തിരുവനന്തപുരം: യൂണിവേഴ്‍സിറ്റി കോളേജിലെ വിദ്യാര്‍ത്ഥി അഖിലിനെ കുത്തിയ കേസിലെ പ്രതികളായ ശിവഞ്ജിത്ത്, നസീം, ആരോമൽ, ആദിൽ, അദ്വൈത് എന്നീ എസ്.എഫ്.ഐ നേതാക്കളെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പ്രതികൾക്ക് ജാമ്യം നൽകിയാൽ കോളേജിൽ വീണ്ടും കലാപമുണ്ടാകുമെന്ന് കോടതിയില്‍ പൊലീസ് വാദിച്ചു. അഖിലിന് കുത്തേറ്റ സംഘർഷത്തിനിടെ കൈക്ക് പരിക്കേറ്റതിനാല്‍ കിടത്തിച്ചികിത്സ വേണമെന്ന പ്രധാന പ്രതി ശിവരഞ്ജത്തിന്‍റെ ആവശ്യം കോടതി തള്ളി. അഭിഭാഷകരുമായി സംസാരിക്കാൻ അനുവദിക്കണമെന്ന പ്രതികളുടെ ആവശ്യവും കോടതി അംഗീകരിച്ചില്ല. മജിസ്ട്രേറ്റിന്റെ സാന്നിദ്ധ്യത്തിൽ സംസാരിയ്ക്കാമെന്ന് അറിയിച്ചു.
പിടിയിലായ മുഖ്യപ്രതി ശിവരഞ്ജിത്തും നസീമും പൊലീസിന്‍റെ ചോദ്യം ചെയ്യലിൽ ആദ്യം കുറ്റം സമ്മതിച്ചുവെങ്കിലും പിന്നീട് മലക്കം മറിഞ്ഞു. അഖിലിനെ കുത്തിയത് താനാണെന്ന് ശിവരഞ്ജിത്ത് സമ്മതിച്ചതായി പൊലീസ് പറഞ്ഞിരുന്നു. എന്നാൽ സംഘർഷം ഉണ്ടായെങ്കിലും കുത്തിയതാരെന്ന് അറിയില്ലെന്ന് പിന്നീട് പറഞ്ഞു. ആയുധം എവിടെ ഒളിപ്പിച്ചുവെന്ന ഒരു സൂചനയും മുഖ്യപ്രതികള്‍ പൊലീസിന് ൽകിയില്ല. എസ്എഫ്ഐ നേതാക്കളുടെ ധാർഷ്ട്യം ചോദ്യം ചെയ്തതിലുളള വൈരാഗ്യമാണ് അഖിലിനെ ആക്രമിക്കാൻ കാരണമെന്നാണ് റിമാൻഡ് റിപ്പോർട്ടിലുള്ളത്.
ഒന്നു മുതൽ അഞ്ചുവരയെുള്ള പ്രതികള്‍ അഖിലിനെ തടഞ്ഞു നിർത്തുകയും ഒന്നാം പ്രതിയായ ശിവരഞ്ജിത്ത് കത്തിയെടുത്ത് നെഞ്ചിൽ കുത്തുകയും ചെയ്തുവെന്നാണ് പൊലീസ് പറയുന്നത്. ആക്രമണത്തിന്‍റെ മൂന്നാം ദിവസമാണ് മുഖ്യപ്രതികളായ ശിവരഞ്ജിത്തും നസീമും അറസ്റ്റിലാകുന്നത്. പുലർച്ചെ മൂന്നിന് കല്ലറയിലെ സുഹൃത്തിന്‍റെ വീട്ടിലേക്ക് പോകാനൊരുങ്ങുമ്പോഴാണ് കേശവദാസപുരത്ത് നിന്ന് ഇവരെ പിടികൂടിയതെന്ന് പൊലീസ് പറയുന്നു. പ്രതികളായ ആറ് പേരെയും യൂണിവേഴ്‍സിറ്റി കോളേജിൽ നിന്നും സസ്പെൻഡ് ചെയ്തു.
കോളേജിലുണ്ടായ അക്രമസംഭങ്ങളിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കെ.എസ്.യു അനിശ്ചിതകാല നിരാഹാര സത്യഗ്രഹവുമാരംഭിച്ചു.