കോട്ടയം: ബാല്യകാലത്ത് ആർഎസ്എസ് ക്യാമ്പിൽ ലൈംഗികാതിക്രമത്തിനിരയായെന്നും, അന്നത്തെ മാനസികാഘാതത്തിൽനിന്ന് മോചിതനാകാത്തതിനാൽ ജീവൻ വെടിയുന്നുവെന്നും ആരോപിച്ച് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധം ശക്തമാക്കി യൂത്ത് കോൺഗ്രസും ഡിവൈഎഫ്ഐയും. ആരോപണവിധേയന്റെ സ്ഥാപനം ഡിവൈഎഫ്ഐ പ്രവർത്തകർ അടിച്ചു തകർത്തു.
കോട്ടയം സ്വദേശിയായ അനന്തു അജി എന്ന യുവാവാണ് ആർഎസ്എസ് നേതാവിനെതിരെ ഗുരുതര ആരോപണമുന്നയിച്ച് ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കുവെച്ച് ആത്മഹത്യ ചെയ്തത്. ആർഎസ്എസ് ക്യാമ്പിൽ തുടർച്ചയായി ലൈംഗികാതിക്രമത്തിന് ഇരയായെന്നും അതുകാരണമാണ് തനിക്ക് മാനസികപ്രയാസമുണ്ടായതെന്നുമാണ് അനന്തു വീഡിയോയിൽ പറയുന്നത്. നേരത്തേ പുറത്തുവിട്ട ആത്മഹത്യാക്കുറിപ്പിൽ ‘എൻഎം’ എന്ന പേരിൽ തന്നെ ഉപദ്രവിച്ചയാളെക്കുറിച്ച് അനന്തു സൂചിപ്പിച്ചിരുന്നു.
ബുധനാഴ്ച പുറത്തുവിട്ട വീഡിയോയിൽ ‘നിതീഷ് മുരളി’ എന്ന കണ്ണൻ ചേട്ടനാണ് തന്നെ നിരന്തരം ഉപദ്രവിച്ചിരുന്നതെന്നും അനന്തു അജി വ്യക്തമാക്കുന്നു. സെപ്റ്റംബർ 14-നാണ് ഈ വീഡിയോ ചിത്രീകരിക്കുന്നതെന്നും അനന്തു പറയുന്നുണ്ട്. ഇതിനെ തുടർന്നാണ് കപ്പാടുള്ള നിതീഷിന്റെ വ്യാപാര സ്ഥാപനം അടിച്ചു തകർത്തത്. സർജിക്കൽ ഉപകരണങ്ങൾ വിതരണം ചെയ്യുന്ന സ്ഥാപനമാണ് അടിച്ചുതകർത്തത്.
ഡിവൈഎസ്പി ഓഫിസിലേക്ക് മാർച്ച് നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് തടഞ്ഞു. കെകെ റോഡ് ഉപരോധിക്കാൻ ശ്രമിച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തുനീക്കി. ആത്മഹത്യയുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ ആളെ അറസ്റ്റ് ചെയ്തിട്ടില്ല എന്ന് ആരോപിച്ചുകൊണ്ടാണ് ഡിവൈഎഫ്ഐയും യൂത്ത് കോൺഗ്രസും പ്രതിഷേധം സംഘടിപ്പിച്ചത്.


