തിരുവനന്തപുരം: കേരളം കടന്നുപോകുന്നത് അതീവ ഗുരുതരാവസ്ഥയിലൂടെ. സംസ്ഥാനത്ത് പത്തനംതിട്ട ഒഴികെയുള്ള എല്ലാ ജില്ലകളിലും ജനിതകമാറ്റം വന്ന അതിതീവ്ര വൈറസ് കണ്ടെത്തി. മാര്‍ച്ച് മാസത്തില്‍ സംസ്ഥാനത്തെ കൊവിഡ് രോഗികളില്‍ 40 ശതമാനത്തിലും അതിതീവ്ര വൈറസ് കണ്ടെത്തി.
ദക്ഷിണാഫ്രിക്ക, യുകെ, ഇന്ത്യന്‍ വകഭേദങ്ങളെല്ലാം കേരളത്തില്‍ ആഞ്ഞടിച്ചു. ഫെബ്രുവരിയില്‍ കേവലം 3.8 ശതമാനം രോഗികളില്‍ മാത്രമാണ് വകഭേദം വന്ന വൈറസ് കണ്ടെത്തിയിരുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മാസമായ മാര്‍ച്ചില്‍ പിടിവിട്ട അതിവേഗ വ്യാപനമാണ് നടന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
ഫെബ്രുവരിയില്‍ കേരളത്തില്‍ ഉണ്ടായിരുന്നത് ലണ്ടന്‍ വകഭേദം മാത്രമായിരുന്നെങ്കില്‍ മാര്‍ച്ചില്‍ ഇന്ത്യന്‍, ആഫ്രിക്കന്‍ വകഭേദങ്ങള്‍ കൂടി കണ്ടെത്തി. ഏപ്രില്‍ മാസത്തെ പഠന റിപ്പോര്‍ട്ടുകള്‍ കൂടി പുറത്തുവരുന്നതോടെ വ്യാപനത്തിന്റെ തീവ്രത വ്യക്തമാകും. വകഭേദം വന്ന വൈറസുകളില്‍ വ്യാപനശേഷിയും പ്രഹരശേഷിയും കൂടിയ ഇരട്ട ജനിതമാറ്റം സംഭവിച്ച ഇന്ത്യന്‍ വകഭേദ വൈറസ് മധ്യകേരളത്തിലാണ് ആഞ്ഞടിച്ചത്.
ഇതില്‍ കോട്ടയം ജില്ലയിലാണ് ഇന്ത്യന്‍ വകഭേദ വൈറസ് സാന്നിധ്യം കൂടുതലായി കണ്ടെത്തിയത്. കോട്ടയത്ത് 19.05 ശതമാനം രോഗികളിലാണ് ഇന്ത്യന്‍ വകഭേദ വൈറസിന്റെ സാന്നിധ്യം. ഇന്ത്യന്‍ വകഭേദ വൈറസാണ് ഡല്‍ഹിയിലും മഹാരാഷ്ട്രയിലും സ്ഥിതി സങ്കീര്‍ണമാക്കിയത്.
ബ്രിട്ടീഷ് വൈറസ് വകഭേദം കൂടുതല്‍ കണ്ടെത്തിയത് കണ്ണൂര്‍ (75 ശതമാനം) ജില്ലയിലാണ്. ദക്ഷിണാഫ്രിക്കന്‍ വൈറസ് വകഭേദം കൂടുതല്‍ പാലക്കാട് ജില്ലയിലും. ഇവിടെ 21.3 ശതമാനം കോവിഡ് രോഗികളില്‍ വകഭേദംവന്ന വൈറസ് കണ്ടെത്തി.