അഹമ്മദാബാദ്: മന്ത്രിസഭാ പുനഃസംഘടനയ്ക്ക് മുന്നോടിയായി ഗുജാറാത്ത് സർക്കാരിലെ മുഖ്യമന്ത്രി ഒഴികെയുള്ള മന്ത്രിമാരെല്ലാം രാജിവെച്ചു. എല്ലാ മന്ത്രിമാരുടേയും രാജി മുഖ്യമന്ത്രി ഭുപേന്ദ്ര പട്ടേൽ സ്വീകരിച്ചതായാണ് വിവരം. ഉടൻതന്നെ പുതിയ മന്ത്രിസഭ രൂപീകരിക്കുമെന്നും ഇതിന് മുന്നോടിയായി ഗവർണർ ആചാര്യ ദേവവ്രതിനെ മുഖ്യമന്ത്രി കാണുമെന്നുമാണ് റിപ്പോർട്ട്.
മന്ത്രിസഭയിലെ പല അംഗങ്ങളെക്കുറിച്ചും അതൃപ്തിപരമായ വിവരങ്ങൾ കേന്ദ്ര നേതൃത്വത്തിന് ലഭിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിസഭാ പുനഃസംഘടന എന്നാണ് സൂചന. ഗുജറാത്ത് ബിജെപി അധ്യക്ഷനും മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലടക്കമുള്ളവർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ആഭ്യന്തര മന്ത്രി അമിത് ഷായുമായും ഡൽഹിയിൽ വെച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിമാരുടെ രാജി.
വെള്ളിയാഴ്ച രാവിലെ 11.30-ഓടെ പുതിയമന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമെന്നാണ് വിവരം. ആഭ്യന്തരമന്ത്രി അമിത് ഷായും ബിജെപി ദേശീയാധ്യക്ഷൻ ജെ.പി. നഡ്ഡയും ചടങ്ങിൽ പങ്കെടുക്കും. സ്ത്രീകൾക്ക് കൂടുതൽ പരിഗണന ലഭിക്കുന്ന തരത്തിലായിരിക്കും മന്ത്രിസഭാ പുനഃസംഘടനയെന്നാണ് റിപ്പോർട്ട്.
പത്ത് പുതിയ മന്ത്രിമാരെ ഉൾപ്പെടുത്തിക്കൊണ്ട് ഗുജറാത്തിൽ മന്ത്രിസഭ പുനഃസംഘടിപ്പിക്കുമെന്നാണ് ബിജെപി വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പുനഃസംഘടനയുടെ ഭാഗമായി നിലവിലുള്ളവരിൽ പകുതിയിലേറെപ്പേരേയും മാറ്റി നിയമിച്ചേക്കുമെന്നും വിവരങ്ങളുണ്ട്.
നിലവിൽ മുഖ്യമന്ത്രി അടക്കം 17 മന്ത്രിമാരാണ് മന്ത്രിസഭയിൽ ഉള്ളത്. എട്ടുപേർ ക്യാബിനറ്റ് പദവിയുള്ളവരും എട്ടുപേർ സഹമന്ത്രിമാരുമായിരുന്നു. 182 അംഗങ്ങളാണ് ഗുജറാത്ത് നിയമസഭയിൽ ഉള്ളത്. വ്യവസ്ഥകൾ പ്രകാരം 27 മന്ത്രിമാർവരെ ആകാം.


