കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല വിദ്യാര്‍ഥി യൂണിയന്‍ തിരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐക്ക് വിജയം. മുഴുവന്‍ സീറ്റുകളിലും എസ്.എഫ്.ഐ. സ്ഥാനാര്‍ഥികളാണ് വിജയിച്ചത്. തുടര്‍ച്ചയായ 25-ാം തവണയാണ് എസ്.എഫ്.ഐ. കണ്ണൂര്‍ സര്‍വകലാശാല യൂണിയന്‍ നേടുന്നത്.
നേരത്തെ, കള്ളവോട്ടിനെച്ചൊല്ലി എസ്.എഫ്.ഐ- കെ.എസ്.യു. പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയിരുന്നു. കാസര്‍കോട്ടുനിന്നുള്ള വോട്ടറുടെ തിരിച്ചറിയല്‍ കാര്‍ഡ് എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ തട്ടിപ്പറിച്ച് ഓടി എന്ന് കെ.എസ്.യു- എം.എസ്.എഫ്. സഖ്യം ആരോപിച്ചു. എന്നാല്‍, കള്ളവോട്ടിനുള്ള ശ്രമം പ്രതിരോധിക്കുകയായിരുന്നുവെന്നാണ് എസ്.എഫ്.ഐ. വിശദീകരിച്ചത്. സംഘര്‍ഷമുണ്ടായതിനെത്തുടര്‍ന്ന് പോലീസ് ലാത്തി വീശി.
എം.എസ്.എഫ്. പാനലില്‍ വിജയിച്ച യു.യു.സിയുടെ തിരിച്ചറിയല്‍ രേഖ വ്യജമല്ലെന്ന് പിന്നീട് തെളിഞ്ഞു. വിദ്യാര്‍ഥിനിയുടെ വീട്ടിലേക്ക് ഫോണ്‍ചെയ്തും വീഡിയോ കോള്‍ചെയ്തുമാണ് ഇക്കാര്യം തെളിയിച്ചത്. വിദ്യാര്‍ഥി പഠിക്കുന്ന കോളേജിലെ അധ്യാപകരെ വീഡിയോ കോളില്‍ ബന്ധപ്പെട്ടും ഇക്കാര്യം ഉറപ്പിച്ചു. വന്‍ പോലീസ് സുരക്ഷയിലായിരുന്നു തിരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കിയത്.