വാടകയ്ക്ക് വീടെടുത്ത് പെണ്‍വാണിഭം; കോഴിക്കോട് അഞ്ച് പേര്‍ അറസ്റ്റില്‍, സ്ത്രീകളെ ഷോട്ട് സ്റ്റേ ഹോമിലേക്ക് മാറ്റി

കോഴിക്കോട്: വീട് വാടകയ്ക്കെടുത്ത് പെണ്‍വാണിഭം നടത്തിവന്നിരുന്ന സംഘം അറസ്റ്റില്‍. കോഴിക്കോട് കോട്ടൂളി റോഡില്‍ വാടക വീട് കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തിവന്നിരുന്ന അഞ്ചംഗ സംഘമാണ് അറസ്റ്റിലായത്. നടത്തിപ്പുകാരനായ തലക്കുളത്തൂര്‍ സ്വദേശി കെ നസീര്‍ (46), സഹായി കൊല്ലം പുനലൂര്‍ സ്വദേശി വിനോദ്രാജ് (42),ഏജന്റ് മഞ്ചേരി സ്വദേശി സീനത്ത് (51) , രാമനാട്ടുകര സ്വദേശി അന്‍വര്‍ (26) , താമരശേരി തച്ചംപൊയില്‍ സ്വദേശി സിറാജുദ്ദീന്‍ (36) എന്നിവരാണ് പിടിയിലായത്.

നസീറിന്റെ നേതൃത്വത്തിലായിരുന്നു സംഘം പെണ്‍വാണിഭം നടത്തി വന്നിരുന്നത്. വീട് വാടകയ്ക്ക് എടുത്തതും നസീര്‍ തന്നെയായിരുന്നു. മെഡിക്കല്‍ കോളേജ് പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. റെയ്ഡ് നടത്തിയ സമയത്ത് കേന്ദ്രത്തിലുണ്ടായിരുന്നത് കൊല്‍ക്കത്ത, കോഴിക്കോട് സ്വദേശികളായ യുവതികളായിരുന്നു.

ഇവരെ ഷോട്ട് സ്റ്റേ ഹോമിലേക്ക് മാറ്റിയതായി പോലീസ് വ്യക്തമാക്കി. മെഡിക്കല്‍ കോളേജ് ഇന്‍സ്പെക്ടര്‍ എം.എല്‍. ബെന്നിലാലു, എസ്.ഐ ജോബി എന്നിവരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്. കോഴിക്കോട് കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തിവന്നിരുന്ന മൂന്നാമത്തെ സംഘമാണ് ഇപ്പോള്‍ അറസ്റ്റിലായത്.

സമാനമായ രീതിയില്‍ വാടകയ്ക്ക് വീട് എടുത്തായിരുന്നു ഇതിന് മുന്‍പ് അറസ്റ്റിലായ സംഘങ്ങളുടേയും പ്രവര്‍ത്തനം. ഇത്തരം സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പക അക്രമത്തിലേക്ക് നയിക്കുന്ന സംഭവവും അടുത്തിടെ കോട്ടയത്ത് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News