നായികാവേഷം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു; സംവിധായകന്‍ കമലിനെതിരെ ലൈംഗികാരോപണവുമായി യുവനടി
കൊച്ചി: ചലച്ചിത്ര അക്കാദമി ചെയര്‍മാനും പ്രശസ്ത സംവിധായകനുമായ കമലിനെതിരെ ലൈംഗികാരോപണവുമായി യുവ നടി രംഗത്ത്. സിനിമയില്‍ നായികാവേഷം വാഗ്ദാനം ചെയ്ത് തന്നെ ലൈംഗികമായി പീഡിപ്പിച്ചവെന്ന് ആരോപിച്ചാണ് യുവനടി പരാതി നല്‍കിയിരിക്കുന്നത്. ഇക്കാര്യങ്ങള്‍ ആരോപിച്ചുകൊണ്ട് കമലിന് എതിരെ യുവനടി നല്‍കിയ വക്കീല്‍ നോട്ടീസ് പ്രമുഖ ചാനലായ ജനം ടിവി ആണ് പുറത്തുവിട്ടത്.
ഗൗരവകരമായ ഈ വിഷയം പോലീസിനു മുമ്പില്‍ എത്തിയിട്ടില്ലെന്നും നഷ്ടപരിഹാരത്തുക നല്‍കി കേസ് ഒതുക്കി തീര്‍ത്തുവെന്നും ജനം ടിവി ആരോപിക്കുന്നു. ഒരു വര്‍ഷം മുമ്പ് നടി നല്‍കിയ വക്കീല്‍ നോട്ടീസ് ആണ് ഇപ്പോള്‍ വലിയ വിവാദങ്ങളിലേക്ക് വഴി വെച്ചിരിക്കുന്നത്.
അടുത്തിടെ കമലിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു ‘പ്രണയ മീനുകളുടെ കടല്‍’. ഈ ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം നല്‍കിക്കൊണ്ട് കമല്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് യുവനടിയുടെ പരാതിയില്‍ ഉന്നയിക്കുന്ന ആരോപണം.
2019 ഏപ്രില്‍ 29നാണ് കൊച്ചിയിലെ പ്രമുഖ അഭിഭാഷകന്‍ മുഖേന കമലിന് എതിരെ ലൈംഗിക ആരോപണം ഉന്നയിച്ചു കൊണ്ട് നടി വക്കീല്‍ നോട്ടീസ് അയച്ചത്. കമല്‍ ഔദ്യോഗിക വസതിയില്‍ വെച്ചാണ് തന്നെ പീഡിപ്പിച്ചതെന്നും അതുകൊണ്ടുതന്നെ കമല്‍ നഷ്ടപരിഹാരം നല്‍കുകയും മാപ്പുപറയണമെന്നും വക്കീല്‍ നോട്ടീസില്‍ വ്യക്തമാക്കുന്നുണ്ട്.