയില്‍ യുഡിഎഫ് നേരിട്ട് പങ്കെടുക്കില്ലെന്നും വെര്‍ച്വലായി പങ്കെടുക്കുമെന്നും കണ്‍വീനര്‍ എം.എം. ഹസ്സന്‍ വ്യക്തമാക്കിയിരുന്നു.
കേരളത്തില്‍ അഞ്ഞൂറു പേരെ പങ്കെടുപ്പിച്ചുള്ള മന്ത്രിസഭാ സത്യപ്രതിജ്ഞ പാടില്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ പറഞ്ഞു. കൊവിഡ് ബാധിച്ചു മരിച്ചവരുടെ പ്രിയപ്പെട്ടവരെ പരിഹസിക്കുന്നതാണ് സത്യപ്രതിജ്ഞാ മാമാങ്കമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ജനങ്ങള്‍ക്ക് മാതൃകയാകേണ്ട സര്‍ക്കാര്‍, തീരുമാനം പുനപരിശോധിക്കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.
ഭരണത്തുടര്‍ച്ച എന്തും ചെയ്യാന്‍ ജനം നല്‍കിയ ലൈസന്‍സ് അല്ല. കുടുംബാംഗങ്ങള്‍ക്കിടയില്‍പ്പോലും സാമൂഹ്യഅകലം പാലിക്കണമെന്ന് നിര്‍ദേശിച്ച മുഖ്യമന്ത്രി നേതാക്കളെ ചുറ്റും നിര്‍ത്തി കേക്കുമുറിച്ചതിലൂടെ എന്ത് സന്ദേശമാണ് നല്‍കിയതെന്ന് അദ്ദേഹം ചോദിച്ചു. ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിലവിലുള്ള നഗരത്തില്‍ ചട്ടലംഘനത്തിന് എല്‍ഡിഎഫ് നേതാക്കള്‍ക്കെതിരെ കേസെടുക്കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.